Tuesday, June 30, 2015

രാവണൻ


രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന രാക്ഷസ ചക്രവർത്തി ആയിരുന്നു. രാമായണത്തിലെ പ്രധാന പ്രതിനായകൻ രാവണനാണ്.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ വിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.
രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് "ദശമുഖൻ" (दशमुख, പത്തു മുഖങ്ങൾ ഉള്ളയാൾ), "ദശഗ്രീവൻ" (दशग्रीव, പത്തു കഴുത്തുകൾ ഉള്ളയാൾ), "ദശകണ്ഠൻ" (दशकण्ठ, പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.
രാവണൻ വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു - പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).
രാവണന്റെ സഹോദരർ വിഭീഷണനും കുംഭകർണ്ണനും ആയിരുന്നു. തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്
രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.
രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല.വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ ശുക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,രാമൻറെ മനുഷ്യജന്മമാണ് രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു

Continue Reading…

സുബ്രഹ്മണ്യൻ

ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു.
മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട്‌ .
ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.

Continue Reading…

ശകുന്തള


വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന്‍ പിന്നെയും ധ്യാനത്തല്‍ മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു.
രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.

Continue Reading…

അര്‍ജുനന്‍


മഹാഭാരതത്തിലെ പ്രമുഖകഥാപാത്രങ്ങളിലൊരാള്‍; കുന്തിക്ക് ഇന്ദ്രനിലുണ്ടായ പുത്രന്‍. പാണ്ഡുപുത്രന്മാര്‍ അഞ്ചുപേരില്‍ മൂന്നാമനായതുകൊണ്ട് മധ്യമപാണ്ഡവന്‍ എന്നും അര്‍ജുനനെ വിളിക്കാറുണ്ട്. അര്‍ജുനനും അര്‍ജുനസ്യാലനും സാരഥിയുമായ കൃഷ്ണനും പൂര്‍വജന്മത്തില്‍ നരനാരായണന്‍മാരെന്ന പേരിലുള്ള തപസ്വികളായിരുന്നെന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്.
കിന്ദമമുനിയുടെ ശാപംകൊണ്ട് പത്നീസ്പര്‍ശത്തിന് അശക്യനായിത്തീര്‍ന്ന പാണ്ഡുവിന്റെ അനുവാദത്തോടുകൂടി പട്ടമഹിഷിയായ കുന്തി ദുര്‍വാസാവ് നല്കിയ വരശക്തികൊണ്ട് ഇന്ദ്രനെ സമീപത്തു വരുത്തി. കുന്തിക്ക് ഇന്ദ്രനില്‍നിന്നും ജനിച്ച പുത്രനാണ് അര്‍ജുനന്‍. സ്വജീവിതത്തില്‍ അര്‍ജുനന്‍ നിര്‍വഹിക്കാന്‍ പോകുന്ന പരാക്രമങ്ങള്‍ പ്രവചിച്ചുകൊണ്ട് ജനനസമയത്തുതന്നെ അശരീരിവചസ്സുണ്ടായി. കശ്യപന്‍, ശുകന്‍, കൃപര്‍ തുടങ്ങിയവരില്‍നിന്ന് അഭ്യസിച്ചുതുടങ്ങിയ ആയുധവിദ്യ ദ്രോണാചാര്യരുടെ കീഴിലാണ് അര്‍ജുനന്‍ പൂര്‍ത്തിയാക്കിയത്. ദ്രോണരുടെ സവിശേഷ വാത്സല്യത്തിനു പാത്രമായിത്തീര്‍ന്ന അര്‍ജുനന്‍ സകല ആയുധവിദ്യകളിലും പരീക്ഷകളിലും അദ്ദേഹത്തിന്റെ ശിഷ്യരില്‍ അഗ്രിമസ്ഥാനം കൈവരിച്ചു. തന്നെ മുന്‍പൊരിക്കല്‍ നിന്ദിച്ച ദ്രുപദരാജാവിനെ ബന്ധിച്ചുകൊണ്ടുവന്ന് ഗുരുദക്ഷിണ നല്കണമെന്നുള്ള ദ്രോണരുടെ ആഗ്രഹവും അര്‍ജുനന്‍ നിറവേറ്റി.
മഹാഭാരതയുദ്ധത്തിനുമുന്‍പുള്ള അര്‍ജുനന്റെ പ്രശസ്തിക്ക് ഹേതുഭൂതമായ മുഖ്യസംഭവങ്ങള്‍ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, പാശുപതാസ്ത്രലബ്ധി, നിവാതകവചകാലകേയവധം, ഉര്‍വശീശാപം, അജ്ഞാതവാസക്കാലത്തെ കൌരവോച്ചാടനം തുടങ്ങിയവയാണ്. അരക്കില്ലത്തില്‍നിന്നു രക്ഷപ്പെട്ടു നടക്കുന്നകാലത്ത് ഗംഗാതീരത്തുവച്ച് ചിത്രരഥനെന്ന ഗന്ധര്‍വനെ ബന്ധിച്ചതും ദ്രൌപദീയുധിഷ്ഠിരസമാഗമരംഗത്തില്‍ ഓര്‍മിക്കാതെ കയറിയതിനു പ്രായശ്ചിത്തമായി തീര്‍ഥാടനം നടത്തിയതും അക്കാലത്ത് നാഗരാജപുത്രിയായ ഉലൂപിയെയും മണിപുരരാജകുമാരിയായ ചിത്രാംഗദയെയും പരിണയിച്ചതും സുഭദ്രാപഹരണം നടത്തിയതും സന്താനഗോപാലകഥയില്‍ മര്‍മസ്പൃക്കായ ഒരു പങ്കു നിര്‍വഹിച്ചതും ഭാരതഭാഗവതാദി പുരാണങ്ങളില്‍ അര്‍ജുനന്റെ അസാധാരണ സിദ്ധികളെ ഉദാഹരിക്കാന്‍ ചേര്‍ത്തിട്ടുള്ള ഉപാഖ്യാനങ്ങളില്‍ ചിലതാണ്. ഈ കാലത്താണ് അര്‍ജുനനും ഹനുമാനും തമ്മില്‍ ഒരു ബലപരീക്ഷണമുണ്ടാകുന്നതും മധ്യസ്ഥതീരുമാനപ്രകാരം ഹനുമാന്‍ അര്‍ജുനന്റെ കൊടിയടയാളമായിത്തീരുന്നതും. ഒരിക്കല്‍ ഗാലവന്‍ എന്ന മുനിയോട് അര്‍ജുനനും കൃഷ്ണനും ചെയ്ത വിപരീതപ്രതിജ്ഞകള്‍ പാലിക്കാനായി ഇവര്‍ രണ്ടുപേരും തമ്മില്‍ ഘോരമായ യുദ്ധം നടന്നതായി ഒരു കഥയും പുരാണങ്ങളിലുണ്ട്.
ഭാരതയുദ്ധം. നിരായുധനായ കൃഷ്ണനെ സാരഥിയായി വരിച്ചുകൊണ്ടുള്ള ഉഗ്രമായ കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തില്‍ത്തന്നെ സ്വജനവധത്തില്‍ വിഷാദവിവശനായിത്തീര്‍ന്ന അര്‍ജുനനെ കൃഷ്ണന്‍ ഗീതോപദേശം കൊണ്ട് കര്‍ത്തവ്യോന്മുഖനാക്കി. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് അര്‍ജുനന്‍ ഭീഷ്മരെ നിലംപതിപ്പിച്ച് ശരശയ്യയില്‍ കിടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന ഭീകരമായ ഏറ്റുമുട്ടലുകളില്‍ സുധന്വാവ്, ഭഗദത്തന്‍, വൃഷകന്‍, അചലന്‍, ജയദ്രഥന്‍, അലംബുഷന്‍, ഏറ്റവുമൊടുവില്‍ കര്‍ണന്‍ തുടങ്ങിയ പ്രതിപക്ഷവീരന്മാരെ വധിക്കുകയും ചെയ്തു. വീരന്മാരായ പുത്രന്മാരെ-അഭിമന്യുവിനെയും ഇരാവാനെയും ശ്വേതകീര്‍ത്തിയെയും-ഈ യുദ്ധത്തില്‍ അര്‍ജുനനു നഷ്ടപ്പെട്ടു.
യുദ്ധവിജയത്തിനുശേഷം ധര്‍മപുത്രര്‍ നടത്തിയ അശ്വമേധത്തിനുവേണ്ടി ദ്വിഗ്വിജയം ചെയ്തുവരുംവഴി അര്‍ജുനന്‍ സ്വപുത്രനായ ബഭ്രുവാഹനനാല്‍ വധിക്കപ്പെട്ട ഒരു സംഭവമുണ്ടായിട്ടുണ്ട്. ഭീഷ്മമാതാവായ ഗംഗാദേവിയുടെ ശാപംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പക്ഷേ, ശാപമോക്ഷമനുസരിച്ച് മൃത്യുഞ്ജയമന്ത്രത്താല്‍ അര്‍ജുനന്‍ വീണ്ടും ജീവിപ്പിക്കപ്പെട്ടു. ചിത്രാംഗദയുടെ പുത്രനായിരുന്നു ബഭ്രുവാഹനന്‍; ഉലൂപിയുടേത് ഇരാവാനും. (പാഞ്ചാലിയില്‍ ശ്വേതകീര്‍ത്തി, സുഭദ്രയില്‍ അഭിമന്യു)ആഭ്യന്തരകലഹംമൂലം യാദവവംശം നശിക്കുകയും കൃഷ്ണന്‍ സ്വര്‍ഗാരോഹണം നടത്തുകയും ചെയ്തശേഷം അര്‍ജുനന്‍ ദ്വാരകയിലെത്തി പിതൃക്കള്‍ക്കു വേണ്ട അപരകര്‍മങ്ങളെല്ലാം നടത്തി. ജീവിതലക്ഷ്യം സാധിച്ചുകഴിഞ്ഞ അര്‍ജുനന്റെ ശക്തി അപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. അഗ്നി പ്രത്യക്ഷപ്പെട്ട് ഗാണ്ഡീവം തിരികെ ആവശ്യപ്പെട്ടതോടുകൂടി അര്‍ജുനന്റെ ഭൌതികപ്രഭാവങ്ങളെല്ലാം അസ്തമിക്കുകയും ആക്രമിക്കാനെത്തിയ ആഭീരന്മാരാല്‍ പരാജിതനാക്കപ്പെടുകയും ചെയ്തു.
അതിനുശേഷം യുധിഷ്ഠിരനെ മുന്‍നിര്‍ത്തിക്കൊണ്ട് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനമാരംഭിച്ചു; പാഞ്ചാലി അവരെ അനുഗമിച്ചു. ആ യാത്രയില്‍ പാഞ്ചാലി മുതല്‍ ഓരോരുത്തരായി മരിച്ചു നിലത്തു വീണു. തന്റെ ഊഴം വന്നപ്പോള്‍ അര്‍ജുനനും നാലാമനായി താഴെ വീണു മരിച്ചു. ഒടുവില്‍ ഇന്ദ്രന്‍ കൊടുത്തയച്ച സ്വര്‍ണരഥത്തില്‍ കയറി യുധിഷ്ഠിരന്‍ സ്വര്‍ഗത്തില്‍ എത്തിയപ്പോള്‍ സഹോദരന്മാരൊത്ത് പാഞ്ചാലിയും അവിടെ വസിക്കുന്നതായി കണ്ടു
അര്‍ജുനന്റെ സ്ഥാനം. മഹാഭാരതത്തിലുള്ളവരില്‍ മാത്രമല്ല ഭാരതീയപുരാണകഥാപാത്രങ്ങളില്‍ത്തന്നെ നിറപ്പകിട്ടു നല്കി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു വീരനായകനാണ് മധ്യമപാണ്ഡവനായ അര്‍ജുനന്‍. ഭാരതീയ സാഹിത്യങ്ങളുടെ സകലശാഖകളിലും അര്‍ജുനനെ കഥാനായകനാക്കിയോ അദ്ദേഹത്തിന്റെ ജീവചരിത്രസംഭവങ്ങളെ കേന്ദ്രബിന്ദുക്കളാക്കിയോ രചിക്കപ്പെട്ടിരിക്കുന്ന എണ്ണമറ്റ രചനകളുണ്ട്. അര്‍ജുനന്റെ അഹന്തയെയും വീരശൌര്യപരാക്രമങ്ങളെയും ഉണര്‍ത്താനും ഉച്ഛൃംഖലമായി പ്രയോഗത്തില്‍ വരുത്താനും അപഹാസവചസ്സുകളെ പോലെ ശക്തിമത്തായ മറ്റൊരു മാധ്യമം ഉണ്ടോ എന്നു സംശയമാണ്. സന്താനഗോപാലം, കിരാതം തുടങ്ങിയ പുരാണോപജീവികളായ സാഹിത്യസൃഷ്ടികളിലും രബീന്ദ്രനാഥടാഗൂറിന്റെ ചിത്രാംഗദയിലും അര്‍ജുനന്റെ ഈ മാനസികാവസ്ഥയെ മിഴിവേകി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അര്‍ജുനന്‍ മരിച്ചുവീണപ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് ആരാഞ്ഞ ഭീമസേനനോട് യുധിഷ്ഠിരന്‍ പറഞ്ഞത്
'ഒറ്റപ്പകല്‍ക്കരികളെ-ച്ചുടാമെന്നോതിയര്‍ജുനന്‍
ചെയ്തീലതിശ്ശൂരമാനി-യതിനാല്‍ വീണതാണവന്‍;
അവമാനിച്ചു വില്ലാളി-കളെയൊട്ടുക്കു ഫല്‍ഗുനന്‍
അവ്വണ്ണമാണിതവ്വണ്ണം-ചെയ്യൊല്ലൈശ്വര്യമോര്‍പ്പവന്‍'
എന്നാണ്. അധൃഷ്യമായ തന്റെ ശക്തിയെക്കുറിച്ചുള്ള അചഞ്ചലമായ അഭിമാനം അര്‍ജുനനെ പലപ്പോഴും ആപന്മേഖലയെ സ്പര്‍ശിക്കുന്ന അഹങ്കാരത്തിന്റെ വക്കില്‍ കൊണ്ടുനിര്‍ത്തിയിട്ടുണ്ട്. ഗോഗ്രഹണം ചെയ്ത കൌരവന്മാരെ തോല്പിച്ചോടിക്കാന്‍ ബൃഹന്നളാനാമധാരിയായ അര്‍ജുനനെ സാരഥിയാക്കി പുറപ്പെട്ട വിരാടരാജകുമാരനായ ഉത്തരന്‍ ശത്രുസേനയെക്കണ്ട് പേടിച്ച് പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ അര്‍ജുനന്‍ ആ കുമാരനെ തേരില്‍ പിടിച്ചു കെട്ടിയിടുകയും പേടിപോകാന്‍ തന്റെ പത്ത് പേരുകള്‍ ഉരുവിടാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അര്‍ജുനപര്യായങ്ങള്‍-
'അര്‍ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
കിരീടി, ശ്വേതവാഹനന്‍,
ബീഭത്സു, വിജയന്‍, പാര്‍ഥന്‍,
സവ്യസാചി, ധനഞ്ജയന്‍.'
'ഋജുവായ (നേരായ) കര്‍മമേ ചെയ്വൂ' എന്നതുകൊണ്ട് അര്‍ജുനന്‍; 'ഹിമവത്ഗിരിപൃഷ്ഠത്തില്‍ ഉത്തരാഫല്‍ഗുനി നക്ഷത്ര'ത്തില്‍ ഉണ്ടായതുകൊണ്ട് ഫല്‍ഗുനന്‍: 'ദുരാപനും ദുരാധര്‍ഷനു' മായതുകൊണ്ട് ജിഷ്ണു; 'ഇന്ദ്രന്‍ തലയ്ക്കര്‍ക്കാഭകിരീടം' ചേര്‍ത്തതുകൊണ്ട് കിരീടി; 'തേരില്‍ പൂട്ടുന്ന പൊന്നണിക്കോപ്പെഴും ശ്വേതഹയ'ങ്ങളുള്ളവനാകയാല്‍ ശ്വേതവാഹനന്‍; 'യുദ്ധത്തിങ്കലൊരിക്കലും ബീഭത്സ കര്‍മം' ചെയ്യാത്തതുകൊണ്ട് ബീഭത്സു; 'ജയിക്കാതെയൊഴിക്കില്ലാത്തവനാകയാല്‍' വിജയന്‍; പൃഥാ (കുന്തി) പുത്രനായതുകൊണ്ട് പാര്‍ഥന്‍, Aurjuna- mid-pallava.png 'ഗാണ്ഡീവം വില്‍ വലിച്ചീടാന്‍-.
കൈരണ്ടും ദക്ഷിണങ്ങള്‍ മേ
അതിനാല്‍ സവ്യസാചി,'
'നാടൊക്കെയും ജയിച്ചിട്ടു
വിത്തം നേടീട്ടു കേവലം
ധനമധ്യത്തില്‍ നില്പോനാ' യതുകൊണ്ട് ധനഞ്ജയന്‍ എന്നിങ്ങനെയാണ് തന്റെ പേരുകളുടെ പ്രസക്തി അര്‍ജുനന്‍ തന്നെ ഉത്തരനു വിവരിച്ചുകൊടുക്കുന്നത്. (ഇക്കൂട്ടത്തില്‍ പാര്‍ഥന്‍ എന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍ എന്ന പേരും കാണുന്നു. പാണ്ഡു ആദ്യം ഈ പുത്രനു കൃഷ്ണന്‍ എന്നാണ് നാമകരണം ചെയ്തതെന്ന് ആദിപര്‍വത്തിലുണ്ട്.) നോ: അജ്ഞാതവാസം; ഉര്‍വശീശാപം; ഉലൂപി; ഏകലവ്യന്‍; കിരാതം; കുന്തി; കൃഷ്ണാര്‍ജുനയുദ്ധം; ഖാണ്ഡവദാഹം; ചിത്രാംഗദ; ദ്രുപദന്‍; ദ്രോണര്‍; നരനാരായണന്മാര്‍; നിവാതകവചകാലകേയവധം; പാഞ്ചാലി; പാണ്ഡു; ഭഗവദ്ഗീത; സന്താനഗോപാലം; സുഭദ്ര.

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates