Friday, July 31, 2015

ശ്രീ കൃഷ്ണനെ ഏന്തുകൊണ്ട്‌ കള്ളകണ്ണാ ഏന്നു വിളിക്കുന്നു

ശ്രീ കൃഷ്ണനെ ഏന്തുകൊണ്ട്‌ കള്ളകണ്ണാ ഏന്നു വിളിക്കുന്നു
ഹിന്ദുമത വിശ്വാസികള്‍ അല്ലാത്ത പലവരുടെയും മനസ്സില്‍ ഇങ്ങനെ ഒരു ചോദ്യം കടന്നുവരാറുണ്ട് ദയവായി തുടര്‍ന്ന് വായിക്കുക

ഭാഗവതം വായിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലാവും . ഭഗവാന്‍ തന്‍റെ അവതാരത്തില്‍ ഒരേ ഒരു വസ്തു മാത്രമെ മോഷ്ടിച്ചിട്ടുള്ളൂ അതാണ്‌ നവനീതം , അതായത് "വെണ്ണ" . എന്ത് കൊണ്ടു ഭഗവാന് വെണ്ണയോട് ഇത്ര പ്രിയം എന്ന് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല .

ക്ഷീരപൂരിതം ആണ് മനുഷ്യ ശരീരം. അമ്മയുടെ മുലപ്പാല്‍ ആണ് ഓരോ കുഞ്ഞിന്‍റെയും ശരീര വളര്‍ച്ചയ്ക്ക് അടിസ്ഥാനം .മഹാവിഷ്ണു ക്ഷീര സാഗരത്തില്‍ ശയിക്കുന്നതിനു പിന്നില്‍ ഉള്ള ശാസ്ത്രീയ തത്വവും ഇതു തന്നെ . അങ്ങനെ ഉള്ള ശരീരത്തെ വെറുതേ വച്ചിരുന്നാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ബാഹ്യ മായയാല്‍ അത് കേടുവന്നു പോകും . എന്നാല്‍ അതില്‍ ഒരു തുള്ളി ഭക്തി രസം ആകുന്ന മോര് ചേര്‍ത്താല്‍ അത് ആത്മജ്ഞാന സുഖത്തിനാല്‍ കട്ട പിടിക്കുന്നു . അതിനെ അങ്ങനെ തന്നെ വയ്ക്കാതെ നിരന്തര സാധന (പ്രാര്‍ത്ഥന ) ആകുന്ന കടക്കോല്‍ കൊണ്ട് കടഞ്ഞാല്‍ അതില്‍ നിന്നു ആത്മാവ് ആകുന്ന വെണ്ണ പുറത്തു വരുന്നു.
ഇത്രയും ചെയ്‌താല്‍ ഭഗവാന്‍ വേറെ ആരുടെയും അനുവാദം കാത്തു നില്‍കാതെ അത് വന്നു മോഷ്ടിച്ച് തന്നില്‍ ലയിപ്പിക്കും. അതിനാലാണ് ഭഗവാന്‍ വെണ്ണക്കള്ളന്‍ ആയത്‌ .
ഇനി നമുക്കു ഒരു സംശയം തോന്നാം , ഭഗവാന്‍റെ സ്വന്തം സ്വരൂപം ആണ് ഏവരുടെയും ആത്മാവ് , അത് മോഷ്ടിക്കേണ്ട കാര്യം ഇല്ല എങ്കിലും മോഷണം എന്നതിന്‍റെ തത്വം എന്ത് ?

നമുക്കു ഒരു കല്യാണ വീട്ടിലേയ്ക്ക്‌ കടന്നു ചെല്ലാം. കല്യാണത്തിനു ആഭരണം എടുക്കാന്‍ ചുമതല ഉള്ള ഒരു പറ്റം സ്ത്രീജനങ്ങള്‍ പുതിയ ഫാഷനില്‍ കുറെ സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങുന്നു. കല്യാണ തലേന്ന് നാട്ടുകാരുടെ മുന്‍പില്‍ പുതിയ ഫാഷന്‍ മാത്രം കാണിക്കുന്നു . വീട്ടിലെ ആരെങ്കിലും പഴയ ആഭരണങ്ങളെ ക്കുറിച്ച് ചോദിച്ചാല്‍ "അതൊക്കെ പഴയത് ആയില്ലേ .. അതൊക്കെ കാണിക്കാന്‍ കൊള്ളുമോ" എന്നൊക്കെ ചോദിക്കുന്നു.

എന്നാല്‍ അന്ന് രാത്രി അവിടെ ഒരു "കള്ളന്‍" കയറി എന്ന് വയ്ക്കുക . അവന് അത് പുതിയത് എന്നോ പഴയത് എന്നോ ? നിറം മങ്ങിയത് എന്നോ ? ഡിസൈന്‍ കൊള്ളില്ല എന്നോ ? വല്ലതും പറഞ്ഞു സ്വര്‍ണ്ണം വേണ്ട എന്ന് വയ്ക്കുമോ ? സ്വര്‍ണം ആണോ എന്ന് മാത്രം നോക്കി അതിന്‍റെ പുറം മോടി നോക്കാതെ അവന്‍ അത് മോഷ്ടിക്കുന്നു

അത് പോലെ തന്നെ .. ഓരോ ഭക്തന്റെയും ആത്മാവ് ആകുന്ന നവനീതം അവന്റെ ശരീരത്തിന്‍റെ പുറംമോടിയോ ,ധനമോ, ജാതിയോ , വര്‍ണ്ണമോ നോക്കാതെ മോഷ്ടിക്കുന്ന ജഗദീശ്വരനും ഭാഗവത സ്വരൂപിയും ആയ ഭഗവാനേ അങ്ങേക്ക് പ്രണാമം

Continue Reading…

വ്യാസപൂർണ്ണിമ (ഗുരു പൂർണിമ)

ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു. ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.നാളെയാണ് വ്യാസസ്മരണക്കായി ഉള്ള വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ . ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.
ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു. ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്.
ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്. 18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള . ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.
വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു....
ഓം ഗുരുര്‍ ബ്രഹ്മ, ഗുരു വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മായ് ശ്രീ ഗുരുവേ നമ: ഓം

ഗുരുപരമ്പരകളെ നമിച്ചുകൊണ്ട് എല്ലാവര്ക്കും പ്രണാമം

Continue Reading…

Thursday, July 30, 2015

നന്ദികേശ്വരന്‍


പുരാണ കഥാപാത്രം. ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:
ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി 'ദീര്‍ഘായുസ്സു നല്‍കണം' എന്നഭ്യര്‍ഥിച്ചു. 'ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.
നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.
മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു

Continue Reading…

ഭഗവാന്‍ ശ്രീ മഹാവിഷ്ണു ശ്രീമഹാവിഷ്‌ണു


കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി. അഞ്ചു രത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്‌. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തി കൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌. വൈഷ്‌ണവചാപം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. മനസ്സിന്റെ സാത്വികാഹങ്കാരത്തിന്റെ രൂപമാണ്‌ വിഷ്‌ണുവിന്റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന്‌ വജ്രനാദം എന്നും പേരുണ്ട്‌. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍, തന്റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്‌. പണ്ട്‌ സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ വിഷ്‌ണുവിനു നല്‍കിയതാണ്‌ സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്‌. ചൂണ്ടാണി വിരലിലിട്ട്‌ കറക്കി എറിഞ്ഞാണ്‌ മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്‌. സുദര്‍ശനചക്രം ദുഷ്‌ടന്മാര്‍ക്ക്‌ ഭയാനകവും, ശിഷ്‌ടന്മാര്‍ക്ക്‌ 'സു' ദര്‍ശനവുമാണ്‌. (മംഗളദര്‍ശനമാണ്‌) കര്‍മ്മേന്ദ്രിയങ്ങളും ജ്‌ഞാനേന്ദ്രിയങ്ങളും വിഷ്‌ണുവിന്‌ അസ്‌ത്രങ്ങളാകുന്നു. മഹാവിഷ്‌ണുവിന്റെ വാളാണ്‌ നന്ദകം. വിദ്യാമയമായ ജ്‌ഞാനത്തോടുകൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയില്‍ ധരിക്കുന്നവനാകുന്നു മഹാവിഷ്‌ണു. സുഗ്രീവന്‍, മേഘപുഷ്‌പന്‍, വലാഹലന്‍, ശൈബ്യന്‍ എന്നീ നാലുകുതിരകളെ പൂട്ടിയ തേരിലാണ്‌ വിഷ്‌ണുവിന്റെ സഞ്ചാരം. ദാരുകനാണ്‌ വിഷ്‌ണുവിന്റെ സാരഥി. കശ്യപപുത്രനായ ഗരുഡന്‍, വിഷ്‌ണു സ്‌മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി വാഹനമായിത്തീരുന്നു. വിഷ്‌ണുവിന്റെ നാല്‌ തൃക്കൈകളിലും ശംഖ്‌, ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു. മഹത്തത്വത്തെ വിഷ്‌ണു കൗമോദകിയെന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു. വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാന്‍ വിഷ്‌ണുവില്‍ത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍വച്ച്‌ പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാന്‍ വിഷ്‌ണുതന്നെ. നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീത ശാസ്‌ത്രവും, സര്‍വ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാന്‍ വിഷ്‌ണുവിന്റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്‌ണുവാകുന്നു. ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്‌ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടുംകൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

Continue Reading…

പ്രജാപതി മാഹാത്മ്യം


ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറിപുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

മരീചി
അത്രി
അംഗിരസ്സ്
പുലസ്ത്യൻ
പുലഹൻ
കൃതൻ
വസിഷ്ഠൻ
ദക്ഷൻ
ഭൃഗു
നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

ദക്ഷൻ
പ്രചേതസ്
പുലഹൻ
മരീചി
കശ്യപൻ
ഭൃഗു
അത്രി
വസിഷ്ഠൻ
ഗൗതമൻ
അംഗിരസ്സ്
പുലസ്ത്യൻ
കൃതൻ
പ്രഹ്ലാദൻ
കർദ്ദമൻ

Continue Reading…

അഹം ബ്രഹ്മാസ്മി!!!!


അഹം ബ്രഹ്മാസ്മി!!!!  എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.
നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ..
കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.
ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.
അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?
അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.
അങ്ങനെയെങ്കില് ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?
വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ? അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.
ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?
ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ... ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.
ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ.. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?
ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.. ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്.
ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്.
അതെ. അഹം ബ്രഹ്മാസ്മി!!!!

Continue Reading…

നിലവിളക്കിലെ തിരി നിലവിളക്ക് കത്തിക്കുമ്പോള്‍.........


നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം.
വിളക്കിന്‍റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്‍റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്‍റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങൾ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കത്തിക്കാൻ.
കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ്‌ വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖനെയ്‌ വിളക്കിനുമുമ്പിലിരുന്ന്‌ അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെയ്‌ വിളക്ക്‌ മറ്റ്‌ എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്‌. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ്‌ എണ്ണകള്‍ ഉപയോഗിച്ച്‌ വിളക്ക്കൊളുത്തരുതെന്നാണ്‌ സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത്‌ അശ്രീകരമാണ്‌.പ്രശ്നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്‌. ദീപം ഇടത്തുവശത്തേക്ക്‌ തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്‌. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്‌. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന്‌ പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട്‌ ഊതി നിലവിളക്ക്‌ അണയ്ക്കരുത്‌. തിരി പിന്നിലേക്കെടുത്ത്‌ എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊളുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates