Thursday, July 30, 2015

അഹം ബ്രഹ്മാസ്മി!!!!


അഹം ബ്രഹ്മാസ്മി!!!!  എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.
നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ..
കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.
ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.
അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?
അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.
അങ്ങനെയെങ്കില് ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?
വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ? അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.
ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?
ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ... ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.
ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ.. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?
ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.. ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്.
ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്.
അതെ. അഹം ബ്രഹ്മാസ്മി!!!!

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates