Friday, May 22, 2015

ഷഷ്ഠിവ്രതം

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠിവ്രതമെടുത്താല്‍ രോഗശാന്തിയുണ്ടാവും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്റെ ചിത്രം വയ്ക്കണം.പുഷ്ങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. രാത്രിപൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിര്‍ബന്ധമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. വെറും നിലത്തേ കിടക്കാവൂ. ആഡംബരം പാടില്ല. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധി, സര്‍പ്പദോഷ ശാന്തി, ത്വക്ക് രോഗശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്.

ഷഷ്ഠിവ്രതത്തിനു പിന്നിലുള്ള പ്രധാന ഐതിഹ്യം

പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാന ത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.

ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതപ്രാധാന്യം.

സ്‌കന്ദ ഷഷ്ഠി

ശ്രീസുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാത്തിലെ ഷഷ്ഠി. അതുകൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നത്. തുലാത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.

വൃശ്ചിക ഷഷ്ഠി

പ്രണവത്തിന്റെ അര്‍ത്ഥം അറിയാത്തതിന് ശ്രീസുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ കാരാഗൃഹത്തില്‍ അടച്ച പാപം തീരുന്നതിന് സര്‍പ്പരൂപിയായി സഞ്ചരിക്കാന്‍ തുടങ്ങി. സര്‍പ്പരൂപത്തില്‍നിന്ന് സുബ്രഹ്മണ്യന് മോചനം സിദ്ധിച്ചത് വൃശ്ചികമാസത്തിലെ ഷഷ്ഠിനാളിലായിരുന്നു. അതുകൊണ്ട് സര്‍പ്പദോഷങ്ങള്‍ തീരുന്നതിന് വൃശ്ചികത്തിലെ ഷഷ്ഠിനാളില്‍, അതായത് ചമ്പാഷഷ്ഠിനാളില്‍ വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിക്കുന്നത് ഉത്തമമാണ്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates