Saturday, May 16, 2015

ഞാന്‍ ശിവന്‍ ആണ് സംഹാരത്തിന്‍റെ ദേവന്‍ .


ബ്രഹ്മാവ്‌ സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിന്‍റെ ധര്‍മ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിര്‍ത്തുന്നു , അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാന്‍ അതിനെ സംഹരിക്കുന്നു. ഞാന്‍ മംഗള മൂര്‍ത്തി ആണ്. ശിവം എന്ന വാക്കിനര്‍ത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവന്‍ മംഗളം നല്കുന്ന ഞാന്‍ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവന്‍ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവന്‍ സന്തോഷം നല്കുന്ന ഞാന്‍ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തില്‍ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാല്‍ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ശരീരത്തില്‍ തന്നെ കുടി കൊള്ളുന്നു.

സംഹാരമൂര്‍ത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാന്‍ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ) ഒരുവന്‍റെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാന്‍ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.

എന്‍റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാല്‍ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തര്‍ത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ്‍ തുറന്നാല്‍ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അര്‍ത്ഥ ശൂന്യമാണ്. തലയില്‍ ചൂടിയ ചന്ദ്രന് വളര്‍ച്ചയും തളര്‍ച്ചയുമില്ല. നിങ്ങള്‍ എന്നെങ്കിലും പൂര്‍ണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളര്‍ച്ചയും തളര്‍ച്ചയും ഇല്ലാതാവണമെങ്കില് സൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവന്‍ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അര്‍ത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.)

ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിന്‍റെ പ്രതീകമായി തരംഗ രൂപത്തില്‍ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തില്‍ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാന്‍ . ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകി എന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുല്‍ ആയും പത്മന്‍ പിംഗളന്‍ എന്ന സര്‍പ്പങ്ങളെ കണ്ടലങ്ങള്‍ ആയും ധനഞ്ജയന്‍ കംബളന്‍ എന്നി നാഗങ്ങളെ തോള്‍ വളയായും അശ്വതരന്‍ എന്ന നാഗം വലം കയ്യിലും തക്ഷകന്‍ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാന്ജനത്തിന്റെ നിറമുള്ള നീലന്‍ എന്ന നാഗം അരഞ്ഞാണമായും ഭഗവാന്‍ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്തി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.

ഭക്തരക്ഷയ്കായി ഞാൻ പല രൂപത്തിലും അവതരിക്കും . ( സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ .ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപംഷോഡശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്.ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു. ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)

ഓം നമ:ശ്ശിവായ

സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ. ശിവനെ നമിക്കുന്നു, ശിവനെ ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർഥമാക്കുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-
"നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. "ന" എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, "മ" പ്രപഞ്ചത്തെക്കുറിക്കുന്നു. "ശി" ശിവനെ പ്രതിനിധീകരിക്കുന്നു. "വ" എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. "യ"എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. "ന" എന്നാൽ ഭൂമി. "മ" എന്നാൽ ജലം. "ശി" എന്നാൽ അഗ്നി. "വ"എന്നാൽ വായു. "യ" എന്നാൽ ആകാശം".

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates