Thursday, August 17, 2017

ചിങ്ങം 1 - ബലരാമ ജയന്തി

🙏 ചിങ്ങം 1 - ബലരാമ ജയന്തി🙏

ഹരി ഓം.

ചിങ്ങം 1. ഇന്നത്തെ ദിവസം നമ്മളെ സംബന്ധിച്ചിടത്തോളം "കർഷകദിനം" ആണു.  അങ്ങിനെയാണു നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്‌.

ഇന്ന് അതായത്‌ ചിങ്ങം 1 വാസ്തവത്തിൽ കർഷകദിനമല്ല. ബലരാമ ജയന്തിയാണു.

ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ്‌ ബലരാമൻ.

 ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.

അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോ ടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദിക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു.

മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു.

ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്. 

മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത് എന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടെങ്കിലും വാസ്തവത്തിൽ ചിങ്ങം 1 നാണു ബലരാമന്റെ ജനനം.  അതായത്‌ ശ്രീകൃഷ്ണന്റെ ജനനത്തിനു തൊട്ടുമുമ്പ്‌. കലപ്പയേന്തി നിൽക്കുന്ന ബലരാമൻ കൃഷിക്കാരനാണു.

ബലരാമജയന്തിയാണു വാസ്തവത്തിൽ കർഷകദിനമായി ആചരിക്കുന്നത്‌.

🙏

തീറ്റ പ്രിയനായ കൃഷ്ണൻ എവിടെയാണെന്നറിയുമോ ?

തീറ്റ പ്രിയനായ കൃഷ്ണൻ
എവിടെയാണെന്നറിയുമോ ?

തിരുവാർപ്പിൽ ഉഷ  എന്താണെന്നറിയുമോ?

ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ?

കോട്ടയം നഗരത്തിൽ  നിന്നും  8 - കിലോമീറ്റർ  അകലെ തിരുവാർപ്പിൽ  മീനച്ചിലാറിൻറെ  തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയിൽ  ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500 - വർഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ  വാണരുളുന്ന ചതുർഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയിൽ  (വാർപ്പിൽ ) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും, അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനും തിരുവാർപ്പ്  എന്ന പേര് വീണത്.

പാണ്ഡവർക്ക്  വനവാസകാലത്ത് ആരാധിക്കുന്നതിനായി ഭഗവാൻ  ശ്രീകൃഷ്ണൻ  തന്നെ സമ്മാനിച്ചതാണ് ഈ വിഗ്രഹം എന്നാണ് വിശ്വാസം. വനവാസത്തിനൊടുവിൽ  അജ്ഞാതവാസത്തിനായി തിരിക്കുന്നതിനു മുമ്പ് ഇന്നത്തെ ചേർത്തല പ്രദേശത്ത് അധിവസിച്ചിരുന്ന ആളുകൾ  ഈ വിഗ്രഹം പാണ്ഡവരോട് ആവശ്യപ്പെടുകയും, വിഗ്രഹം ലഭിക്കുകയും ചെയ്തു. പക്ഷേ, കുറച്ചുകാലത്തിനു ശേഷം പട്ടിണിയും പരിവട്ടവും മൂലം വിഗ്രഹത്തെ യഥാവിധി ആരാധിക്കാൻ  സാധിക്കാതെ വന്ന ജനങ്ങൾ  അത് സമുദ്രത്തിൽ ഉപേക്ഷിച്ചു.

തുടർന്ന്  കാലങ്ങൾക്കു  ശേഷം ഒരു വള്ളത്തിൽ സമുദ്രയാത്ര ചെയ്യുകയായിരുന്ന വില്വമംഗലത്ത് സ്വാമിയാർക്ക്  (പദ്മപാദ ആചാര്യർ  ആണെന്നും പറയപ്പെടുന്നു) ഈ വിഗ്രഹം ലഭിക്കുകയും അദ്ദേഹം വിഗ്രഹവുമായി ഇന്നത്തെ തിരുവാർപ്പ്  പ്രദേശത്ത് എത്തുകയും ചെയ്തു. ഭയങ്കരമായ കാറ്റും കോളും കാരണം തൻറെ  തുടർന്നുള്ള   യാത്ര സാധിക്കാതെ വന്ന സ്വാമിയാർ  വിഗ്രഹം അവിടെക്കണ്ട ഒരു ഉരുളിക്കുള്ളിൽ സൂക്ഷിക്കുകയും ഒരുവിധത്തിൽ യാത്ര തുടരുകയും ചെയ്തു. പിന്നീട് തിരികെവന്ന് ഉരുളിയിൽ വച്ചിരുന്ന വിഗ്രഹം വീണ്ടെടുക്കാൻ  ശ്രമിച്ചപ്പോൾ  അത് ഉരുളിയിൽ ഉറച്ചുപോയതായാണ് സ്വാമിയാർ  കണ്ടത്. കുന്നൻ കാരി മേനോൻ  എന്നൊരാളുടെ ഭൂമിയും ഉരുളിയും ആയിരുന്നു അത്. വിവരമറിഞ്ഞ മേനോൻ  തൻറെ  സ്ഥലവും ഉരുളിയും അമ്പല നിർമ്മാണത്തിനായി വിട്ടുനൾകുകയും മടപ്പറമ്പ് സ്വാമിയാർ  എന്ന ഋഷിവര്യൻറെ  സഹായത്തോടെ അമ്പലം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.
എല്ലാ ദിവസവും രാവിലെ  2 - മണിക്ക് തിരുവാർപ്പിൽ  നടതുറക്കും. 3-മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിൻറെ  നിവേദ്യവും ഭഗവാന് സമർപ്പിക്കും. തിരുവാർപ്പിൽ  വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാൻ  കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തേ നട തുറക്കുന്നത്.

ഇത്രയേറെ കൃത്യനിഷ്ഠ  പുലർത്തേണ്ട ആചാരങ്ങളുള്ള മറ്റൊരു ക്ഷേത്രം ഉണ്ടോ എന്ന് സംശയിച്ചു പോകും ..!  ഒട്ടേറെ പ്രത്യേകതകൾ  ഇവിടുത്തെ ആചാര പദ്ധതികൾക്കുണ്ട് .!  വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം .!  പണ്ട് ഇവിടുത്തെ പൂജാരിയെ ,സ്ഥാനം ഏല്പ്പിക്കുമ്പോൾ  കയ്യിൽ  ശ്രീകോവിലിൻറെ  താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ ..! ഇനി അബദ്ധവശാൽ  താക്കോൽ  കൊണ്ട് നടതുറക്കാന് കഴിയാതെ വന്നാൽ  വാതിൽ  വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത് ..!!  അത്രയ്ക്കും സമയം കൃത്യമാകണം ..! നട തുറന്നാൽ  ആദ്യം അഭിഷേകം നടത്തി ഉടൻ  നിവേദ്യം നടത്തുകയും വേണം ..!

തിരുവാർപ്പിൽ ഉഷ

തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആദ്യം നടത്തുന്ന നിവേദ്യം അമ്പലപ്പുഴ പാല്പ്പായസം പോലെ പ്രസിദ്ധമാണ് ..! ഉഷപ്പായാസം എന്ന് പറയുമെങ്കിലും "തിരുവാർപ്പിൽ  ഉഷ " എന്ന അപര നാമമാണ് ഏറെ പ്രസിദ്ധം ..! അഞ്ചുനാഴിഅരി ,അമ്പതുപലം ശർക്കര ,അഞ്ചുതുടം നെയ്യ് ,അഞ്ചു കദളിപ്പഴം ,അഞ്ചു നാളികേരം ,എന്നിവ ചേർത്താണ് ഉഷപ്പായസം ഉണ്ടാക്കുന്നത് ..!! ഒരു മാസം വരെ ഈ പായസം കേടു കൂടാതെ ഇരിക്കുമത്രേ..!! അഭിഷേകം കഴിഞ്ഞാൽ  വിഗ്രഹത്തിൻറെ  മുടി മാത്രം തോർത്തിയാൽ  ഉടൻ  ഈ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ ..! അല്ലങ്കിൽ  വിശപ്പുമൂലം ഭഗവാൻറെ  കിങ്ങിണി ഊരിപ്പോകും എന്ന് കരുതുന്നു ..!! ഒരു ദിവസം ഏഴുനേരം നിവേദ്യം ഇവിടെയുണ്ട് ..!! കൂടാതെ ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രം തിരുവാർപ്പാണ്..! പിന്നെയുമുണ്ട് പറയാൻ  അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെ ..!! ഇവിടുത്തെ കൃഷ്ണന് രാവിലെ ഉഷപ്പായാസം കഴിച്ച ശേഷം ..അവിടെനിന്നും ഉച്ചക്ക്  മുങ്ങും ....അമ്പലപ്പുഴക്ക്  ....!! അവിടെ പാല്പ്പായസം വിളമ്പുന്ന സമയം അത് കഴിച്ചു മടങ്ങും ..!! വൈകിട്ട് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിൽ  പോയി അത്താഴവും കഴിക്കും ..!! കൂടാതെ അടയും , അവിൽ  നനച്ചതും , ഉണ്ണിയപ്പവും .. എന്ന് വേണ്ട  ...എൻറെ  ദൈവമേ ഇങ്ങനെ ഒരു തീറ്റപ്രിയൻ.

ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ...

ക്ഷേത്ര വാദ്യങ്ങൾ

നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ വിസ്തരിച്ചു തന്നെ പൂജാദി കർമ്മങ്ങളും മറ്റും നടക്കുന്നു, മിക്കവാറും ക്ഷേത്രങ്ങളിൽ അതിനോടൊപ്പം തന്നെ ക്ഷേത്രവാദ്യങ്ങൾ പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ടാകും , അവ എന്തൊക്കെയാണ് എന്തിനാണ് എന്ന് നോക്കാവുന്നതാണ്.
സാധാരണയായി ക്ഷേത്രത്തിൽ പ്രയോഗിക്കുന്ന വാദ്യങ്ങൾ ശംഖ് ഇടയ്ക്ക തിമില ചെണ്ട മദ്ദളം ഇലത്താളം കൊമ്പ് ചേങ്കില മരപ്പാണി എന്നിവയാണ് ഇവയിൽ തന്നെ ദേവ വാദ്യങ്ങളും അസുരവാദ്യങ്ങളും ഉണ്ട്, ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു, ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു (വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ആസുരം വാദ്യം എന്നിങ്ങനെ തിരിച്ചിരിക്കുന്നത്)  ഇടയ്ക്ക ശംഖ് തിമില മദ്ദളം വീക്കൻചെണ്ട(ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം  ദേവവാദ്യങ്ങൾ ആണ് , ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്തിൽ ചെണ്ടയാണ്‌ അസുരവാദ്യം
ക്ഷേതത്തിനകത്തു ഏറ്റവും അധികം ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ശംഖ് ഇടയ്ക്ക എന്നിവയാകും, ഇവയുടെ പ്രാധാന്യം നോക്കാം

ശംഖ്

ഭഗവാനെ പുലർച്ചെ പള്ളിയുണർത്തുന്നത് മുതൽ രാത്രി നട അടയ്ക്കുന്നത് വരെ ശംഖ് ഉപയോഗിക്കുന്നു
ശംഖിനു ഓംകാര നാദമാണ് മംഗളധ്വനിയാണ് ഭഗവാന്റെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി ശംഖ് മുഴക്കുന്നു, പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, കലശാഭിഷേകങ്ങൾ, ഓരോ പൂജകളുടെയുംനിവേദ്യം കൊണ്ടുവരുമ്പോൾ, സന്ധ്യ വേലയ്ക്കു(ദീപാരാധന) അത്താഴപൂജ നിവേദ്യസമയം ,തൃപ്പുക(രാത്രി ഭഗവാന്റെ നട അടയ്ക്കുന്ന സമയം) എന്നീ നേരങ്ങളിൽ ശംഖ് നാദം വേണം എന്ന് നിർബന്ധമാണ്

പള്ളിയുണർത്തൽ -9

അഭിഷേകം - 3

നിവേദ്യം -3

ദീപാരാധന - 9

തൃപ്പുക - 3

എന്നീ എണ്ണങ്ങൾ ആണ് ശംഖിൽ മുഴക്കേണ്ടത്

ക്ഷേത്രപ്രവൃത്തിയുടെ ബന്ധപ്പെട്ടവർ ശംഖ്ന്റെ നാദം കേട്ട് ക്ഷേത്രത്തിനകത്തു എന്ത് നടക്കുന്നു എന്ന് മനസ്സിലാക്കാം

ഇടയ്ക്ക

സംഗീതാത്മകമായ ഉപകരണം ആണ് ഇടയ്ക്ക, ക്ഷേത്രത്തിലെ നട അടച്ചുള്ള പൂജകൾക്കും ദീപാരാധനയ്ക്കും ഇടയ്ക്ക ഉപയോഗിക്കുന്നു, ഇടയ്ക്കയിൽ കൊട്ടി താളം പിടിച്ചാണ് സോപാനസംഗീതം ആലപിക്കുക, ഇടയ്ക്കയിൽ പ്രത്യകം വായ്ത്താരികൾ നിശ്ചയിച്ചിട്ടുണ്ട്, ഓരോ പൂജയ്ക്കും ഇന്ന വായ്ത്താരി(ഇടയ്ക്കാകൂറ്) വേണം എന്ന് നിർബന്ധമുണ്ട് പ്രദോഷപൂജ ഉൾപ്പടെ..

തിമില & വീക്കൻ ചെണ്ട

തിമില ക്ഷേത്രത്തിനകത്തു ശ്രീഭൂതബലിക്കും വിശേഷാൽ പഞ്ചവാദ്യങ്ങൾക്കും ഉപയോഗിക്കുന്നു, ശ്രീഭൂതബലിക്കു കൊട്ടുവാനുള്ള എണ്ണം വായ്ത്താരി എന്നിവ താളമാക്കി വച്ചിരിക്കുന്നത് തിമിലയിലും വീക്കൻ ചെണ്ടയിലും ആണ് , ശ്രീഭൂതബലിക്കു തന്ത്രി തൂവുന്നത് അനുസരിച്ചാണ് കൊട്ടുന്ന എണ്ണവും,

ചേങ്കില

ചേങ്കില സോപാന സംഗീതത്തിനും , ചെറിയ കലശങ്ങൾ എഴുന്നള്ളിക്കാനും ദേവനെ പുറത്തേക്കു എഴുന്നള്ളിക്കാനുംരൂപം ചെയ്തിരിക്കുന്ന പാണിവാദനം എന്ന ചടങ്ങിനും ഉപയോഗിക്കുന്നു, തിമിലയും ചേങ്കിലയും കൂടെ കൂട്ടുന്നതാണ് പാണി, ചെറിയ പാണി അല്ലെങ്കിൽ തിമിലപാണി എന്ന് പറയുന്നു, ശ്രീഭൂതബലിക്കും ചേങ്കില ഉപയോഗിക്കുന്നു

മദ്ദളം

പഞ്ചവാദ്യത്തിൽ തിമിലയോടൊപ്പം കൊട്ടുന്ന വാദ്യം

ചെണ്ട

ക്ഷേത്രത്തിനകത്തു കലശം നടക്കുമ്പോൾ കലശ പൂജ കലശാഭിഷേകം എന്നി ചടങ്ങുകൾക്ക് മാത്രം അസുരവാദ്യമായ ചെണ്ട ഉപയോഗിക്കുന്നു, ചെണ്ടയിൽ വിവിധ മേളങ്ങൾ കൊട്ടമെങ്കിലും, ചെമ്പട എന്ന മേളം ആണ് ക്ഷേത്രത്തിനകത്തു കൊട്ടുക

ഇലത്താളം, കുഴൽ &കൊമ്പ്

മേളങ്ങളുടെ , പഞ്ചവാദ്യത്തിന്റെ അകമ്പടി വാദ്യങ്ങൾ , ഇവകൂടി ഉണ്ടായാലേ മേളം പഞ്ചവാദ്യം ഭംഗിയാകൂ, ഇവയ്‌ക്കെല്ലാം പ്രത്യകം താളം രാഗം എന്നിവയുണ്ട്

മരപ്പാണി

പഠിച്ചെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ദേവവാദ്യം, ഉത്സവബലി , വലിയ കലശങ്ങൾ എന്നിവയ്ക്ക് മാത്രം ഉപയോഗിക്കുന്നു, കൃത്യമായ എണ്ണവും കണക്കും ആണ് ഇതിന്റെ സവിശേഷത, മരപ്പാണിയിൽ കൊട്ടുന്നതും തന്ത്രി ദേവനെ ആവാഹിക്കുന്നതും ഒരേ കണക്കിൽ ആണ്, പാണിയിൽ പിഴച്ചാൽ കോണി എന്നൊരു ചൊല്ല് തന്നെ ഉണ്ട്

ഇവയെല്ലാമാണ് പ്രധാന ക്ഷേത്രപ്രവൃത്തി വാദ്യങ്ങൾ, ദേവനെ എഴുന്നള്ളിക്കുമ്പോൾ മേളം പഞ്ചവാദ്യം എന്നിവയോടെ അകമ്പടി സേവിച്ചു ദേവനെ പ്രീതിപ്പെടുത്തണം.വാദ്യങ്ങൾ കൂടി ഉണ്ടെങ്കിലേ കർമ്മം പൂർത്തിയാവുകയും ദേവനെ സർവ്വവിധരീതിയിൽ സന്തോഷിപ്പിക്കാൻ സാധിക്കൂ  എന്നും ആചാരം ഉണ്ട്..

നമ്മുടെ ക്ഷേത്രവാദ്യങ്ങളുടെ പ്രത്യകത എന്തെന്നാൽ വിവിധ ശബ്ദമുള്ള വിവിധ രൂപമുള്ള വാദ്യങ്ങൾ ഒരുമിച്ചു പ്രവൃത്തിക്കുമ്പോൾ അതിമനോഹരമായ ശ്രവ്യസുഖം കിട്ടുന്നു എന്നതാണ്, അവിടെയാണ് വാദ്യങ്ങളുടെ കണക്കും ചിട്ടയുടെയും മഹിമ ക്ഷേത്ര ത്തിനകത്തു ഉപയോഗിക്കുന്ന വാദ്യങ്ങളും അവയുടെ ആവശ്യവും ഓരോ ഭക്തനും മനസ്സിലാക്കേണ്ടതാണ്

Wednesday, August 16, 2017

യമുന കണ്ണന് പ്രിയപ്പെട്ടവളായത് എങ്ങിന്യാന്നറിയോ?

യമുന കണ്ണന് പ്രിയപ്പെട്ടവളായത് എങ്ങിന്യാന്നറിയോ?
കണ്ണൻ ജനിച്ച ഉടനെ വസുദേവർ കണ്ണനെ അമ്പാടിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായി . ദേവകിദേവിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തന്റെ ഉത്തരീയത്തിൽ പൊതിഞ്ഞു  മാറോടു  ചേർത്ത് നടന്നു. യമുനയുടെ കരയിൽ  എത്തിയപ്പോൾ യമുന പുളകിതഗാത്രയായി  ആകാംഷയോടെ കണ്ണനെ കാണുവാൻ കൊതിച്ചു നോക്കി. പൊതിഞ്ഞു പിടിച്ചത് കൊണ്ട് യമുനക്ക് കണ്ണനെ കണാനയീല്യ. കണ്ണന്റെ കുഞ്ഞു മുഖം മാത്രേ പുറത്തു കാണുന്നുള്ളൂ. വസുദേവർ കണ്ണനെ മാറോടടുക്കി പിടിച്ചുകൊണ്ട് യമുനയിലൂടെ ഇറങ്ങി നടന്നു. യമുന കണ്ണനെ കാണുവാൻ  കൊതിച്ചു ഉയർന്നു വന്നു. വെള്ളം ഉയരുമ്പോൾ നനയാതിരിക്കാൻ വസുദേവർ കണ്ണനെ ഉയർത്തിപ്പിടിച്ചു. ഇത്രയും തൊട്ടടുത്ത്‌  കണ്ണൻ വന്നീട്ടും തനിക്കൊന്നു കാണുവാൻ കഴിഞ്ഞില്യാലോ എന്നോർത്ത് അവൾ തളർന്നു. ഇതെല്ലം കണ്ടുകൊണ്ടിരുന്ന പൂർണ്ണചന്ദ്രൻ  ആകാശത്ത് നിന്ന് പൊട്ടിച്ചിരിച്ചു. അത് കേട്ട് സങ്കടത്തോടെ യമുന ചന്ദ്രനെ നോക്കി . ചന്ദ്രൻ പരിഹാസത്തോടെ പറഞ്ഞു .
" കഷ്ടം. നീ ഒരു നിർഭാഗ്യവതി തന്നെ യമുനേ . ഇത്രയടുത്ത്  കണ്ണൻ വന്നീട്ടും നിനക്ക് കാണാൻ കഴിഞ്ഞില്യല്ലോ. എന്നാൽ ഞാനോ എത്ര ദൂരെയാണ്. എന്നിട്ടും ആ സുന്ദര മുഖം  എനിക്ക് കാണുവാൻ കഴിയുന്നു. "
ഇങ്ങിനെ പലതും പറഞ്ഞു പരിഹസിച്ചപ്പോൾ യമുന സങ്കടത്തോടെ പിൻവാങ്ങാൻ  തുടങ്ങി. പെട്ടെന്ന് കണ്ണൻ തന്റെ കുഞ്ഞിക്കാലൊന്നു കുടഞ്ഞു. അപ്പോൾ ഒരു പാദം പുറത്തുവന്നു. ആ കാൽവിരലിൽത്തുമ്പ്‌ ഒന്ന് യമുനയിൽ സ്പർശിച്ചു . യമുന അനന്ദ നിർവൃതയായി. അവളിൽ നിന്നും കളകളാരവം ഉണ്ടായി . അപ്പോഴും ചന്ദ്രൻ ഇതിലെന്ത് കാര്യം നിനക്ക് കണ്ണനെ കാണാൻ പറ്റിയില്യാലോ എന്ന് വീണ്ടും പരിഹസിച്ചു. പക്ഷെ യമുന തനിക്ക് ലഭിച്ച  ഭാഗ്യത്തിൽ സംതൃപ്തയായി സന്തോഷവതിയായി.
യമുന കണ്ണന്റെ സ്പർശന സുഖ സ്മൃതിയുടെ ലഹരിയിൽ സാദാ ആനന്ദത്തോട് കൂടി ഒഴുകി. ചന്ദ്രനാകട്ടെ കാണുമ്പോഴെല്ലാം അവളെ കളിയാക്കും. അതൊന്നും യമുന ശ്രദ്ധിച്ചതേ ഇല്ല്യ. കാലം കടന്നു പോയി.
കണ്ണൻ ഗോപികമാരോടുകൂടി  മഹാരാസമാടി അവർക്ക്  ബ്രഹ്മാനന്ദത്തെ നല്കിയ വേളയിൽ  ഓർത്തിരിക്കതെ അതാ തന്റെ മാനസേശ്വരനായ കണ്ണൻ ഗോപികമാരോട് കൂടി തന്റെ സമീപത്തേക്ക് വരുന്നു . ആ ദർശന മാത്രയിൽ യമുന ഒഴുകാൻ മറന്നു നിന്നുപോയി. കണ്ണൻ ഗോപികളോട്  കൂടി  ജലക്രീഡക്കായി യമുനയിൽ ഇറങ്ങി. കണ്ണൻ തന്റെ സ്വദസിദ്ധമായ കള്ളച്ചിരിയോടെ തന്റെ കൈ പ്രേമപൂർവ്വം യമുനയുടെ കയ്യോടു ചേർത്ത് പിടിച്ചു . യമുന ആനന്ദത്താലും അതിശയത്തലും പുളകിതയായി എല്ലാം മറന്നു നിന്നു. ചന്ദ്രൻ അത് കണ്ടു. ഇതാ കണ്ണൻ ബ്രഹ്മർഷികൾ പോലും കൊതിക്കുന്ന രാസകേളിയിൽ യമുനയേയും കൂട്ടിയിരിക്കുന്നു . അഹോ ഭാഗ്യം! ഈ പുണ്യവതിയേയാണല്ലോ ഞാൻ പരിഹസിച്ചത്‌. ചന്ദ്രന്റെ മുഖം നാണത്താൽ വിളറി. യമുന അത് കണ്ടു. അവൾ പറഞ്ഞു.
" അങ്ങ് എന്തിനു വിഷമിക്കുന്നു? അങ്ങയുടെ നിലാക്കൈകൾ നീട്ടൂ. ഞാൻ ആ കൈകളിൽ  പിടിക്കാം. അപ്പോൾ അങ്ങേക്കും ഈ ക്രീഡയിൽ  പങ്കുചേരാം."
ചന്ദ്രൻ അതിശയിച്ചു.
"യമുനേ ഞാൻ നിന്നെ ഇത്രയും പരിഹസിച്ചീട്ടും നീ?"
"ദേവാ! അങ്ങ് എന്നെ പരിഹസിച്ചപ്പോൾ കണ്ണനെന്നോട്  കാരുണ്യം തോന്നിയാവാം അന്നെനിക്ക് കണ്ണന്റെ സ്പര്ശന ഭാഗ്യം  ലഭിച്ചത്. എനിക്ക് ലഭിച്ച ആ പരമഭാഗ്യത്തെ സാദാ സ്മരിച്ചു  ഇത്രയും കാലം ചെയ്ത തപസ്സിന്റെ ഫലമാണ് ഇന്നെനിക്ക്  ലഭിച്ചത്. അതുകൊണ്ട് ഈ ആനന്ദം അങ്ങേക്ക് കൂടി  പകർന്നു തരുന്നതാണ് എനിക്ക് സന്തോഷം.  അങ്ങ് എനിക്ക് പ്രിയപ്പെട്ടവനാണ്. ആ കൈകൾ നീട്ടിയാലും  . "
യമുനയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണൻ അതീവ പ്രേമത്തോടെ യമുനയെ തന്റെ മാറോടു ചേർത്ത് പുണർന്നു .
" യമുനേ നീ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. നിന്നെപ്പോലെ വന്നു ചേരുന്ന പ്രതികൂലങ്ങളെല്ലാം  അനുകൂലമാക്കുന്ന നിർമ്മല മനസ്സുള്ളവർ തുലോം കുറയും. അനാവശ്യമായി നേരിടേണ്ടി വരുന്ന പരിഹാസവും നിന്ദയും സ്വർണ്ണത്തെ അഗ്നിയിൽ പഴുപ്പിച്ചു കൂടം കൊണ്ട് അടിച്ചു മാറ്റ് കൂട്ടുന്നതുപോലെ, മുജ്ജന്മാർജ്ജിതമായ കർമ്മദോഷങ്ങളെ  ഇല്ലാതാക്കും. എനിക്ക് നിന്നോടുള്ള നിത്യ പ്രേമത്തിന്റെ  പ്രതീകമായി ഞാനിതാ എന്റെ ശ്യാമവർണ്ണം  നിന്നിലേക്ക്‌  പകരുന്നു."
അന്ന് മുതലാണത്രേ യമുനയിലെ ജലത്തിന് കറുപ്പ് നിറമായത്.
പിന്നീട് നാണിച്ചു തലതാഴ്ത്തി നില്ക്കുന്ന ചന്ദ്രനോട് കണ്ണൻ  പറഞ്ഞു.
"ഹേ നക്ഷത്രേശ്വരാ എന്റെ മുഖം കാണുവാൻ കൊതിച്ച യമുനയെ അങ്ങ് അത്യധികം പരിഹസിച്ചു. അതിനാൽ ഇനി മുതൽ   പൂർണ്ണചന്ദ്രൻ വരുന്ന രാത്രികളിൽ എന്റെ  പരിപൂർണ്ണമായ രാധാകൃഷ്ണ സ്വരൂപം ചന്ദ്ര ബിംബത്തിൽ തെളിഞ്ഞു കാണും. അത് കണ്ടു യമുന പരമാനന്ദം അനുഭവിക്കും. മാത്രമല്ല  നിറഞ്ഞ പ്രേമത്തോടെ എന്നെക്കാണുവാൻ കൊതിച്ചു  നോക്കുന്ന എല്ലാവർക്കും രാധാകൃഷ്ണ സ്വരൂപദർശനം സാധ്യമാകും. എന്നാൽ അങ്ങേക്ക് മാത്രം ആ ദർശന ഭാഗ്യം ലഭിക്കില്യ "
ഇത് കേട്ടപ്പോൾ യമുനക്ക് ദുഖമായി.
"ശ്യമാസുന്ദരാ! എനിക്ക് ഈ പരമാനന്ദത്തെ പ്രദാനം ചെയ്ത നിശാനാഥന്‌ ഒരു ദുഃഖം ഉണ്ടാവുന്നത് എന്നിൽ  വിഷമം ഉണ്ടാക്കുന്നു. അങ്ങയുടെ ദർശനം ലഭിക്കാത്തതിലുളള ദുഃഖം അനുഭവിച്ചവാളാണ് ഞാൻ. ആ ദുഃഖം ആർക്കും  അനുഭവിക്കാൻ ഇടവരരുത് നാഥാ."
കണ്ണൻ പറഞ്ഞു.
"പ്രിയേ നിന്റെ നന്മ പരമ ശ്ലാഘനീയം തന്നെ.  പരമ  പവിത്രയായ നിന്നിൽ തെളിയുന്ന പ്രതിഛായയിൽ ചന്ദ്രൻ എന്റെ യുഗള രൂപം ദർശിക്കട്ടെ." 
അതാണ്‌ കൃഷ്ണപ്രേമത്തിന്റെ മഹത്വം. കണ്ണന്റെ ഭക്തന് പ്രിയപ്പെട്ടവരെ അവരുടെ ഗുണ ദോഷങ്ങൾ നോക്കാതെ കണ്ണൻ തന്നോട് ചേർക്കുന്നു. നമ്മെ നിന്ദിക്കുന്നവരേയും പരിഹസിക്കുന്നവരേയും നിറഞ്ഞ  മനസ്സോടെ സ്നേഹിച്ചാൽ സ്നേഹസ്വരൂപനായ  ഭഗവാൻ അവരുടെ ഉള്ളിലെ മനോമാലിന്യങ്ങളേ അകറ്റി അവരിൽ സ്വയം പ്രകാശിക്കുന്ന പരമാത്മസ്വരൂപം നമുക്ക് കാണിച്ചു തരും. അതുപോലെ അവർക്ക്  എല്ലാവരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഭഗവാനെ കാണുവാനും സാധിക്കും. ഇനി പൂർണ്ണചന്ദ്രനേ കാണുമ്പോൾ എല്ലാവരും ശ്രദ്ധിച്ചുനോക്കൂ. അതിൽ രാധാകൃഷ്ണന്മാരുടെ മുഖങ്ങൾ കാണാം. എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമാർച്ചനയായി സമർപ്പിക്കുന്നു.
രാധേ ശ്യാം

സന്ധ്യാ വന്ദനം

*സന്ധ്യാ വന്ദനം*

ദീപോജ്യോതി പരബ്രഹ്മ 
ദീപോ ജ്യോതി ജനാര്‍ദ്ദന 
ദീപോ ഹരതു മല്‍പ്പാപം 
സന്ധ്യാ ദീപം നമോസ്തുതേ 

*ശ്രീരാമ സന്ധ്യാനാമം*

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം

രാക്ഷസാന്തകാ മുകുന്ദ 
രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര 
ശുഭാവതാര പാഹിമാം (രാമ.....)

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു 
കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി 
കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)

രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ.....)

ശംഖചക്രമെന്നുതൊട്ട 
ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)

ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ.....)

ലക്ഷ്മിതന്‍റെയംശമായ 
സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ 
തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസന്മാരെ നിഗ്രഹിച്ചു, 
നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .

കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, 
ഭിക്ഷുവായ് വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)

കാന്തയെത്തിരഞ്ഞു 
സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെ
ത്തിരഞ്ഞ രാമ പാഹിമാം (രാമ......)

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, 
ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)

കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)

ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ.....)

തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)

ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)

ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണിയായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)

രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ.....)

പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)

ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)

ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ -
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)

ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)

രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ......)

രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)

സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)

പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)

രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......)

Popular Posts

Recent Posts

Categories

Unordered List

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Total Pageviews

Search This Blog

Powered by Blogger.

Follow by Email

All Time Popular

Subscribe Us

ചിങ്ങം 1 - ബലരാമ ജയന്തി

🙏 ചിങ്ങം 1 - ബലരാമ ജയന്തി🙏 ഹരി ഓം. ചിങ്ങം 1. ഇന്നത്തെ ദിവസം നമ്മളെ സംബന്ധിച്ചിടത്തോളം "കർഷകദിനം" ആണു.  അങ്ങിനെയാണു നമ്മൾ മനസ്സ...

Followers

Google+ Followers