Monday, January 25, 2016

ശിവം അനന്തം


ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങള്‍ക്കും അപ്പുറത്ത്‌ അനന്തമായി വ്യാപിച്ചു നില്‍ക്കുന്ന സത്യവസ്തു ഏതോ അതിന്റെ പേരാണ്‌ ശിവം. ഈ കാണുന്ന ബ്രഹ്മാണ്ഡമായി പരിണമിച്ചതും അതുതന്നെയാണ്‌.ചലനമില്ലാതെ എന്നും അതുതന്നെയായി സ്ഥിതിചെയ്യുന്ന ആനന്ദസ്വരൂപമാണ്‌ അത്‌. ബ്രഹ്മംഎന്ന്‌ വിളിക്കുന്നതും അതിനെത്തന്നെയാണ്‌. യാതൊരു ചലനങ്ങളും സ്പര്‍ശിക്കാതെ നില്‍ക്കുന്ന ഈ ശിവത്തില്‍ സൃഷ്ടിക്ക്‌ വേണ്ടിയുള്ള ആദ്യ ചലനങ്ങള്‍ ആവിര്‍ഭവിക്കുന്നു. ആ സാന്നിദ്ധ്യത്തെയാണ്‌ ആദിമ ഇച്ഛയായി ആദിശക്തി, ആദിശക്തിയായി ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നത്‌. അപ്പോള്‍ നിത്യസത്യമായി ചലനമില്ലാതെ നിലകൊള്ളുന്ന ആ പ്രതിഭാസത്തില്‍നിന്ന്‌ ആദിമ ഇച്ഛയുടെ ചലനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതോടെ സൃഷ്ടി ആരംഭിക്കുകയായി. അതാണ്‌, ശിവശക്തികളുടെ സംഗമത്തില്‍നിന്നാണ്‌ സൃഷ്ടി ഉണ്ടാകുന്നതെന്ന്‌ പറയുന്നത്‌. ശക്തി ശിവനില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രപഞ്ചമില്ല, സൃഷ്ടിയും ഇല്ല. ശക്തിയില്ലെങ്കില്‍ ശിവന്‌ ഇളക്കമില്ല. കാരണം ഇളകണമെങ്കില്‍ ശക്തി വേണമല്ലോ. നമ്മുടെ ശരീരം ചലിക്കുന്നു. മനസ്സ്‌ ചലിക്കുന്നു. ഈ ചലനങ്ങക്ക്‌ നിദാനം ആ ശക്തി തന്നെയാണ്‌. നമ്മളെ പ്രവര്‍ത്തിപ്പിക്കുന്ന ആ ശക്തി എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന നിശ്ചലാവസ്ഥയാകുന്ന ശിവത്തില്‍ ലയിച്ചാല്‍ പിന്നെ സൃഷ്ടിയില്ല, പ്രപഞ്ചവും ഇല്ല. എല്ലാ ചലനങ്ങളും ഒതുങ്ങി അസ്തമിച്ച്‌ നില്‍ക്കുന്ന അവസ്ഥതന്നെയാണ്‌ സമാധി. ചലിക്കുന്നതെല്ലാം ആപേക്ഷികമാണ്‌ എന്ന്‌ പറഞ്ഞാല്‍ അതിന്‌ മാറ്റമുണ്ട്‌. ചലനമില്ലാത്തത്‌ നിത്യസത്യമായ അനന്തതമാത്രം. ചലനങ്ങളില്‍നിന്നും ചലനമില്ലാത്ത അവസ്ഥയെ പ്രാപിക്കുമ്പോള്‍ നമുക്ക്‌ നേടേണ്ടതെല്ലാം അവിടെനിന്നും സിദ്ധിക്കുന്നു. നാം പരമമായ ജ്ഞാനം നേടിയവരായിത്തീരുന്നു. അപ്പോള്‍ ജീവിത ചലനങ്ങളിലൂടെ പ്രപഞ്ച ചലനങ്ങളിലൂടെ എങ്ങോട്ട്‌ യാത്ര ചെയ്യുന്നു? ചലനമില്ലാത്ത ശിവത്തിലേക്ക്‌. ശിവത്തെ അറിഞ്ഞവന്‍ ജ്ഞാനിയായി. അതോടെ നമ്മുടെ ജീവിതം മറ്റൊന്നായിത്തീരുന്നു. പിന്നീട്‌ ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക്‌ പുറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്‍ണതയില്‍ പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടേയും നിത്യതൃപ്തിയുടേയും ഭൂമിയില്‍ നമ്മുടെ ആത്മാവ്‌ വിലയം പ്രാപിച്ച്‌ പരമമായ ശാന്തി കൈവരിക്കുന്നു. ശിവത്തെ അറിഞ്ഞ്‌ തിരിച്ചു വരുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ തലങ്ങളിലും എല്ലാ ചലനങ്ങളിലും പുതിയൊരു വസന്തം വിരിയുകയായി. നമ്മുടെ ജീവിതം ദിവ്യമായ ഒരു സംഗീതമായി ഒഴുകാന്‍ തുടങ്ങുകയായി. മനുഷ്യശരീരമാകുന്ന കൊച്ചു പേടകത്തില്‍ ഈ ബ്രഹ്മാണ്ഡത്തെത്തന്നെ ഒതുക്കിവെച്ച മഹാത്ഭുതം നാം സ്വയം അനുഭവിക്കുന്നു. നമ്മുടെ ശാസ്ത്രങ്ങളും ആചാര്യവചനങ്ങളും ഈ അവസ്ഥയെ പ്രാപിക്കാനുള്ള ചൂണ്ടു പലകകളാണ്‌.

തഥാതന്‍
Continue Reading…

ശിവലിംഗ പൂജയുടെ മാഹാത്മ്യം


പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു.അതി ശക്തനും സമർഥനും ആയിരുന്നു അദ്ദേഹം.ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങവേ വഴിയിൽ ജീർണിച്ചു നാമാവശേഷമായ ഒരു ശിവക്ഷേത്രവും അതിൽ മഞ്ഞും മഴയും വെയിലും കൊണ്ട് കിടന്ന ഒരു ശിവലിംഗവും കാണാൻ ഇടയായി. അദ്ദേഹം അത്യധികം തേജസ്സുള്ള ആ ശിവലിംഗവും കയ്യിലെടുത്തു യാത്ര തുടർന്നു.മാർഗമധ്യേ വേട്ടക്കായി കാട്ടിലെത്തിയ കാണാൻ ഇടയായ ശംബരൻ അദ്ധേഹത്തെ താണ്തോഴുതുകൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.” മഹാപ്രഭോ,അടിയൻ ഒരു വേടനാണ്.വനത്തിൽ നാമാവശേഷമായി കിടന്ന ഒരു ശിവ ക്ഷേത്രത്തിൽ നിന്നും അടിയനു ലഭിച്ചതാണീ ശിവലിംഗം.നീചജാതിക്കാരനായ അടിയനു പൂജാവിധികൾ ഒന്നും തന്നെ അറിയില്ല.അതിനാൽ ദയവുണ്ടായി അങ്ങ് അടിയന്റെ ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെകിൽ അടിയനു പറഞ്ഞു തന്നാലും”ശംബരന്റെ വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശംബരനു യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം ഉപദേശിച്ചു.

“അതിരാവിലെ എഴുന്നേറ്റു കുളിച്ചു ദേഹശുദ്ധി വരുത്തി ശിവലിന്ഗത്തെ ഒരു പാറമേൽ വെച്ച് പുഴവെള്ളം കൊണ്ട് കുളിപ്പിക്കണം പൂജ ചെയ്യുന്നവനരോ അവൻ നിത്യവും വസ്ത്രവും പല്ലും വെളുപ്പിക്കണം.ശിവപൂജക്ക് ഏറ്റവും ശ്രേഷ്ട്ടമായതു ചുടലഭസ്മം ആകയാൽ നീ ആ ഭസ്മം ശിവലിംഗത്തിലും ശരീരത്തിലും പൂശണം.ഫലമൂലാദികളും വരിനെല്ലുചോറും ചാമയും ഭഗവാനു നിവേദിക്കണം. ഒരിക്കലും ശിവപൂജ കഴിയാതെ ഭക്ഷണം കഴിക്കാനും പാടില്ല”

അങ്ങനെ ശംബരൻ പാഞ്ചാല രാജന്റെ ഉപദേശം സ്വീകരിച്ചു ഭഗവാനെ പൂജിക്കാൻ ആരംഭിച്ചു.നെല്ലും ചോറും ലഭ്യമല്ലാതതിനാൽ ചുട്ട ഇറച്ചിയും നിവേദിച്ചു വന്നു. ശംബരന്റെ പൂജയിൽ വേടത്തിയും പങ്കുചേർന്നു വന്നു.വർധിച്ച ഭക്തിയാൽ അവർ ശിവലിംഗ പ്രതിഷ്ട്ടക്ക് സമീപം ഒരു പർണ്ണശാല കെട്ടി പാർത്തു. മാസങ്ങൾ പലതും കഴിഞ്ഞു. ഒരു ദിവസം ചുടലഭസ്മം തേടി വളരെ അലഞ്ഞിട്ടും അതു ലഭിക്കാതെ വന്ന ശംബരന് അതീവ നിരാശയും ദുഖവും ഉണ്ടായി. ഭഗവദ് പൂജക്ക് വിഘ്നം സംഭവിക്കരുതെന്നു മനസിലുറപ്പിച്ച ശംബരൻ തന്റെ പ്രിയ പത്നി പടുതുയർത്തിയ പർണ്ണശാലക്ക് തീ വെച്ചു.ആ പർണ്ണശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല.ആശ്രമാത്തോടൊപ്പം അവളും വെന്തു വെണ്ണീറായി.ശംബരൻ ആ ഭസ്മമെടുത്ത് ശിവലിംഗത്തിലും ശരീരത്തും പൂശി യഥാവിധി പൂജകൾ കഴിച്ചു.

പൂജക്ക് ശേഷം പതിവുപോലെ പ്രസാദം നൽകാൻ തന്റെ പത്നിയെ വിളിച്ചു.അത്ഭുതമെന്നു പറയട്ടെ ,ചിരിച്ചുകൊണ്ട് രണ്ടുകയ്യും നീട്ടി പ്രസാദം വാങ്ങാൻ വേടത്തി അടുത്ത് നിക്കുന്നു.ആശ്രമത്തോടൊപ്പം താൻ ഭാര്യയെയും അഗ്നിക്കിരയാക്കിയ കാര്യമോർത്ത് ശംബരൻ അതിശയിച്ചു നിന്നു.അപ്പോൾ വേടത്തി പറഞ്ഞു. അല്ലയോ നാഥാ , പൂജക്ക് വിഘ്നം സംഭവിക്കരുതെന്ന ചിന്തയിൽ ആശ്രമാത്തോടൊപ്പം എന്നേയും അങ്ങ് അഗ്നിക്കിരയാക്കിയെങ്കിലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേ ഇല്ല.ആശ്രമം കത്തിയമരുമ്പോൾ എന്താണ് സംഭവിച്ചതെന്നു എനിക്ക് ഓർമ്മയില്ല .ഈ അത്ഭുതങ്ങൽക്കെല്ലാം കാരണം അങ്ങ് മുടങ്ങാതെ ചെയ്തുവന്ന ശിവലിംഗ പൂജയുടെ മാഹത്മ്യമാണ്. ഇരുവരും ഭക്തിപുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു.ക്ഷണനേരം കൊണ്ട് പുഷ്പക വിമാനത്തിൽ വന്നിറങ്ങിയ ശിവഗണങ്ങൾ ശംബരനേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തെക്ക് പോയി. അങ്ങനെ മുടങ്ങാതെ ശിവലിംഗ പൂജ ചെയ്ത ശംബരനും പത്നിയും ശിവപാദത്തിൽ അലിഞ്ഞു ചേര്ന്നു
Continue Reading…

കര്‍ണനു കിട്ടിയ ശാപം


ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു. എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു. അര്‍ജുനനോട് കൂടുതല്‍ വാത്സല്യമുള്ള ദ്രോണര്‍, അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോള്‍ കര്‍ണന്‍ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണര്‍ പറഞ്ഞു: ''നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാന്‍ പാടുള്ളൂ!''

നിരാശനാകാതെ കര്‍ണന്‍ ആ അത്യപൂര്‍വമായ വിദ്യ പഠിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയില്‍ താമസിക്കുന്ന പരശുരാമന്‍ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കര്‍ണന്‍ അറിഞ്ഞു. വൈകാതെ കര്‍ണന്‍ ഒരു ബ്രാഹ്മണബാലന്റെ വേഷത്തില്‍ പരശുരാമനെ ചെന്നുകണ്ടു. താന്‍ പരശുരാമന്റെ സ്വന്തം കുലമായ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ കര്‍ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കര്‍ണനെ പഠിപ്പിച്ചു.

ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താന്‍ പരിശീലിച്ചുകൊണ്ടിരുന്ന കര്‍ണന്‍ മാനാണെന്നു കരുതി ഒരു മഹര്‍ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹര്‍ഷി കര്‍ണനെ ശപിച്ചു: ''നീ തോല്‍പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിന്റെ തേര്‍ച്ചക്രങ്ങള്‍ ഭൂമിയില്‍ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!'' കര്‍ണന്‍ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹര്‍ഷി കനിഞ്ഞില്ല.

പരശുരാമന്‍ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കര്‍ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു.
ഒരു ദിവസം ആശ്രമത്തിന്റെ ഇറയത്ത് കര്‍ണന്റെ മടിയില്‍ തലവെച്ച് പരശുരാമന്‍ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കര്‍ണന്റെ തുട തന്റെ കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാന്‍ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കര്‍ണന്‍ വേദന സഹിച്ചുകൊണ്ടിരുന്നു.
വണ്ട് തുളച്ചുതുളച്ച്കയറിയപ്പോള്‍ കര്‍ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര ഒഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണര്‍ന്നു. ''എന്തുപറ്റി, ഭാര്‍ഗവകുമാരാ?'', പരശുരാമന്‍ ചോദിച്ചു.
കര്‍ണന്‍ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമന്‍ നോക്കിയ ഉടന്‍ വണ്ട് ചത്തുവീണ് രാക്ഷസന്റെ രൂപമെടുത്തു. 'ദംശന്‍' എന്ന രാക്ഷസനായിരുന്നു അവന്‍. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച അവന്‍ മുനിശാപം മൂലം വണ്ടായിത്തീര്‍ന്നതായിരുന്നു.

ദംശന്‍പോയ ഉടന്‍ പരശുരാന്‍ കര്‍ണനോടു ചോദിച്ചു: ''യഥാര്‍ഥത്തില്‍ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണര്‍ക്കില്ല. ക്ഷത്രിയര്‍ക്കേ അതു സാധ്യമാവൂ. സത്യം പറയൂ!''
കര്‍ണന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണു: ''സൂതനായ അധിരഥന്റെയും രാധയുടെയും മകനായ കര്‍ണനാണ് ഞാന്‍. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാന്‍ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!''

പരശുരാമന്‍ കോപം സഹിക്കാനാകാതെ കര്‍ണനെ ശപിച്ചു: ''വഞ്ചകാ! നിന്റെ ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓര്‍മ വരാതാകട്ടെ!''
കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കര്‍ണനോട് സഹതാപം തോന്നി പരശുരാമന്‍ ഇങ്ങനെയും പറഞ്ഞു: ''നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാന്‍ അനുഗ്രഹിക്കുന്നു!''

പരശുരാമന്റെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കര്‍ണന്‍ ഹസ്തിനപുരിയില്‍ തിരിച്ചെത്തി. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനോട് പോരാടുന്ന നേരത്ത് മഹര്‍ഷിയുടേയും പരശുരാമന്റേയും ശാപങ്ങള്‍ ഫലിക്കുകയും ചെയ്തു
Continue Reading…

അന്നദാനം മഹാദാനം.



അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ അവശനായി.ഗതിമുട്ടിയപ്പോള്‍ കര്‍ണ്ണന്‍ , കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമത്രേ!

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.

'ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം'

എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.
 —
Continue Reading…

കളമെഴുത്തിന്റെ ഐതീഹ്യം



പണ്ട് രാക്ഷസവരംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു. ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.

ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു. ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്
Continue Reading…

ശിവശക്തിയുടെ ദശാവതാരങ്ങൾ


ശിവം എന്നാല്‍ മംഗളം എന്നാണ് അര്‍ത്ഥം. ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ .ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു.താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം. ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍"ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്. അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്. ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു...ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ശിവന്‍റെ രൂപ സങ്കല്പം പ്രപഞ്ചം എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ് . പ്രപഞ്ചത്തിന്‍റെ പ്രതീകമാണ് ശിവന്‍ . പുരാതന ഋഷിവര്യന്‍മാര്‍ പ്രപഞ്ചത്തെ നോക്കി കണ്ടത് ശിവനായിട്ടാണ് . ദിഗംബരന്‍ ആണ് ശിവന്‍ .ദിക്കാകുന്ന വസ്ത്രം ഉള്ളവന്‍ . അത് നാം കാണുന്ന പ്രകൃതിയുടെ അതിരാണ് . ആകാശത്തിലെ കാര്‍മേഘം ആണ് ശിവന്‍റെ ജഢ.
Continue Reading…

ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ


കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പരിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.അവളോരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പരഞുകൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനുതുല്യംകണക്കാക്കുന്നു. എന്തുവരമാണ് നിനക്കുഞാന്‍ നള്‍കേണ്ടത്?മുനിയുടേ ചോദ്യം കേട്ട കലാവതി പരഞുഃ മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.
നീ ഇന്നുമുതല്‍ ശിവായ നമഃ എന്ന പഞ്ഛാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും. മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തേ നമസ്കരിച്ച് അ ആശ്രമത്തില്‍ നിന്നു മടങ്ങി..
ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാരിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യമായ ഒരു വരനെ നിയോഗിച്ചു.
ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്. മധുരഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. വരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി.ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധു വരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.

ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായ പ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയിന്ല്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപ്പിന്മാറി.

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തേരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന്അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പരഞ്ഞു.

നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തോടാന്‍ ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു- പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തോടന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പരഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാരറിട്ടുള്ളത്. പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പരഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.

അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗാര്‍ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മൂനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍ത്രുസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു. പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ? രാജാവേ, അങ്ങയുടെ മുഖവുംമ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?

മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പരഞ്ഞു.

മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു.. അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പരഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു...

നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പരഞ്ഞു.

പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്തിച്ചുകൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.

കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി.

കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാന്ന്..

എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമന്ന് അങ്ങയുടെ പാപം വിട്ടുമാരിയത്. എന്ന് കലാവതി പറഞ്ഞു..
ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്ദുഷ്ടരായി കൊട്ടാരത്തിലെക് മടങ്ങി. അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം ലാവതിയോടോപ്പം രാജ്യം ഭരിച്ചുവന്നു.

മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനേയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ം പഞ്ചാക്ഷരമാണ്.. പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി,പ്രയാഗ,രാമേശ്വം,ഗോകര്‍ണം, കാളഹസ്തി,കുംഭകോണം, മഹാാളക്ഷേത്രം,ചിതംബരം, ദക്ഷിണകൈലാസം എന്നു വിശേഷിപിക്കുന്ന വൈക്കം.

ഓം നമഃശിവായ..
Continue Reading…

മകരവിളക്കിന്‍റെ സന്ദേശം



ശബരിമലയുടെ തത്വം തന്നെ സമത്വമാണ്...പ്രപഞ്ചത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഊര്‍ജ്ജം സഞ്ചയിക്കപ്പെട്ടു കുടികൊള്ളുന്ന സ്ഥാനമാണ് ശബരിമല.....നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളായ പതിനെട്ടുപടികളും ചവിട്ടി സന്നിധാനത്തിലെത്തുന്ന ഭക്തന്‍ ഇവിടെ ഭഗവാനാകുന്നു..ലോകത്തൊരിടത്തും ഇത്തരമൊരു ദേവതാ സങ്കല്പം നിലനില്‍ക്കുന്നുണ്ടോയെന്നറിയില്ല...

ഭക്തനും ദേവനും ഒന്നായിത്തീരുന്ന സമത്വസുന്ദരമായ ആരാധനാപുണ്യം ശബരിമലയിലല്ലാതെ എവിടെയാണ് കാണാന്‍ കഴിയുക.. ഇവിടെയിരുന്നു നോക്കുമ്പോള്‍ സമുദ്രത്തിലെ തിരമാലകള്‍ പോലെ ഇടതടവില്ലാതെ ആര്‍ത്തലച്ചുവരുന്ന ഭക്തജനസഞ്ചയത്തെയാണ് കാണാന്‍ കഴിയുക...ഏവരുടുടെയുമുള്ളില്‍ ഒരേ ചിന്തയും ഒരേ വികാരവും മാത്രം...സ്വാമി അയ്യപ്പ ദര്‍ശനം എന്ന ഒറ്റ ലക്‌ഷ്യം മാത്രം

ഈ ഭക്തപ്രവാഹം അതിന്‍റെ പാരമ്യത്തിലെത്തുന്നത് മകര സംക്രമനാളിലാണ്...ശബരിമല ക്ഷേത്രത്തിന്‍റെ ചരിത്രം കേള്‍ക്കായ കാലം മുതല്‍ നിലനിന്നുപോരുന്ന ആചാരമാണ്...മകര സംക്രമ പൂജ പരശുരാമന്‍ ശബരിമലയില്‍ ശാസ്തൃവിഗ്രഹം പ്രതിഷ്ടിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിച്ചു പോരുന്നു ..,ഒരു കാലത്ത് കാട്ടു കള്ളന്മാര്‍ നശിപിച്ച ക്ഷേത്രം പുനരുദ്ധീകരിച്ച സ്വാമി അയ്യപ്പന്‍... ഇവിടെ തപസ്സിനിരുന്നെന്നും ഒരു മകര സംക്രമ നാളില്‍ അദ്ദേഹം ശാസ്താവില്‍ വിലയം പ്രാപിച്ചുവെന്നും മറ്റൊറു വിശ്വാസമുണ്ട്..ശബരിമല ക്ഷേത്രം കുടികൊള്ളുന്ന മലനിരകള്‍ മറ്റു പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ...അതില്‍പെട്ട ഒരു മലയാണ് പൊന്നമ്പലമല പൊന്നമ്പലമേട് എന്നും അറിയപ്പെടുന്ന ഈ മലയിലാണ് ശബരിമലയുടെ മൂലസ്ഥാനം കുടികൊള്ളുന്നതെന്നാണ് വിശ്വാസം..

പ്രാചീനകാലം മുതല്‍ യോഗീശ്വരന്മാരായ മുനിവര്യന്മാര്‍ എകാഗ്രചിത്തരായ് പൊന്നമ്പലമേട്ടില്‍ തപസ്സനുഷ്ടിക്കുകയും വര്‍ഷത്തിലൊരുതവണ മകരസംക്രമനാളില്‍ ശാസ്ത്ര്യപാദങ്ങളില്‍ ദീപാരാദന നടത്തുകയും ചെയ്തുപോന്നിരുന്നു ...ഇതിന്‍റെ പിന്തുടര്‍ച്ചയത്രേ ഇന്നും നിലനില്‍ക്കുന്ന മകരസംക്രമപൂജ..

ദക്ഷിണായനത്തില്‍നിന്ന് സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന ഈ പുണ്യദിനത്തില്‍ കാലപുരുഷന്‍റെ നേത്രംപോലെ കിഴക്ക് ചക്രവാളത്തില്‍ ഉദിച്ച് പൊങ്ങുന്ന നക്ഷത്രവും മകരജ്യോതിസ്സായി കരുതി ആരാധിക്കപ്പെടുന്നു...

പ്രപഞ്ചത്തില്‍ കാണുന്ന സകലതിനെയും ചരാചരങ്ങളായാലും മനുഷ്യ മനസ്സിന് ഉള്‍കൊള്ളാവുന്നതിനുമപ്പുരമുള്ള ശക്തിയായാലും ആരാധിച്ചുപോന്ന രീതിയാണ് ഭാരതസംസ്കാരം ...അപ്രകാരമുള്ള ഒരു സങ്കല്‍പ്പ ആരാധന രീതിയായിരിക്കനം മകരജ്യോതിസ്സിനു പിന്നിലുള്ളത്...

ശബരിമല സന്നിധാനത്തും പരിസരത്തും ഒത്തുചേരുന്ന ലക്ഷകണക്കിന് ഭക്തരുടെ അകമഴിഞ്ഞ വിശ്വാസം കേന്ദ്രീകരിക്കുന്ന ബിന്ദുവാണ് മകരജ്യോതിസ്സ്..സ്വാഭാവികമായും അവിടെ ചൈതന്യശക്തി വര്‍ദ്ധിക്കുന്നു ...

മകരസംക്രമ പൂജയ്ക്ക് ശേഷം മാളികപ്പുറത്തുനിന്ന് ആഘോഷപൂര്‍വ്വം നടത്തുന്ന വിളക്കെഴുന്നെള്ളിപ്പിനാണ് മകരവിളക്ക് എന്ന് പറയുന്നത്...

കന്നിഅയ്യപ്പന്മാര്‍ ശരംകുത്തിയില്‍ ശരക്കോല്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആകാംഷപൂര്‍ണ്ണമായ മാളികപ്പുറത്തമ്മയുടെ ഈ എഴുന്നെള്ളത്തും പൌരാണിക കാലം മുതല്‍ നിലനിന്നു പോരുന്നതാണ്...മകരമാസത്തിലെ ആദ്യ ദിനങ്ങളില്‍ നടക്കുന്ന ഈ എഴുന്നെള്ളത്താണ് യഥാര്‍ഥത്തില്‍ മകരവിളക്ക് എന്നപേരില്‍ അറിയപ്പെട്ടു തുടങ്ങിയത്...വിളക്കുപൂജ ,വിളക്കെഴുന്നള്ളിപ്പ് ,വിളക്കിനെഴുന്നള്ളിപ്പ് ഇവയെല്ലാം ദേവീപൂജയുമായി അഭ്യേദ്യമായ ബന്ധമുള്ള വാക്കുകളാണ് ...

ശബരിമല ധര്‍മ്മശാസ്താവ് സര്‍വ്വലോക ശാസ്താവാണ് ...ധര്‍മ്മത്തെ നിരന്തം പരിപാലിച് അധര്‍മ്മികളെ ശരിയായ് പാതയില്‍ എത്തിച്ച് നയിക്കുന്നവനാണ് ശാസ്താവ്...പലരും കരുതുന്നപോലെ അദ്ദേഹം ആരെയും ശിക്ഷിക്കാറില്ല...പകരം അധര്‍മ്മചാരികളെ പരിവര്‍ത്തനം വരുത്തി ധര്‍മ്മ മാര്‍ഗ്ഗത്തില്‍ എത്തിക്കുകയാണ് ചെയ്യാറുള്ളത്...

"സുഹൃദം സര്‍വ്വഭൂതാനാം സര്‍വ്വലോക മഹേശ്വരം " എന്നാണു

സര്‍വ്വ ഭൂതങ്ങളുടെയും ചരാചരങ്ങളുടെയും സുഹൃത്താണ് ശാസ്താവ്...അതേസമയം സര്‍വ്വലോകത്തിന്‍റെയും മഹേശ്വരനുമാണ്...ഇപ്രകാരം വാണരുളുന്ന ശാസ്താവിന്‍റെ സന്നിധാനത്തുനിന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ദുഖഭാരം ഇറക്കിവയ്ക്കുവാന്‍ എത്തുന്ന ലക്ഷങ്ങള്‍ക്കൊപ്പം ശാസ്ത്ര്യപാദപൂജയിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ശാന്തത ലോക നന്മയ്ക്കായി ഭാവിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു ...

എന്തിനും ഏതിനും ലാഭം കൊയ്യാനുള്ള വ്യഗ്രതയില്‍ ജീവിതം തന്നെ മറന്നുപോകുന്ന ആധുനിക മനുഷ്യന്‍റെ മനസ്സില്‍ സഹജീവികളോട് ഒരല്‍പം പരിഗണന ഉണ്ടാകുവാന്‍ അയ്യപ്പസ്വാമി തന്നെ അനുഗ്രഹിക്കട്ടെ...മകരവിളക്കിന്‍റെ മഹത്തായ സന്ദേശവും ഇത് തന്നെയാണ്...

( ലേഖനം : ..ബ്രഹ്മശ്രീ കണ്oരര് രാജീവര്‌ ..താഴമണ്‍ മഠം ..ശബരിമല )
 —
Continue Reading…

മഹാദാനം



എന്താണ് ദാനം? ശ്രീമദ് ഭാഗവതത്തിലൂടെ ഭക്തോത്തമനായ ഉദ്ധവരെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ നമ്മോട് പറയുന്നു ”ദണ്ഡന്യാസഃ പരംദാനം” ത്രിവിധ കരണങ്ങള്‍കൊണ്ടും ജീവികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ദാനം ആദ്യമേതന്നെ ഉദാഹരണങ്ങളിലൂടെ ഇതുവ്യക്തമാക്കാം. ത്രികരണ ശുദ്ധിഇല്ലാതെയും ധര്‍മ്മ പ്രകാരമല്ലാതെയും നേടിയ വസ്തുക്കള്‍ മറ്റുള്ളവര്‍ക്കു കൊടുത്താല്‍ അതുകൊടുക്കുന്നവനും വാങ്ങുന്നവനും ദോഷംചെയ്യുന്നു.

അറിയാതെയാണെങ്കിലും തന്റെ പശുക്കൂട്ടത്തില്‍ വന്നുപെട്ട ബ്രാഹ്മണന്റെ പശുവിനെ ദാനമായിക്കിട്ടിയ ബ്രാഹ്മണനുണ്ടായക്ലേശവും അതുപോലെ ദാനംചെയ്ത് ശാപഗ്രസ്ഥനായി ഓന്തായിമാറിയ നാഗരാജന്റെ കഥ ഭാഗവതത്തിലൂടെ നമുക്കു പറഞ്ഞുതരുന്നതു മറ്റൊന്നുമല്ല. അര്‍ഹിക്കുന്നവനു ദാനംചെയ്തില്ലെങ്കില്‍ ദാദാവിനും ദാനം കിട്ടിയവനും ഒരുപോലെ ദണ്ഡനും വരം കിട്ടിയ ഭസ്മാസുരന്റെ നാശവും വരം നല്‍കിയ പരമശിവന്റെ ക്ലേശവും നമുക്കറിയാം. പരിഹാരം കാണാന്‍ ലോകരക്ഷകനായ മഹാവിഷ്ണു മോഹിനിയായി അവതരിക്കേണ്ടിവന്നു. ദാനം ചെയ്യുമ്പോഴത്തെ മനോഭാവം പ്രാധാന്യമുള്ളതാണ്. സന്മനസ്സോടുകൂടിവേണം ദാനം ചെയ്യാന്‍. അതുപോലെ മോശമായതും നമുക്കുവേണ്ടാത്തതുമല്ല ദാനം ചെയ്യേണ്ടത്. മറിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ദാനംചെയ്താലേ അത് യഥാര്‍ത്ഥ ദാനമാകുകയുള്ളൂ.

ദാനശീലരായ അനേകം മഹാത്മാക്കളുടെ കഥകളെക്കൊണ്ട് നമ്മുടെ സംസ്‌കാരം സമ്പുഷ്ടമാണ്. മഹത്കാര്യങ്ങള്‍ക്കുവേണ്ടി ശരീരം പോലും ദാനംചെയ്തിട്ടുള്ള മഹത്തുക്കള്‍ മാതാവിനോടുള്ള സ്‌നേഹത്തിനടിമപ്പെട്ട് വിശ്വരൂപന്‍ അസുരന്മാര്‍ക്ക് യജ്ഞഭാഗം സമര്‍പ്പിച്ചതില്‍ കോപിച്ച ഇന്ദ്രദേവന്‍ അയാളുടെ ശിരസുകള്‍ ഛേദിച്ചു. ഇതറിഞ്ഞ് ത്വഷ്ടാവ് ഇന്ദ്രനുവേണ്ടി വൃത്രാസുരനെ സൃഷ്ടിച്ചു. വൃത്രാസുരനാല്‍ തോല്‍പ്പിക്കപ്പെട്ട ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വജ്രായുധത്തിനുവേണ്ടി ദധീചി മഹര്‍ഷിയോട് ശരീരം ചോദിച്ചു. യാതൊരുമടിയും കൂടാതെ ദധീചി തന്റെ ശരീരം ദാനം ചെയ്തു. ദധീചിയുടെ അസ്ഥികൊണ്ട് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച വജ്രായുധത്താല്‍ ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചു.

ദാനശീലരായ മഹത്തുക്കളുടെകൂടെയുള്ള സഹവാസംതന്നെ അനുയായികളെ പരമപദം പൂകാന്‍ സഹായിക്കുന്നുവെന്ന് രന്തിദേവന്റെ യശസ്സ് എക്കാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കിട്ടുന്ന ഭക്ഷണം അന്യര്‍ക്കു ദാനംചെയ്തതുമൂലം അന്നമോ ജലപാനം പോലുമില്ലാതെ ദിവസങ്ങളോളം ക്ലേശിച്ചിട്ടും അവസാനത്തെ തുള്ളിജലംപോലും ദാനംചെയ്ത് സര്‍വ്വസുഖങ്ങളും നിവര്‍ത്തിച്ചു. തന്നെയുമല്ല രന്തിദേവന്റെ സഹവാസം മൂലം അനുയായികളും ആത്മസമര്‍പ്പണംചെയ്ത് പരമയോഗികളായിത്തീര്‍ന്നു.

സ്വന്തം മാംസം പോലും അറുത്ത് ദാനം ചെയ്തുകൊണ്ട് അഗ്നിദേവന്റെയും ഇന്ദ്രന്റെയും പരീക്ഷണങ്ങളെ അതിജീവിച്ച ശിബിചക്രവര്‍ത്തിയുടെ ദാനശീലം, ദാനത്തിനുമുന്നില്‍ മരണംപോലും നിസ്സാരമായിക്കണ്ട് സഹജമായ മെയ്ച്ചട്ട ദാനം ചെയ്ത കര്‍ണ്ണന്റെ ദാനശീലം, ഇതൊന്നും ഒരുപക്ഷേ നമുക്കിന്നു വിശ്വസിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല.

”അവനവനാത്മസുഖത്തിനായാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം.”

എന്നമനോഭാവത്തേക്കാള്‍ വലിയ ദാനം എന്തുണ്ട്? ത്രികരണ ശുദ്ധിയോടുകൂടി ധര്‍മ്മ പ്രകാരം നേടിയതിനെ ദാനംചെയ്ത് ദണ്ഡങ്ങളകറ്റാന്‍ ഭഗവാന്‍ നമ്മെ അനുഗ്രഹിക്കട്ടേ.

വി.ആര്‍. ഗോപിനാഥന്‍ നായര്‍ 
Continue Reading…

യാദവരെ തീര്‍ത്ത ഇരുമ്പുലക്ക



പാണ്ഡവരും കൗരവരും കുട്ടിക്കാലത്തു തുടങ്ങിയ വൈരം വളര്‍ന്നു വലുതായി. ചൂതുകളിയില്‍ ചതികാണിച്ച് ധര്‍മപുത്രനെ തോല്‍പ്പിച്ച് ദുര്യോധനന്‍ രാജ്യം കൈവശപ്പെടുത്തുന്നു. യുദ്ധം ഒഴിവാക്കുവാന്‍ ദൂതുമായി ചെന്ന കൃഷ്ണനെയും അവര്‍ അപമാനിച്ചുവിട്ടു. ഗത്യന്തരമില്ലാതെ യുദ്ധം ആരംഭിക്കുന്നു. ആരംഭിച്ച യുദ്ധത്തില്‍ ഭഗവാന്‍ പാണ്ഡവപക്ഷത്ത് മനസ്സുകൊടുത്തു നിന്നതിന്നാല്‍ കൗരവപടപാടെ നശിച്ചു തകര്‍ന്നു.

യാദവ കുമാരന്മാര്‍ ഇതിനിടെ ഒരു കുസൃതി ഒപ്പിച്ചു. ജാംബവതിയുടെ മകനായ സാംബന്‍ സ്ത്രീ വേഷം കെട്ടി ഗര്‍ഭിണിയാണെന്നും ഇവര്‍ക്ക് ഏത് കുട്ടിയാണ് ജനിക്കുന്നതെന്നും വിശ്വാമിത്രര്‍ എന്നിവരോടും ചോദിച്ചു-ജ്ഞാനദൃഷ്ടിയാല്‍ നാലും അറിഞ്ഞ മുനീശ്വരന്മാര്‍ സാംബനെ നോക്കി പറയുന്നു. നീ ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഇരുമ്പുലക്ക നിമിത്തം നിങ്ങളുടെ യാദവകുലം നശിക്കുമെന്നും ശാപംകൊടുത്ത ശേഷം അവര്‍ യാത്രയാവുന്നു. ഉടനെ സാംബനും കൂട്ടുകാരും ചെന്നു ഉഗ്രസേന മഹാരാജാവിനോടു സംഗതികള്‍ എല്ലാം പറഞ്ഞു. ഉടനെ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു.

മുതിര്‍ന്നവരുടെ ആജ്ഞ പ്രകാരം ഇരുമ്പുലക്ക രാകി പൊടിച്ചു നടുകടലില്‍ ഇട്ടു. അതേപോലെതന്നെ രാകിപൊടിച്ച ഇരുമ്പുലക്കയുടെ പൊടികള്‍ മുഴുവന്‍ കടല്‍ തീരത്തു അണഞ്ഞു. ഓരോ കോരപുല്ലുകളായി വളര്‍ന്നു. ഇരുമ്പുലക്കയുടെ ബാക്കിവന്ന ഒരു കഷണം അവിടെ കിടപ്പുണ്ടായിരുന്നു. ആരോഅത് കടലിലെറിഞ്ഞു. അത് ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ആ മത്സ്യം ജാണ്‍ എന്ന വേടനു ലഭിച്ചു. പിന്നീട് ആ ഇരുമ്പുലക്കയുടെ തുണ്ടിനെ തന്റെ അമ്പില്‍ മുനയാക്കിചേര്‍ത്തുവെച്ചു.

ഈ സമയം യാദവരെല്ലാവരും കടപ്പുറത്തു ഒത്തുകൂടി. സന്തോഷത്തോടെ എല്ലാവരും മദ്യപാനവും തുടങ്ങി. മദ്യം അകത്തുചെന്നാല്‍ പിന്നെ പറയണോ! മദ്യം വിഷമാണ്, മദ്യം നമ്മുടെ കുടുംബത്തേയും നമ്മളെയും നശിപ്പിക്കും എന്നതിന് തെളിവായി-ഇതാ നമ്മുടെ ഇവിടെ കൂടിയിരുന്നവര്‍ തമ്മില്‍ വഴക്കായി വഴക്കുമൂത്തു കൈയിലുള്ള ആയുധങ്ങളെല്ലാം ഒടിഞ്ഞുപോയതിനാല്‍ കടപ്പുറത്തു തഴച്ചുവളര്‍ന്നിട്ടുള്ള കോരപുല്ലുകളെടുത്ത് പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ ഓരോരുത്തരായി മരിച്ചുവീഴാന്‍ തുടങ്ങി. പ്രദ്യുമ്‌നന്‍, സാമ്പന്‍ കൃതവര്‍മ്മാ, ശാരുകന്‍, കൃതവര്‍മ്മ-സാത്യകി അനിരുദ്ധന്‍ ശാരുവര്‍മ്മ എന്നിവരോടു യുദ്ധം വേണ്ട എന്നു കൃഷ്ണന്‍ പറയുന്നു. ഇതൊന്നും കേള്‍ക്കാതെ ശാരുകന്‍ തുടങ്ങിയവര്‍ എല്ലാവരും കൃഷ്ണനോടു ഏറ്റുമുട്ടി. കൃഷ്ണനും ഒരുപിടി കോരപ്പുല്ലുകൊണ്ട് അവരെ അടിച്ചു താമസിയാതെ എല്ലാവരും മരിച്ചുവീഴുന്നു.

പിന്നെ കൃഷ്ണനും ദാരുകനും മാത്രമായി. രണ്ടുപേരും നടന്നുവരുമ്പോള്‍ ബലരാമനെ ഒരു മരച്ചുവട്ടില്‍ കാണുന്നു. ബലരാമന്റെ മുഖത്തില്‍നിന്നും ഒരു ദിവ്യതേജസ്സുള്ള സര്‍പ്പം പുറത്തുവന്നു കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നു. കൃഷ്ണന്‍ ദാരുകനോടു പറയുന്നു. നീ ദ്വാരകയില്‍ നന്ദഗോപരോടും ഉഗ്രസേനനോടും ബലരാമന്‍ മോക്ഷപ്രാപ്തി അടഞ്ഞതും. ശ്രീകൃഷ്ണഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്ക് പോകുന്ന കാര്യവും പറയണം. താമസിയാതെതന്നെ ദ്വാരകയെ സമുദ്രം വിഴുങ്ങുമെന്നും ആയതിനാല്‍ നിങ്ങള്‍ ദ്വാരകയെ വിട്ടു ഉടനെ പോകണം എന്നുപറഞ്ഞേല്‍പിച്ചു.

അതുകഴിഞ്ഞ് ഭഗവാന്‍ ഒരു താഴ്ന്ന വൃക്ഷക്കൊമ്പില്‍ ഒരു കാലിന്മേല്‍ മറ്റൊരു കാല്‍ വെച്ചു കണ്ണുമടച്ചു കിടക്കുന്ന സമയം ആ വഴിക്കു വരുന്ന ജാണ്‍ കൃഷ്ണന്റെ പാദം കണ്ടു ഒരു മാനാണെന്നു കരുതി ഇരുമ്പുലക്കയുടെ തുണ്ട് അമ്പില്‍ മുനയായി വെച്ചിട്ടുള്ളത് പ്രയോഗിക്കുന്നു-അടുത്തുചെന്നു നോക്കിയപ്പോള്‍ ഭഗവാന്‍, വേടനു വലിയ വ്യസനമായി. വേടനെ ഭഗവാന്‍ സമാധാനപ്പെടുത്തുന്നു. നിന്നെ ഞാന്‍ രാമാവതാരത്തില്‍ ഇതുപോലെ ഒളിയമ്പു എയ്തു, അതിനു പകരമാണ് ഇതെന്നും ഭഗവാന്‍ വിവരിച്ചുകൊടുക്കുന്നു. ഉടന്‍തന്നെ ഒരു സ്വര്‍ഗരഥത്തില്‍ വേടനെ കൊണ്ടുപോയി. ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കും യാത്രയായി.

കെ.വി. രാമയ്യര്‍ 
Continue Reading…

മണ്ടക്കാട്ട് ഭഗവതി ക്ഷേത്രം



സര്‍വമന്ത്രയന്ത്രതന്ത്ര സ്വരൂപിണിയും വരദായിനിയുമായ മണ്ടക്കാട്ട് ഭഗവതി കുടികൊള്ളുന്ന ക്ഷേത്രമാണ് കന്യാകുമാരിയിലെ അഴകിയമണ്ഡപത്തിനടുത്തുള്ള മണ്ടക്കാട്ടമ്മന്‍ ക്ഷേത്രം. വൈഷ്ണവാംശ ശക്തിയാണ് ഇവിടെ പ്രതിഷ്ഠ. പ്രധാന ഉത്സവമായ കൊടയ്ക്ക് സ്ത്രീകള്‍ ധാരാളമായി എത്തുന്നതു കൊണ്ട് സ്ത്രീകളുടെ ശബരിമല എന്ന പേരിലും ഇവിടെ അറിയപ്പെടുന്നു. ആദിപരാശക്തിയുടെ പ്രതിഷ്ഠയാണിവിടുത്തേത്.

പൊങ്കാലയും കടല്‍ കാണലും

മണ്ടക്കാട് ക്ഷേത്രാചാരപ്രകാരം ഭഗവതിയെ ദര്‍ശിക്കാന്‍ വരുന്നവര്‍ നിശ്ഛയമായും പൊങ്കാലയിടണം. പൊങ്കാലയ്ക്കുള്ള സാധനങ്ങളെല്ലാം അന്പലത്തിനടുത്തുള്ള കടകളില്‍ നിന്ന് കിട്ടും. പൊങ്കാല നിവേദിക്കുന്നതും ഭക്തര്‍ തന്നെയാണ്. ചെറിയ ഇലക്കീറിന്‍ പൊങ്കാലയുടെ ഒരംശം വച്ച് ആരതികഴിഞ്ഞ് നിവേദ്യം സമര്‍പ്പിച്ചു കഴിഞ്ഞു. പൊങ്കാലയിട്ട് നിവേദ്യം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ "കടല്‍ കാണുക' എന്ന ചടങ്ങുണ്ട്. അന്പലത്തിന്‍റെ പിന്‍ഭാഗത്തുള്ള വഴിയിലൂടെ നേരെ നടന്നാല്‍ കടല്‍ക്കരയിലെത്തും. കടല്‍ വെള്ളത്തില്‍ കാല്‍ നനച്ചു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് തിരിച്ച് പോകാം.
വളരെ വിചിത്രമായ മറ്റൊരു ആചാരമാണ് മീന്‍ കറിയുണ്ടാക്കല്‍. ഭക്തര്‍ അവിടെ നിന്ന് വാങ്ങിയ മീനുപയോഗിച്ച് അവിടെ വച്ച് തന്നെ മീന്‍കറിയുണ്ടാക്കിക്കഴിക്കുന്നു.

ഐതീഹ്യം

ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതീഹ്യങ്ങളാണ് നിലവിലുള്ളത്.പനന്തേങ്ങ പരസ്പരം എറിഞ്ഞ് കളിക്കുന്ന ഒരു കളിയാണ് കട്ടയടി. ഒരിക്കല്‍ കുറച്ച് ഇടയന്‍മാര്‍ ഈ കളി കളിച്ച് കൊണ്ടിരിക്കേ അരികിലുള്ള ഒരു ചിതല്‍പ്പുറ്റില്‍ത്തട്ടി അതില്‍ നിന്ന് രക്തപ്രവാഹമുണ്ടായി. ദേവി വല്മീകരൂപത്തില്‍ ഇവിടെ ആവിര്‍ഭവിച്ചിരിക്കുകയാണ് എന്ന് ഒരാള്‍ ഉറഞ്ഞുതുള്ളി പറഞ്ഞു.പൊട്ടിയ പുറ്റിന്‍റെ വിടവ് ചന്ദനം കൊണ്ട് അടച്ചു. അപ്പോള്‍ രക്തപ്രവാഹം നിലച്ചു. പിന്നീട് മുതല്‍ അമ്മന് മുറയ്ക്ക് പൂജ ആരംഭിച്ചു. പൂജ ആരംഭിച്ചതോടെ പുറ്റ ക്രമേണ വളരാന്‍ തുടങ്ങി. ഇപ്പോഴത് ചെറിയ പര്‍വ്വതം പോലെയായിക്കഴിഞ്ഞു. ഉത്സവദിവസങ്ങളില്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മണ്ടക്കാട്ടമ്മന്‍റെ ദര്‍ശനത്തിനായി എത്തിച്ചേരുന്നു.ആയിരത്തി ഇരുന്നൂറോളം കൊല്ലം പഴക്കം വരുന്നതാണ് അന്പലവുമായി ബന്ധപ്പെട്ട മറ്റൊത്ധ ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ അനുചരന്‍മാരിലൊരാള്‍ മണ്ടെക്കാട്ട് എത്തിയിരുന്നു. അദ്ദേഹം അന്ന് പൂജ ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലത്താണത്രെ ശക്തിയുടെ അന്പലം പണി ചെയ്തത്.

മഹാവിഷ്ണുവിന്‍റെ ചക്രം സ്ഥാപിച്ച് ആരാധിച്ച ശിഷ്യന് പൂജ കഴിഞ്ഞ് ചക്രമെടുക്കാനായില്ല. തുടര്‍ന്ന് അദ്ദേഹം ദേവീ പ്രീതിക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട് പ്രത്യക്ഷപ്പെട്ട ശക്തി ആ സ്ഥലം തനിക്കിഷ്ടമായെന്നും അവിടെ തന്നെ വച്ച് പൂജിക്കണമെന്നും ആജ്ഞാപിച്ചു. അതനുസരിച്ച് അവിടെ കഴിഞ്ഞ മഹാവിഷ്ണുവിന്‍റെ ശിഷ്യന്‍ ഒരിക്കല്‍ ഭൂമിദേവിയെ പ്രതീപ്പെടുത്തി സമാധിയുമായി.
അതു വഴി കാളവണ്ടിയില്‍ പോയ രണ്ട് വ്യാപാരികള്‍ വിശപ്പകറ്റാന്‍ സമീപത്തെ വീടുകളില്‍ ചെന്നു. അവര്‍ ആ വ്യാപാരികളെ അമ്മന്‍ സന്നിധിയിലേയ്ക്ക് കൊണ്ടു വന്നു. അപ്പോള്‍ കുളിച്ചു ശുദ്ധിയോടെ വന്നാല്‍ ആഹാരം ലഭിക്കുമെന്ന അശരീരിയാണ് അവര്‍ കേട്ടത്. അതനുസരിച്ച് തിരിച്ചെത്തിയ വ്യാപാരികള്‍ക്ക് രണ്ട് വാഴയിലയില്‍ ഭക്ഷണം കിട്ടി. ആഹാരശേഷം ഉറങ്ങിയ അവര്‍ക്ക് തിരിച്ചു പോകുന്നതിനു മുന്പ് ദേവീ ദര്‍ശനവും ലഭിച്ചു.വ്യാപാരികള്‍ അവരുടെ പണസഞ്ചികള്‍ ദേവീ സന്നിധിയില്‍ ഉപേക്ഷിച്ചാണ് സ്ഥലം വിട്ടത്. അടുത്ത ദിവസം തിരുവിതാംകോട് സംസ്ഥാന മഹാരാജാവിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഇക്കാര്യങ്ങള്‍ ദേവി വിവരിച്ചെന്നും ആ സ്ഥലത്ത് തനിക്കായി ഒരു അന്പലം പണിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ രാജാവ് ദേവീ കല്‍പന പ്രകാരം നിര്‍മ്മിച്ചതാണ് മണ്ടയ്ക്കാട് ക്ഷേത്രമെന്നാണ് ഐതീഹ്യം.

കൊട മഹോത്സവം

മണ്ടക്കാട് കൊട എന്നാല്‍ ഭഗവതിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങള്‍ക്ക് ബലി കൊടുക്കുന്ന ചടങ്ങാണ് കൊട. കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് കൊട. അന്ന് ഏകാദശിയാണെങ്കില്‍ കൊട അതിന് മുന്‍പിലത്തെ ചൊവ്വാഴ്ച നടത്തുന്നു.സാധാരണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നക്ഷത്രം നോക്കിയല്ല ഇത് നടക്കുന്നത്. കൊട മഹോത്സവത്തിന് 17 ദിവസം മുന്‍പ് വത്ധന്ന ഞായാറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവവുമുണ്ട്. അത് അവസാനിക്കുന്നതും ചൊവ്വാഴ്ചയാണ്. അതിനു ശേഷവും വത്ധന്ന അടുത്ത ചൊവ്വാഴ്ചയാണ് എട്ടാം കൊടയെന്ന പേരില്‍ അഘോഷിക്കുന്നത്."വലിയ പടുക്ക' എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു.തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കില്‍ എഴുന്നള്ളത്തും ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ നട തുടര്‍ന്നിരിക്കും. പിന്നീട് നടയടച്ചാല്‍ വൈകിട്ട് അഞ്ചു മണിയ്ക്കേ വീണ്ടും തുറക്കൂ. അര്‍ദ്ധരാത്രിയോടയാണ് കൊടയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഒരു മണിയോടെ നടക്കുന്ന ഒടുക്കു പൂജയോടെ ഉല്‍സവത്തിന് കൊടിയിറങ്ങും.ഭഗവതിക്ക് മുന്നില്‍ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണ് ഒടുക്ക്. ശാസ്താംകോവിലിലാണ് ഒടുക്കിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഒന്‍പത് മണ്‍പാത്രങ്ങളിലായി നിറച്ച നിവേദ്യം ഒറ്റവെള്ളത്തുണികൊണ്ട് മൂടിയാണ് ദേവിസമക്ഷം എഴുന്നള്ളിക്കുന്നത്. ഗുരുക്കന്‍മാര്‍ വായ് മൂടിക്കെട്ടിയ കുടങ്ങളുമായി എഴുന്നള്ളുന്പോള്‍ നാഗസ്വരവും വെളിച്ചപ്പാടും അകന്പടിയായി ഉണ്ടാകും.
ക്ഷേത്രപരിസരം ഈ സമയം മൗനമായ ദേവി പ്രാര്‍ത്ഥനയാല്‍ മുഴുകും. എത്ര ആള്‍ത്തിരക്കുണ്ടെങ്കിലും എഴുന്നള്ളിപ്പ് സമയത്ത് ആരും സംസാരിക്കില്ല. ഒടുക്കിന് ശേഷം കുരുതി നടക്കും.നേരത്തെ ജന്തുബലിയാണ് നടന്നിരുന്നത്. ഇത് പിന്നീട് നിര്‍ത്തലാക്കി. ഇപ്പോള്‍ കുന്പളങ്ങ വെട്ടിമുറിച്ച് മഞ്ഞളും ചുണ്ണാന്പും കലക്കിയ നീര് തെളിച്ചാണ് കുരുതി നടത്തുന്നത്. കുരുതി കഴിഞ്ഞ് ദീപാരാധനയോടെ നടയടയ്ക്കും.
Continue Reading…

കാളിയൂട്ട്


പുരാതന ക്ഷേത്രകലകളിലെ മുടിയേറ്റ്, പടയണി, കാളിത്തീയാട്ട്, പറണിത്തോറ്റം തുടങ്ങിയ കലാരൂപങ്ങള്‍ കൂടിക്കലര്‍ന്നതാണ് കാളിയൂട്ട് എന്ന അനുഷ്ഠാന കല. ചിറയിന്‍‌കീഴിലെ ശാര്‍ക്കരയാണ് കാളിയൂട്ട് നടക്കുന്ന ഒരു പ്രധാന ക്ഷേത്രം.മുടി അണിഞ്ഞ ദേവിയും ദാരികനും പോരാടുകയും ആസുരതയെ നിഗ്രഹിച്ച് ദേവി നന്‍‌മയുടെ പ്രതീകമായ വിത്തെറിഞ്ഞ് മുടിത്താളം ആടുകയും ചെയ്യുന്നതോടെയാണ് ഒമ്പത് ദിവസത്തെ കാളിയൂട്ട് ഉത്സവം അവസാനിക്കുക. ഇതിന് കാളിനാടകം എന്നും പേരുണ്ട്.
കാളിയൂട്ട് ഗ്രാമീണമായ ഉത്സവമാണ്. അത് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹൈന്ദവ സങ്കല്‍പ്പങ്ങളില്‍ അധിഷ്ഠിതമാണ് ഈ കലാരൂപം എങ്കിലും ഇതിലെ ചില ചടങ്ങുകള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് നടത്തുക എന്നതുകൊണ്ട് ഇതിന് ജാതിമത ഭേദമില്ല എന്ന് അനുമാനിക്കാം. കായങ്കുളം പിടിച്ചടക്കാനായി തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ ശാര്‍ക്കരയിലെ ദേവിക്ക് കാളിയൂട്ട് നടത്താന്‍ നേര്‍ന്നുവെന്നും അദ്ദേഹത്തിന്‍റെ അമ്മ ഉമയമ്മ റാണി ഇത് നടത്താനുള്ള അധികാരം പൊന്നറ കുടുംബക്കാര്‍ക്ക് നല്‍കി എന്നുമാണ് പഴയ രേഖകള്‍ പറയുന്നത്.

1749 ലാണ് (കൊല്ലവര്‍ഷം 924) ആദ്യത്തെ കാളിയൂട്ട് നടന്നത്.രാജഭരണ കാലത്ത് കൊട്ടാരത്തിലെ പൂജാ കര്‍മ്മങ്ങള്‍ നടത്തുന്ന തേവാരക്കാര്‍ കുംഭത്തിലെ മൂന്നാമത്തേയോ അവസാനത്തെയോ വെള്ളിയാഴ്ച ശാര്‍ക്കരയിലെത്തി പൊന്നറ കുടുംബത്തിലെ കാരണവര്‍ക്ക് നീട്ട് നല്‍കുമായിരുന്നു. ഇപ്പോള്‍ മേല്‍ശാന്തിയുടെ നേതൃത്വത്തിലാണ് കുറികുറിപ്പ് നടത്തുന്നത്.കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാല്‍ പിന്നെ ഒമ്പത് ദിവസം സാമൂഹിമ അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകള്‍ നടക്കുക. ക്ഷേത്രമതില്‍ ക്കെട്ടിനകത്തുള്ള തുള്ളല്‍ പുരയിലാണ് ഇത് നടക്കുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദന്‍ പുറപ്പാട്, നായര്‍ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയര്‍ പുറപ്പാട്, മുടിയുഴിച്ചില്‍, നിലത്തില്‍ പോര് എന്നിവയാണ് കാളിയൂട്ടിലെ ഒമ്പത് ദിവസത്തെ പ്രധാ‍ന ചടങ്ങുകള്‍.
Continue Reading…

മകരപ്പത്ത് തൈപൂയം



മകരമാസത്തിലെ പൂയം നാളാണ്‌ തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്‌. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ്‌ ഇതെന്നും വിശ്വാസമുണ്ട്‌.ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍ വിശാഖമാണ്‌ എന്നാണ് കരു‍തുന്നത്‌. കാര്യമെന്തായാലും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഭക്തജനങ്ങള്‍ക്ക്‌ ഇത്‌ പുണ്യദിനമാണ്‌. സാക്ഷാല്‍ പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്‌. കാവടിയാട്ടവും മറ്റ്‌ പ്രത്യേക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു. പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ്‌ സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു.

വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്‌.അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച്‌ ബ്രഹ്മാവില്‍ നിന്ന്‌ അസുരരാജാവ്‌ നേടിയ വരമായിരുന്നു അതിനു കാരണം. വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ. വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ്‌ അന്ന്‌ ത്രിലോകങ്ങളും ഭരിച്ചിരുന്നത്‌. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക്‌ മാത്രമേ കഴിയൂയെന്ന്‌ ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ്‌ തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന്‌ ദേവന്മാരൊരുക്കിയ നാടകമാണ്‌ സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്‍റെയും വിവാഹത്തിന്‌ വഴിയൊരുക്കിയത്‌.സ്കന്ദ പുരാണത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ്‌ സ്കന്‍ദോല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്‌. താരകാസുരന്‍റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്ന രേതസ്സ്‌ ഭൂമിയാകെ നിറഞ്ഞു. ഭൂമിദേവിക്ക്‌ അത്‌ താങ്ങാന്‍ കഴിയാതെ വന്നള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ അഗ്നി ആ രേതസ്സ്‌ ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്‍റെ ശക്തിയാല്‍ അഗ്നിയുടെ തേജസ്സ്‌ കുറഞ്ഞു. ഒടുവില്‍ ശിവരേതസ്സിനെ അഗ്നി ഗംഗയുടെ ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ (ഞറുങ്ങണ പുല്ലുള്ള വനം) നിക്ഷേപിച്ചു. ആ ശിവബീജമാണ്‌ കുഞ്ഞിന്‍റെ രൂപം പ്രാപിച്ച്‌ സുബ്രഹ്മണ്യനായത്‌. ശരവണഭവന്‍ എന്ന്‌ പേരുണ്ടായത്‌ അങ്ങനെയാണ്‌.കൃത്തികകള്‍ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി. കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ്‌ ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി. ആറുമുഖങ്ങള്‍ യോഗ ശാസ്ത്രത്തിലെ ഷഡാധാരങ്ങളുടെ പ്രതീകമാണ്‌.പരാശക്തിയായ ശ്രീപാര്‍വതി ആറു തലകള്‍ക്ക്‌ മുലപ്പാല്‍ നല്‍കുന്നതോടെ കുഞ്ഞ്‌ ഏകശിരസ്സ്‌ സ്കന്ദനായി മാറി.

സുബ്രഹ്മണ്യന്‍റെ ആറു മുഖങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആറു പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്‌നാട്ടിലുണ്ട്‌. പഴനി, തിരുപ്പരംകുന്‍ഡ്രം, തിരിച്ചന്തൂര്‍, സ്വാമിമല, തിരുത്തനി, അഴകര്‍ മല എന്നിവയാണവ. അഗസ്ത്യമുനിയുടെ ശിഷ്യനായ ഭോഗര്‍ ആണ്‌ പഴനിയില്‍ പ്രതിഷ്ഠ നടത്തിയത്‌.ഹരിപ്പാട്‌, പയ്യന്നൂര്‍, പെരുന്ന, പെരളശ്ശേരി, ഉദയനാപുരം, കിടങ്ങൂര്‍, ഇടപ്പഴനി, പെരിശ്ശേരി, ചെറിയനാട്‌, ഉള്ളൂര്‍, എടക്കാട്‌, കല്ലാര്‍, ഉമയനല്ലൂര്‍, കുന്നുംപാര്‍ തുടങ്ങിയവയാണ്‌ കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍.ഹരിപ്പാട്ട്‌ആറടി ഉയരമുള്ള നാലു കൈയുള്ള ശിലാവിഗ്രഹമാണ്‌ പ്രതിഷ്ഠ. ഇത്രയുംവലിപ്പവും ചൈതന്യവുമുള്ള സുബ്രഹ്മണ്യ വിഗ്രഹം അപൂര്‍വമാണ്‌. തുലാ പായസമാണ്‌ ഇവിടത്തെ പ്രധാന വഴിപാട്‌.പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉരിയരി പായസവും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തണ്ണീരമൃതുമാണ്‌ പ്രധാന വഴിപാട്‌.പാലക്കാട്‌ ജില്ലയിലെ കൊടുമ്പില്‍ വള്ളീ സമേതനായ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്‌. ചൊവ്വാ ദോഷ പരിഹാരത്തിനും മാംഗല്യ സിദ്ധിക്കും ഇവിടെ വഴിപാട്‌ നടത്തുന്നു. ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപുര്‍, മൗറീഷ്യസ്‌ തുടങ്ങിയ പല സ്ഥലങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍കാണാം.തമിഴ്‌നാട്ടില്‍ ഏതാണ്ട്‌ എല്ലാ ഗ്രാമത്തിലും മുരുക ക്ഷേത്രങ്ങള്‍ ഉണ്ടെന്ന്‌ പറയാം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുമാരകോവില്‍ സുബ്രഹ്മണ്യസ്വാം, പഴമുതിര്‍ ചോലൈ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവ പ്രസിദ്ധമാണ്‌. സുബ്രഹ്മണ്യന്‍റെ പത്നി വള്ളി ശ്രീലങ്കയിലെ കതിര്‍ ഗ്രാമക്കാരിയാണെന്നാണ്‌ വിശ്വാസം.
Continue Reading…

മുടിപ്പുര


"മുടി' എന്നാല്‍ കിരീടം. ദേവിയുടെ കിരീടം വെച്ചാരാധിക്കുന്ന പുരയാണ് "മുടിപ്പുര". കൊടുങ്ങല്ലൂരമ്മയാണ് മുടിപ്പുരകളിലെ പ്രതിഷ്ഠ. പാതിവ്രത്യം കൊണ്ട് ഭര്‍ത്താവിനെ പുനരുജ്ജീവിപ്പീക്കുകയും ഒരു രാജ്യം ഭസ്മമാക്കുകയും ചെയ്ത ശക്തിയായ കണ്ണകി അടുത്ത വര്‍ഷത്തെ വിളവിന് അനുഗ്രഹിക്കണമെന്നാണ് പ്രാര്‍ത്ഥന.പ്രധാന ചടങ്ങുകളെല്ലാം വായ്മൊഴിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. തോറ്റം പാട്ടിലൂടെയാണ് ചടങ്ങുകള്‍ നടക്കുക. വായ്മൊഴിലൂടെ പകര്‍ന്ന അറിവുകളും വിശ്വാസങ്ങളും പഠിക്കുന്ന ഫോക്-ലോറിസ്റ്റുകള്‍ക്ക് ധാരാളം കണ്ടെത്തലുകള്‍ക്കു സാധ്യതയൊരുക്കുന്നതാണ് മുടിപ്പുരകളിലെ തോറ്റം പാട്ടും ആചാരാനുഷ്ഠാനങ്ങളും. ക്ഷിപ്രകോപിയായ ഭഗവതിയെ വിനയത്താല്‍ പ്രസന്നയാക്കി വയലില്‍ എത്തിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. കണ്ണകിയുടെ കഥ പാട്ടിലൂടെ പ്രതിപാദിക്കുന്ന തോറ്റം പാട്ടാണു മുടിപ്പുരകളില്‍ പാടുന്നത്.
ഇതിലെ കഥാസന്ദര്‍ഭമനുസരിച്ചാണ് ഉത്സവത്തിലെ ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന്‍റെ മൂന്നാം ദിവസം കണ്ണകിയുടെ വിവാഹ സന്ദര്‍ഭത്തെക്കുറിച്ചാണു പ്രതിപാദിക്കപ്പെടുക. ഈ ദിവസം മുടിപ്പുരയില്‍ അതിനനുസരിച്ചുള്ള പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ടാകും.

അതുപോലെ കണ്ണകിയുടെ ഭര്‍ത്താവായ കോവലനെ കൊല്ലുന്ന ഭാഗം പാടുന്നതോടെ പരിസരം നിശ്ശബ്ദമാകുന്നു. പിന്നീട് കോവലനെ പുനരുജ്ജീവിപ്പിച്ചതിന്‍റെ ആഘോഷത്തോടെയാണ് അന്തരീക്ഷം സജീവമാകുന്നത്. നാട്ടുകാരുടെയെല്ലാം പങ്കാളിത്തം മുടിപ്പുര ഉത്സവത്തിന് ആവശ്യമാണ്. നാട്ടുപ്രമാണിമാര്‍ നേതൃത്വം നല്കുന്ന ഉത്സവത്തില്‍ അന്നത്തെ ജാതിവ്യവസ്ഥയനുസരിച്ച് അധഃകൃതരാണ് പൂജാരിയാകുന്നത്. ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളെല്ലാം മണ്ണുമായി മല്ലിടുന്ന അവര്‍ണ്ണന്‍റെ കാര്‍മ്മികത്വത്തിലാണ് നടക്കുക.

ദ്രാവിഡപ്പഴമയുടെ ലക്ഷണമായ കള്ളും കുരുതിയും പൊലിക്കലും മുടിപ്പുരകളില്‍ നിര്‍ബന്ധമാണ്. കരിക്ക്, കമുകിന്‍പൂവ്, ചുറ്റുവട്ടത്തു നിന്നുള്ള പൂക്കള്‍, തുടങ്ങി സുലഭമായിരുന്ന വസ്തുക്കളാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്. ഇന്നു മുടിപ്പുര കെട്ടാന്‍ വയലുകളില്ല. വര്‍ഷത്തില്‍ പത്തുദിവസത്തോളം പുരകെട്ടി കുടിയിരുത്തിയ ദേവിയെ വരമ്പുകളില്‍ സ്ഥിരമായി കുടിയിരുത്തി. വയലിലെ മുടിപ്പുരകള്‍ കരയിലെ ക്ഷേത്രങ്ങളായി. അതോടെ ദേവിയെ കൊടുങ്ങല്ലൂരില്‍ നിന്നു വിളിച്ചു വരുത്തി കുടിയിരുത്തുന്ന വിശ്വാസവും അപ്രസക്തമായി.
കമുകിന്‍പൂവും പൂജാമലരുകളും ചുറ്റുവട്ടത്തു നിന്ന് അപ്രത്യക്ഷമായതോടെ എല്ലാം കമ്പോളത്തില്‍ നിന്നു വാങ്ങണമെന്നായി. കമ്പോളം അങ്ങിനെ മുടിപ്പുരകളെ ചെലവേറിയതാക്കി. ഇന്ന് മുടിപ്പുരകളില്‍ പൂജയും ഉത്സവപരിപാടികളും സ്പോണ്‍സര്‍മാരാണ് നടത്തുന്നത്.

കേരളത്തിന്‍റെ തെക്കേക്കോണില്‍ ആറ്റുകാല്‍, വെള്ളായണി, ബാലരാമപുരം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ കൂടുതലായി കണ്ടിരുന്ന മുടിപ്പുരകള്‍ പലതും ഇന്നു ക്ഷേത്രങ്ങളായി മാറിക്കഴിഞ്ഞു. നിത്യപൂജയ്ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമൊപ്പം ഇവിടെ മുടിപ്പുര ഉത്സവവും ആഘോഷിക്കുമെന്നു മാത്രം. ദേവിയെ കുടിയിരുത്തേണ്ട സാഹചര്യം ഇല്ലാതായതോടെ, നെല്ലെന്നാല്‍ 'അരിശിച്ചെടി'യെന്നു നമ്മള്‍ കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയതോടെ, മുടിപ്പുരകളുടെ സ്വത്വത്തിനു തന്നെ മാറ്റം സംഭവിച്ചു. ഒരു പുരാതനവിശ്വാസം കൂടി കച്ചവടത്തിന്‍റെ പുതിയ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി.വിളവിനു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കൂടുതല്‍ ലാഭത്തിനും വ്യക്തിപരമായ വിജയങ്ങള്‍ക്കും വേണ്ടിയായി. കടന്നുകയറ്റത്തിന്‍റെ പുത്തന്‍ സാദ്ധ്യതകള്‍ തേടി കമ്പോളം മതവും അധികാരവുമായുള്ള അതിന്‍റെ ബാന്ധവം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

തൂക്കം മുടിപ്പുര എന്നാ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത് , കേരളത്തിലെ എണ്ണം പറഞ്ഞ മുടിപ്പുരകളിൽ പ്രസിദ്ധമാണ് ഈ ക്ഷേത്ര സന്നിധി ,ദേവിയുടെ തിരുമുടി എഴുന്നള്ളിക്കുന്ന കളംകാവൽ എന്നാ ചടങ്ങ് വളരെ പ്രസിദ്ധമാണ് 
Continue Reading…

വെങ്കിടേശ്വര സ്വാമി



തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര സ്വാമി എന്ന വെങ്കിടാചലപതി ജനങ്ങളെ പാപങ്ങളില്‍ നിന്നും ഐഹിക ദു:ഖങ്ങളില്‍ നിന്നും കരകയറ്റുന്നവനാണ്. വെന്‍ + കട + ഈശ്വര = പാപ + മോചക + ദൈവം എന്നാണ് അര്‍ത്ഥം. ഭൌതിക ലോകത്തിലെ മായികതയില്‍ വീണുപോയ ആളുകളെ മോചിപ്പിക്കാന്‍ ആണ് വിഷ്ണുഭഗവാന്‍ വെങ്കിടാചലപതിയായി നിലകൊള്ളുന്നത്.
കലിയുഗത്തില്‍ ആളുകള്‍ സ്വന്തം നിലയും നിലപാടും എല്ലാം മറന്ന് ഐഹിക സുഖത്തിന്‍റെ ഭ്രമതയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ അവരെ കരകയറ്റാനായി വിഷ്ണു വെങ്കിടേശ്വരനായി അവതരിച്ചിരിക്കുകയാണ്.

ആദിശങ്കരന്‍ തിരുപ്പതിയില്‍ എത്തി വെങ്കിടാചലപതിയുടെ പത്മപാദത്തില്‍ ശ്രീചക്ര സമര്‍പ്പിക്കുകയും ഭജഗോവിന്ദം എന്ന കീര്‍ത്തനം ആലപിക്കുകയും ചെയ്തു. വെങ്കിടാചലപതിയെ കവിഞ്ഞ ഒരു ദേവത മുമ്പോ പിമ്പോ ഇല്ലെന്നാണ് വിശ്വാസം. തിരുവേങ്കിടം എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടം ക്കുന്നുകളിലാണ് വെങ്കിടാചലപതിയായ ബാലാജിയുടെ നില്‍പ്പ്. ലോകത്തിലെ ഏറ്റെവും ധനസമ്പത്തുള്ള ദൈവവും വെങ്കിടാചലപതി തന്നെ.
മാല്‍, തിരുമാല്‍, മണിവണ്ണന്‍, ബാലാജി, ശ്രീനിവാസ, വെങ്കിടേശ്വര, വെങ്കിടനാഥ, തിരുവേങ്കിടം ഉദയന്‍, തിരുവെങ്കിടത്താ‍ന്‍ തുടങ്ങി ഒട്ടേറെ പേരുകളില്‍ വെങ്കിടാചലപതി അറിയപ്പെടുന്നു.
തിരുപ്പതി എന്ന വാക്കിനര്‍ത്ഥം ശ്രീയുടെ, ലക്ഷ്മിയുടെ പതി = വിഷ്ണു എന്നാണ്. തിരുമലൈ എന്നാല്‍ ശ്രീയുടെ മല, ഐശ്വര്യത്തിന്‍റെ മല എന്നാണര്‍ത്ഥം.
Continue Reading…

നിലവിളക്ക്


നിലവിളക്കില്‍ എത്ര തിരി ഇടണം ?

ഗൃഹങ്ങളില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പലരുടെയും വലിയഒരു സംശയമാണ് ഇത്,

ധാരാളം പേര്‍ ഇതിനെ കുറിച്ച് ചോതിക്കാറുണ്ട് പ്രത്യേകിച്ച് വീട്ടമ്മമാര്‍,
അതിന് ഒരു വിധി ഉണ്ട്

" ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം "

വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും, രണ്ടു തിരി ധനവൃദ്ധിയും
മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.

രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.

ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വെക്കാന്‍ പാടില്ല . ഇലയീലോ,പൂവ്‌ ഉഴിഞ്ഞിട്ട്‌ അതിന്റെ പുറത്ത് വെക്കാം.

എള്ളെണ്ണ ഉപയോഗിച്ച്‌ വിളക്ക്‌ കത്തിക്കുകത്തിക്കുന്നതാണു ഉത്തമം.
വിളക്കില്‍ എണ്ണ വറ്റി കരിംതിരി കത്താനിടവരരുത്,ഇത് ദോഷമായാണ് കാണുന്നത്.

സന്ധ്യാദീപവന്ദന ശ്ലോകം

"ശിവം ഭവത് കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം
മമ ബുദ്ധിപ്രകാശായ സന്ധ്യാദീപം നമോസ്തുതെ"

ദീപജ്യോതി: പരം ബ്രഹ്മ
ദീപജ്യോതീര്‍ ജനാര്‍ദന
ദീപോ ഹരത് മേ പാപം
Continue Reading…

പഴനി മുരുകൻ ക്ഷേത്രം . തൈപൂയം



സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനി മുരുകൻ ക്ഷേത്രം. കോയമ്പത്തൂർ നിന്നും, മധുരയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കുന്നിനു താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളിൽ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരു-അവിനാൻ-കുടി എന്നറിയപ്പെടുന്നു.

പുരാണം

നാരദ മഹർഷി ഒരിക്കൽ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപർവ്വതം സന്ദർശിക്കുകയുണ്ടായി. ആ അവസരത്തിൽ നാരദൻ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാർത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോൾ, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹർഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ പരമശിവൻ, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാൾക്ക് ഈ പഴം സമ്മാനമായി നല്കുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാൻ പുറപ്പെട്ടു.

എന്നാൽ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനേയും, പാർവ്വതിയേയും കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന വിശ്വാസത്താൽ അവരെ വലംവെക്കാൻ തുടങ്ങി. തന്റെ പുത്രന്റെ വിവേകത്തിൽ സന്തുഷ്ടനായ പരമശിവൻ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാർത്തികേയൻ തിരിച്ചുവന്നപ്പോൾ തന്റെ പ്രയത്നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാർത്തികേയൻ കൈലാസ പർവ്വതത്തിൽ നിന്നു പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം പഴനിമലയിലെത്തിച്ചേരുന്നത്. അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാൻ വന്ന മാതാപിതാക്കൾ, കാർത്തികേയനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കാണ്, പഴം നീ. ഇതിൽ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്.

ഐതിഹ്യം

പതിനെട്ടു മഹർഷിമാരിൽ ഒരാളായ ഭോഗർ മഹർഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയിൽ സ്ഥാപിച്ചതെന്നു കരുതുന്നു. നവപാഷാണത്തിന്റെ ഒരു മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. [2] വളരെ വേഗം ഉറക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവല്കരിക്കാനുള്ള പ്രയത്നം തുടങ്ങാൻ കഴിഞ്ഞു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയിൽ പൂർത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങൾ മുഖം പോലെ തന്നെ മനോഹരമാക്കാൻ ശില്പിക്കു സാധിച്ചില്ല. മുരുകസ്വാമിയുടെ വിഗ്രഹത്തിൽ മുഖവും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായുള്ള ഒരു തുലനമില്ലായ്മ കാണാൻ കഴിയും, സൗന്ദര്യത്തിന്റെ കാര്യത്തിൽ. ഭോഗർ മഹർഷിയുടെ ഒരു ദേവാലയവും ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഇടനാഴിയിൽ സ്ഥാപിച്ചിട്ടുണ്ട്. മലയുടെ അകത്തുള്ള ഒരു ഗുഹയുമായി ഈ ഭോഗമഹർഷിയുടെ ദേവാലയം ബന്ധിച്ചിരിക്കുന്നു. ഇവിടെയാണ് ഇദ്ദേഹം, അഷ്ടദിക്പാലകന്മാരുമായി ധ്യാനത്തിലേർപ്പെടുന്നത് എന്നു വിശ്വസിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രനിർമ്മാണത്തിനുശേഷം, പിന്നീട് അരും ശ്രദ്ധിക്കാതെ,വനാന്തർഭാഗത്തു മറഞ്ഞുപോകുകയാണുണ്ടായത്. രണ്ടാം നൂറ്റാണ്ടിനും, അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് ഈ പ്രദേശം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ തന്റെ പതിവു നായാട്ടുമായി ബന്ധപ്പെട്ട് പഴനി മലയുടെ ഭാഗത്തു വന്നു ചേർന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ, രാജാവിന്റെ സ്വപ്നത്തിൽ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ടു. തന്റെ വിഗ്രഹം കണ്ടെടുത്ത്, അത് പഴയ രീതിയിൽ സ്ഥാപിക്കാൻ സ്വാമി രാജാവിനോട് ആജ്ഞാപിച്ചു. ഉറക്കത്തിൽ നിന്നും ഉണർന്ന രാജാവ്, അതിനടുത്ത് വിഗ്രഹത്തിനുവേണ്ടി തിരച്ചിൽ നടത്തുകയും, മറഞ്ഞു കിടന്നിരുന്ന സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. രാജാവ് വിഗ്രഹം പഴയപടി സ്ഥാപിക്കുകയും ആരാധനമുതലായവ തുടങ്ങുകയുടെ ചെയ്തു. ഇപ്പോൾ ക്ഷേത്രത്തെ ചുറ്റിയുള്ള മതിലിൽ ഒരു സ്തൂപത്തിൽ ഈ കഥ കൊത്തിവെച്ചിട്ടുണ്ട്.

സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം നേരത്തെ പറഞ്ഞതുപോലെ, ഒമ്പതു വസ്തുക്കളുടെ മിശ്രിതം കൊണ്ടാണ് ഉറപ്പിച്ചിരിക്കുന്ന്. മുരുകൻ പഴനിയിൽ വന്നതുപോലെ തന്നെയാണ് വിഗ്രഹവും പണിതിരിക്കുന്നത്. ബാലകനായിരുന്ന മുരുകനാണ് മാതാപിതാക്കളോട് പിണങ്ങി അവിടെ വന്നത്. തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് വിഗ്രഹത്തിന്. വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം. കയ്യിൽ ദണ്ഡും, വേലും. ഇതിൽ നിന്നും ആണ് ബാല-ദണ്ഡ്-ആയുധപാണി എന്ന പേരു മുരുകനു കിട്ടിയത്. വിഗ്രഹം പഴനിയിൽ സ്ഥാപിച്ചിരിക്കുന്നത് പടിഞ്ഞാറു ദിക്കിലേക്ക് ദർശനമായിട്ടാണ്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹം കിഴക്കോട്ട് ദർശനം ആയിട്ടാണ് സ്ഥാപിക്കാറുള്ളത്. ചേര സാമ്രാജ്യം പടിഞ്ഞാറോട്ടാണ് പടർന്നു കിടക്കുന്നത്. ആ സാമ്രാജ്യത്തിന്റെ രക്ഷക്കു വേണ്ടിയായിരിക്കണം, ചേരമാൻ പെരുമാൾ വിഗ്രഹത്തിന്റെ ദർശം പടിഞ്ഞാറു ദിക്കിലേക്കു വെച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ, സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികൾ സാധാരണയിലും വലിപ്പമുള്ളതാണ്. തന്റെ ഭക്തരുടെ പ്രാർത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂർവ്വം ആ ചെവികളിൽ എത്താനായിരിക്കും എന്നു കരുതുന്നു. ശ്രീകോവിലിനുള്ളിലെ ഗർഭഗൃഹത്തിലാണ്, വിഗ്രഹം സ്ഥിതിചെയ്യുന്നത്. ഗുരുക്കൾ സമുദായത്തിലെ പുരോഹിതന്മാർക്കാണ് വിഗ്രഹത്തെ സമീപിക്കാനും ഒരുക്കാനുമുള്ള അവകാശമുള്ളു. ഈ അവകാശം ഇവർ തലമുറകളായി കൈമാറി വരുന്നതാണ്. മറ്റുള്ളവർക്ക് ശ്രീകോവിലിന‌ടുത്തു വരെ വരാനെ അവകാശമുള്ളു. എന്നാൽ പുരോഹിതരുടെ സഹായികളായ ആളുകൾക്ക് ശ്രീകോവിലിനകത്തു വരാം, ഗർഭഗൃഹത്തിലേക്ക് പ്രവേശനമില്ല. പണ്ടാരം എന്ന സമുദായത്തിലെ ആളുകളാണ് ഇവിടെ പുരോഹിതരുടെ സഹായികളായി നിലവിലുള്ളത്.

പഴനി ക്ഷേത്രം

പഴനിയിലെ രണ്ടു കുന്നുകളിൽ ഒന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലയിലുണ്ടായിരുന്ന കാനനപാതകളാണ് മുമ്പ് ഭക്തർക്ക് ക്ഷേത്രത്തിലേക്കു പോകാനുള്ള വഴിയായി ഉണ്ടായിരുന്നത്. ആനകൾ സഞ്ചരിച്ചിരുന്ന വഴിയാണ് ഭക്തർ ഉപയോഗിച്ചിരുന്നത്. കൂടാതെ, മലയിൽ ചെത്തിയുണ്ടാക്കിയ കല്പടവുകളും ചിലയിടത്തുണ്ടായിരുന്നു. വിഗ്രത്തിൽ സമർപ്പിക്കാനുള്ള പുണ്യജലവും കൈയിലെടുത്താണ് തീർത്ഥാടകർ പണ്ട് മല കയറിയിരുന്നത്. പുരോഹിതന്മാരും മല നടന്നു തന്നെയാണ് കയറിയിരുന്നത്. എന്നാൽ ഭക്തർ ഉപയോഗിച്ചിരുന്ന പാതയല്ല, അതിനു നേരെ എതിർവശത്തുണ്ടായിരുന്ന മറ്റൊരു പാതയാണ് അവർ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ അര നൂറ്റാണ്ടായി, മലകയറ്റം സുഗമമാക്കാനായി കൂടുതൽ കല്പടവുകൾ നിർമ്മിച്ചു. കൂടാതെ, ഒരു ഫ്യൂണിക്കുലാർ റെയിൽവേ സംവിധാനവും അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ ഇരുമ്പിന്റെ വടത്തിൽ സഞ്ചരിക്കുന്ന ഈ സംവിധാനം, പ്രായാധിക്യത്താലും, ശാരീരികാസ്വാസ്ഥ്യത്താലും മല കയറുന്നവർക്ക് വളരെ ആശ്വാസമാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത് പഴയ ചേര ശില്പവൈദഗ്ദ്ധ്യത്തിലാണ്. എന്നാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള, ശില്പചാതുരി പാണ്ഡ്യ കാലഘട്ടത്തെയും, അവരുടെ സ്വാധീനത്തെയും ഓർമ്മിപ്പിക്കുന്നു. ശ്രീകോവിലിന്റെ മതിലിൽ പഴയ തമിഴ്ലിപിയിൽ ധാരാളം ദൈവികസ്തോത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ശ്രീകോവിലിനു മുകളിലായി സ്വർണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങൾ കൊത്തിവെച്ചിരിക്കുന്നു.
ശ്രീകോവിലിനരുകിലായി, സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാർവ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേർന്ന്, പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹർഷിയുടെ ആരാധനാലയമാണ്. പുറത്ത് സഹോദരനായ ഗണപതിയുടെ ആരാധനാലയവുമുണ്ട്.

ആരാധന . പഴനി കാവടി

വിഗ്രഹത്തിലുള്ള അഭിഷേകമാണ് പ്രധാന ആരാധനാ രീതി. വിവധ തരം ലേപനങ്ങൾ കൊണ്ട് വിഗ്രഹത്തെ അഭിഷേകം ചെയ്യുന്നു. എണ്ണ, ചന്ദനതൈലം, പാൽ എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തിയശേഷം, ശുദ്ധ ജലത്തിൽ വീണ്ടും അഭിഷേകം നടത്തുന്നു. ദിവസത്തിന്റെ ഓരോ പ്രത്യേക സമയങ്ങളിലാണ് ഈ അഭിഷേകം നടത്തുന്നത്.

വിഴ പൂജ - അതി രാവിലെയുള്ള പൂജ
ഉച്ചിക്കാലം - മദ്ധ്യാഹ്ന പൂജ.
സായരക്ഷൈ - വൈകീട്ടുള്ള പൂജ.
രാക്കാലം - രാത്രിയുള്ള പൂജ.
(ക്ഷേത്രം അടക്കുന്നതിനു തൊട്ടുമുമ്പ്).

ഈ പൂജകൾ നടക്കുമ്പോൾ ഭക്തരെ അറിയിക്കാനായി ക്ഷേത്രത്തിലുള്ള വലിയ മണി മുഴക്കുന്നത് പതിവാണ്. ശാന്തമായ അന്തരീക്ഷത്തിൽ പഴനി നഗരം മുഴുവൻ ഈ മണിയൊച്ച കേൾക്കാൻ കഴിയും.

അഭിഷേകത്തിനുശേഷം വിഗ്രഹത്തെ ആടയാഭരണങ്ങൾ അണിയിക്കുന്ന ചടങ്ങാണ്. ഇതിനെ അലങ്കാരം എന്നു പറയുന്നു. പിതാവിന്റെ രാജകൊട്ടാരത്തിൽ നിന്നും പഴനിയിൽ വന്നിറങ്ങിയ മുരുകന്റെ രൂപത്തിലായിരിക്കും മിക്കവാറും വിഗ്രഹത്തെ അണിയിച്ചൊരുക്കാറ്. ഇതു കൂടാതെ, ഭഗവാനെ ഉത്സവമൂർത്തിയായി അലങ്കരിച്ച്, സ്വർണ്ണരഥത്തിനുള്ളിൽ ഇരുത്തി ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്താറുണ്ട്. ഇത് ഭക്തരായിരിക്കും ഈ രഥം വലിച്ചുകൊണ്ടു പോകുന്നത്. ഇത് കാണുന്നത് പുണ്യമായി ഭക്തർ കരുതുന്നു.

ക്ഷേത്ര ആചാരങ്ങൾ

ക്ഷേത്രത്തിലെ മുഖ്യമായ ആചാരമാണ് ഭക്തരുടെ തലയിലെ മുടി നീക്കം ചെയ്ത, ചന്ദനം തേക്കൽ. ബാലമുരുകന്റെ ശിരസ്സിനോട് സാമ്യം തോന്നിക്കാനാണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്. വൈകീട്ട തലമുണ്ഡനം ചെയ്ത ചന്ദനം തേച്ച് അത് രാത്രിമുഴുവൻ സൂക്ഷിക്കുന്നത് ഭക്തരുടെ ഒരു രീതിയാണ്.

മദ്ധ്യാഹ്നത്തിൽ കുറച്ചു നേരവും, രാത്രിയിൽ വളരെ നേരത്തെയും ക്ഷേത്രം നട അടക്കും. പ്രതിഷ്ഠ ബാലമുരുകനായതിനാൽ, ബാലകന് ആവശ്യമായ ഉറക്കം കിട്ടുവാനാണെന്നാണ് വിശ്വാസം. കാരണം, ഭഗവാൻ പകലുമുഴുവനും ഭക്തരോട് സംവദിച്ച് ക്ഷീണിതനായിരിക്കുമത്രെ.

മറ്റൊരു ഐതിഹ്യം നിലനിൽക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ഭഗവാന്റെ പള്ളിയറയിൽ ആ ദിവസത്തെ ക്ഷേത്ര സംബന്ധമായ കണക്കുകൾ ഭഗവാൻ പ്രധാന പുരോഹിതനിൽ നിന്നും കേൾക്കുമത്രെ. അതിനുശേഷം മാത്രമേ ഭഗവാൻ പള്ളിയുറക്കത്തിനു പോകാറുള്ളു.
ഉത്സവങ്ങൾ

നിത്യ പൂജകൾക്കു പുറമെ ധാരളം ഉത്സവദിനങ്ങളും പഴനി മുരുക ക്ഷേത്രത്തിൽ കൊണ്ടാടാറുണ്ട്.

തൈ പൂയം
പങ്കുനി ഉത്തിരം
വൈകാശി-വിശാഖം
സൂര-സംഹാരം

തൈ പൂയം ആണ് പഴനി മുരുക ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി കരുതിപോരുന്നതും ആഘോഷിക്കുന്നതും. തമിഴ്മ് കലണ്ടറിലെ തൈ മാസത്തിലെ (ജനുവരി 15 - ഫെബ്രുവരി 15) പൂർണ്ണചന്ദ്രനെ കാണുന്ന ദിവസമാണ് ഉത്സവദിനമായി ആഘോഷിക്കുന്നത്. ദൂരെ നഗരങ്ങളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും ഭക്തർ കാൽനടയായി ഇവിടേക്കു വരുന്നു. തലമുണ്ഡനം ചെയ്ത് കാവടിയെടുത്താണ് ഇവർ ഭഗവാനെ കാണാനായി വരുന്നത്. ഹിഡുംബ എന്ന രാക്ഷസൻ പഴനിമലകൾ തന്റെ തോളിലേറ്റി ഇവിടെ കൊണ്ടു വന്നു വെച്ചതെന്ന വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഭക്തർ കാവടിയെടുക്കുന്നത്. ഹിഡുംബൻ, ബാലമുരുകന്റെ ഒരു ആശ്രിതനായിരുന്നു. ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത്. ഇതിനെ തീർത്ഥ-കാവടി എന്നു പറയുന്നു. കരൈക്കുടിയിലുള്ള ഭഗവാന്റെ ക്ഷേത്രത്തിൽ നിന്നും രത്നം പതിച്ച വേലുമായി വരുന്ന കരൈക്കുടിയിൽ നിന്നുള്ള ഭക്തർ വളരെ പ്രധാനപ്പെട്ടതായി കരുതപ്പെടുന്നു.
വിവാദം

തുടർച്ചയായുള്ള ധാരയും, അഭിഷേകവും മൂലം വിഗ്രഹത്തിനു ചെറിയ തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും, അതുമൂലം കുടിയിരിക്കുന്ന ചൈതന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കുറേ ഭക്തരെങ്കിലും വിശ്വസിച്ചു. എന്നാൽ പുരോഹിതരും, കുറേ ആളുകളും ഇതിൽ യാതൊരു സത്യവുമില്ലെന്നു പറയുകയുണ്ടായി. അവർക്ക് വിഗ്രഹത്തിൽ യാതൊരു മാറ്റവും കാണാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ദേവപ്രശ്നങ്ങൾ കാരണവും മറ്റും, പുതിയ ഒരു വിഗ്രഹം പ്രതിഷ്ഠിക്കാൻ തീരുമാനമായി. മാത്രമല്ല, അഭിഷേകങ്ങളിൽ ചിലത് നിറുത്താനും തീരുമാനമായി. ഇത് വിഗ്രഹം ദ്രവിച്ചപോകുന്നത് തടയും എന്ന് വിദഗ്ദ്ധർ പറഞ്ഞു. 2004 ജനുവരി 27ന് 100 കിലോഗ്രാം ഭാരമുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു ആരാധന തുടങ്ങി. എന്നാൽ യാഥാസ്ഥിതികരായ ഭക്തരുടെ കടുത്ത എതിർപ്പിനെ തുടർന്ന് പഴയ വിഗ്രഹത്തിൽ തന്നെ ആരാധന തുടരാൻ തീരുമാനിക്കുകയായിരുന്നു.
പൂജകൾ

ദർശനത്തിനായി ഭക്തർക്ക് ശ്രീകോവിൽ തുറക്കുന്നത് സാധാരണ രാവിലെ 6.00 മണി മുതൽ വൈകീട്ട് 8.00 മണി വരെയാണ്. ഉത്സവദിനങ്ങളിൽ രാവിലെ 4:30 ന് നടതുറക്കും.

വിഴ പൂജ (രാവിലെ 6:30)
സിരു കാലം പൂജ (രാവിലെ 8:30)
കാല ശാന്തി (രാവിലെ 9:00)
ഉച്ചികാല പൂജ (ഉച്ചക്ക് 12:00)
രാജ അലങ്കാരം (വൈകീട്ട് 5:30)
രാക്കാല പൂജ (രാത്രി 8:00)
തങ്ക രഥം (വൈകീട്ട് 6:30)

കടപ്പാട് : ഭരത ക്ഷേത്ര
Continue Reading…

ഭക്തകവയിത്രി അവ്വയാര്‍

തിരുക്കുറളിന്റെ കര്‍ത്താവായ തിരുവുള്ളവരുടെ സമകാലീനയായിരുന്നു അവ്വയാര്‍. സാധാരണ ജനങ്ങളും ഭരണാധികാരികളും ഒന്നുപോലെ വലിയ ജ്ഞാനിയായിരുന്ന അവ്വയാറില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയിരുന്നു. ബാല്യത്തിലെ അനാഥയായ അവ്വയെ എടുത്തുവളര്‍ത്തിയത്‌ ഒരു കവിയാണ്. പതിനാറ്‌ വയസ്സായപ്പോഴേക്കും ആ കുട്ടിയുടെ സൗന്ദര്യം എവിടെയും സംസാരവിഷയമായി. പല രാജാക്കന്മാരും രാജകുമാരന്മാരും അവളെ പാണിഗ്രഹണം ചെയ്യാന്‍ കൊതിച്ചു. എന്നാല്‍ ഈശ്വരാരാധനയിലും കലയിലുമായിരുന്നു അവ്വയുടെ ഹൃദയം ഉറച്ചിരുന്നത്. വിവാഹബന്ധത്തില്‍ കുടുങ്ങാതെ, ദരിദ്രരെയും, സാധുക്കളെയും സേവിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ രക്ഷകര്‍ത്താക്കള്‍ക്ക് രാജകീയകമിതാക്കളുടെ നിര്‍ബന്ധം ചെറുക്കുവാനാവാതെ അയല്‍നാട്ടിലെ രാജാവുമായി മകളുടെ വിവാഹം തീരുമാനിച്ചു.
അവ്വയാര്‍ തന്റെ പ്രിയപ്പെട്ട വിഘ്നേശ്വരനെ വിളിച്ചുകരഞ്ഞു. 'പ്രഭോ വിഘ്നേശ്വരാ.., ഇവരെല്ലാം എന്റെ ഈ ശരീരത്തോടുള്ള ആസക്തിയില്‍ കുടുങ്ങിയിരിക്കുന്നു..! എന്നാല്‍ ജ്ഞാനത്തിന്റെ ഈശ്വരിയായ ദേവിക്ക്‌ എന്നെതന്നെ സമര്‍പ്പിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. അതുകൊണ്ട് എന്റെ ശരീരത്തിന്റെ സൗന്ദര്യവും യൗവ്വനവും ഇല്ലാതാക്കി ഇവരില്‍നിന്നും മുക്തയാക്കിയാലും..' ഗണേശന്‍ അവ്വയാറിനെ ഒരു വൃദ്ധയാക്കിയെന്നും ശേഷം വിവാഹാഭ്യര്‍ത്ഥനയുമായി ആരും ശല്യപ്പെടുത്തിയിട്ടില്ലെന്നും വിശ്വസിക്കപ്പെടുന്നു.
വീടുപേക്ഷിച്ചിറങ്ങിയ അവ്വയാര്‍ നാടുനീളെ ചുറ്റിസഞ്ചരിച്ച് ജനങ്ങളുമായി സമ്പര്‍ക്കപ്പെടുകയും അവരെ സന്മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുകയും ചെയ്തു. ലളിതമായ ആഹാരം, വസ്ത്രരീതി മുതലായവ സ്വീകരിച്ച് ജനങ്ങളുടെ ദൈനംദിനജീവിതത്തിലെ സംഭവങ്ങള്‍ നിരീക്ഷിച്ച് അതെക്കെ സാരോപദേശം നടത്താനുള്ള അവസരങ്ങളായി ഉപയോഗിച്ചു.
ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ വഴിയാണ് അവ്വയാര്‍ ജനങ്ങള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. പാവങ്ങളുടെ ആഹാരത്തിന്റെ പങ്കുപറ്റി ജീവിച്ചിരുന്നതുകൊണ്ട് കഞ്ഞിക്കുവേണ്ടി പാടിയവളെന്നും പേരുണ്ടായി. കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന അവ്വയാറിന്റെ ആത്തിചൂടി, കൊന്റൈ വേന്തന്‍ എന്നീ കൃതികള്‍ ഇന്നും കുട്ടികള്‍ രസിച്ചു വായിക്കുന്നു. മുതുരൈ, നള്‍വഴി എന്നിവയും അവ്വയാറിന്റെ പ്രസിദ്ധങ്ങളായ പുസ്തകങ്ങളാണ്. തത്ത്വചിന്തകളും ജീവിതസത്യങ്ങളും ഉള്‍കൊള്ളുന്ന ഈ രചനകളെല്ലാംതന്നെ പിന്‍തലമുറക്ക് മുതല്‍കൂട്ടായി ഇന്നും നിലനില്‍ക്കുന്നു.
തമിഴിന്റെ മുത്തശ്ശിയായി ആരാധിക്കപ്പെടുന്ന അവ്വയാറിനു സ്മരണാഞ്ജലികള്‍
Continue Reading…

സ്വയം പ്രത്യക്ഷം ആകുന്ന തിരവാഭരണ ഘോഷയാത്രയിലെ ശ്രീകൃഷ്ണ പരുന്തിനെ നേരിട്ട് കണ്ട അത്ഭുദം പങ്കു വച്ചൊരു ഭക്തന്‍

ഇത് സ്വാമിയുടെ സത്യം ..!!
സ്വയം പ്രത്യക്ഷം ആകുന്ന തിരവാഭരണ
ഘോഷയാത്രയിലെ ശ്രീകൃഷ്ണ
പരുന്തിനെ നേരിട്ട് കണ്ട അത്ഭുദം 
പങ്കു വച്ചൊരു ഭക്തന്‍

സ്വാമിയേ ശരണം അയ്യപ്പാ...
അയ്യപ്പസ്വാമിയെ നമിച്ചുകൊണ്ടല്ലാതെ ഇതെഴുതാൻ എനിക്ക് കഴിയില്ല . കാലാകാലങ്ങളായി കേട്ടതും ടെലിവിഷനിൽകൂടിയും ചിത്രങ്ങളിൽ കൂടിയും കണ്ടതുമായ ഒരു മഹത്കാഴ്ച എന്നെന്റെ കണ്ണുകൾക്ക്‌ മുന്നിൽ കാണാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചു . മകരവിളക്ക്‌ മഹോത്സവത്തിന് ശേഷം പന്തളത്തേക്കുള്ള മടക്കയാത്രയിൽ തിരുവാഭരണപേടകഘോഷയാത്ര ഇന്ന് രാവിലെ അയിരൂർ പുതിയകാവ് ദേവിക്ഷേത്രത്തിൽ എത്തി. രാവിലത്തെ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഘോഷയാത്ര അടുത്ത ലക്ഷ്യമായ ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.ഘോഷയാത്രയുടെ ചിത്രങ്ങൾ പകർത്താനായി ഞാനും കൂടെ പുറപ്പെട്ടു, അയിരൂർ ചെറുകോൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നീലംപ്ളാവ് പാലത്തിൽ നിന്ന് ഘോഷയാത്രയുടെ ദൃശ്യം പകർത്താനായി ഞാൻ നദിയുടെ അക്കരെകരയിൽ പാലത്തിൽ തയാറായി നിന്നു. ശരണംവിളിയുടെ അകമ്പടിയോടെ പാലത്തിലൂടെ നീങ്ങിയ യാത്ര ഏകദേശം പാലത്തിന്റെ മദ്ധ്യഭാഗത്തായി എത്തിയപ്പോൾ പെട്ടെന്ന് ഒരു ശ്രീകൃഷ്ണപരുന്ത് തിരുവാഭരണപേടകത്തിന്‌ മുകളിൽ കൂടി ഒന്ന് വലംവച്ച് പറന്ന് കടന്നു പോയി,കാലാകാലങ്ങളായി പറഞ്ഞുകേട്ട, ഇതുവരെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിക്കാത്ത ആ കാഴ്ച ... തിരുവാഭരണപേടകങ്ങൾ പന്തളത്ത് നിന്നു പുറപ്പെടുന്ന നിമിഷം മുതൽ തിരികെ പേടകങ്ങൾ പന്തളത്ത് എത്തുന്നതുവരെ ഭഗവത് സാന്നിധ്യമായി ഘോഷയാത്രയുടെ കൂടെ കാണുന്ന ശ്രീകൃഷ്ണപരുന്ത് ... തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന,ആദ്യ ദിവസം വിശ്രമിക്കുന്ന അയിരൂർ പുതിയകാവ് ക്ഷേത്രത്തിന് സമീപവാസി ആണെങ്കിലും ഇതുവരെ ഈ ദർശനഭാഗ്യം എനിക്ക് നേരിട്ട് കിട്ടിയിരുന്നില്ല , ഘോഷയാത്ര ഒന്നാം ദിവസത്തെ വിശ്രമസ്ഥലമായ അയിരൂർ പുതിയകാവിൽ എത്തുമ്പോൾ ഏകദേശം രാത്രി 8-9 മണിയാകും . പുലര്ച്ചെ 2.30 യോടെ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുകയും ചെയ്യും. ആയതിനാൽ ഈ ദർശനഭാഗ്യം നാളിതുവരെ സാധിച്ചിരുന്നില്ല . ചിത്രം എടുക്കാനായി കാത്തിരുന്ന ഞാൻ ഈ കാഴ്ച കണ്ടതും ഒരു നിമിഷം സർവതും മറന്ന് നിന്നുപോയി , എങ്കിലും പെട്ടെന്ന് ക്യാമറ എടുത്ത് ക്ളിക്ക് ചെയ്തപ്പോൾ ഒരു ചിത്രം കിട്ടി. ഓർമ്മവച്ച നാൾ മുതൽ തിരുവാഭരണപേടകങ്ങൾ കാണാനും ഏകദേശം 28 വർഷത്തോളം ഭഗവത് ദർശനം നടത്താനും ഭാഗ്യം സിദ്ധിച്ച എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സൗഭാഗ്യമായി ഈ ദിനം മാറി . തിരുവാഭരണഘോഷയാത്രയിലുടനീളം കാണുന്ന ശ്രീകൃഷ്ണപരുന്തുകൾ ഭഗവത് സാന്നിധ്യമായാണ് ഭക്തർ കരുതുന്നത് . ഇന്ന് അത് നേരിട്ട് കാണാനും അനുഭവിച്ചറിയാനുമുള്ള ഒരു ഭാഗ്യം സിദ്ധിച്ചു . എന്തിനെയും ഇതിനെയും സംശയദ്രിഷ്ടിയോടെ കാണുന്ന ചിലർക്ക് ഒരുപക്ഷെ ഈ പോസ്റ്റ്‌ ദഹിക്കില്ല, തെളിവുകൾ ആവശ്യമുള്ളവർക്ക് നല്കാൻ ഒറിജിനൽ ചിത്രം കയ്യിലുണ്ട് . ഓരോ ശബരിമലവൃതവും ശബരിമലയാത്രയും ഭഗവൽ ദർശനവും നമുക്ക് തരുന്ന മനസ്സുഖം അത് ലോകത്ത് മറ്റൊരിടത്തും ലഭിക്കാത്ത പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭവമാണ് , ഒരാത്മനിർവൃതിയാണ്. വരും വർഷങ്ങളിലും ആ ഭാഗ്യം ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ, സ്വാമിയേ ശരണംഅയ്യപ്പാ...........
Continue Reading…

Sunday, January 3, 2016

നാഗസന്യാസിമാർ


ഹിമാലയമെന്ന അൽഭുതപ്രപഞ്ചത്തിൽ അംഗ്രേസി,അംഗാരൻ ,അഗഢ,ഉഗ്രൻ.കപാലികൻ.....തുടങ്ങി 108 സന്യാസി വിഭാഗങ്ങളിൽ അതിപുരാതന കാലം തൊട്ടേ രൂപം കൊണ്ടുപ്രവർത്തിച്ചുവരുന്ന അങ്ങേയറ്റം നിഗൂഢത നിറഞ്ഞ സന്യാസി സംഘമാണു നാഗസന്യാസികൾ.

ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി നിന്ന്‌ മാത്രം ഉറങ്ങുന്നവര്‍, ഉരിയാടാതെ, ജലപാനമില്ലാതെ ദിനരാത്രങ്ങള്‍ കഴിക്കുന്നവര്‍. കേള്‍ക്കുമ്പോള്‍ അവിശ്വസനീയം. എന്നാല്‍ ഇത്‌ സത്യമാണ്‌. ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ തപസ്സു ചെയ്യുന്ന നാഗസന്യാസിമാരാണ്‌ ഇത്തരക്കാര്‍. ദൈവ നിയോഗമെന്ന വിശ്വാസവുമായി തപസ്സും, കഠിന ജീവിത ചര്യയും ശീലമാക്കിയ ഇവര്‍ ആത്മസര്‍പ്പണത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നവരാണ്.

ക്രിയായോഗസിദ്ധാന്തത്തിലെ 144 മുറകളും നിരവധി ചേമ്പറുകളും സ്വായത്തമാക്കി നമ്മുടെയെല്ലാം യുക്തിക്കും ചിന്തയ്ക്കും അപ്പുർത്തുള്ള അതികഠിനാ സാധനാമുറകളും ഹിമാലയ കാലാവസ്ഥയും അത്യപൂർവ്വ പച്ചിലമരുന്നുകൾമാണു ഇവരുടെ ജീവിതത്തിന്റെ അടിത്തറ. ഗുപ്തകാശിക്കപ്പുറം നിബിഡമായ വനമധ്യത്തിലെവിടെയൊ തികച്ചും അജ്ഞാതമായി ഇവർ വസിക്കുന്നുവെന്നും ആചാര്യസ്വാമികൾ അസ്ത്രധാരികളെന്നും ശാസ്ത്രധാരികളെന്നും രണ്ടായിതിരിച്ചിട്ടുണ്ട്‌ എന്നും പറയപ്പെടുന്നു.

ഹിമാലയ സാനുക്കളിലെ കൊടുംതണ്ണുപ്പില്‍ പുലര്‍ച്ചെ നാല്‌ മുതല്‍ പകല്‍ 12 വരെ ഇവര്‍ തപസ്സനുഷ്ഠിക്കും. തപസ്സുചെയ്യുമ്പോള്‍ വിവസ്ത്രരാവുമെന്നതാണ്‌ നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച്‌ സന്യാസം സ്വീകരിച്ചവരാണിവര്‍.
പ്രകൃതിയില്‍ നിന്ന്‌ കണ്ടെത്തിയ ഒറ്റമൂലികളാണ്‌ ഇവരുടെ ആരോഗ്യം കാക്കുന്നത്‌. പ്രകൃതിക്ക്‌ വിരുദ്ധമായി ജീവിക്കുന്നവരെ തിരുത്തി ധര്‍മ മാര്‍ഗ്ഗത്തിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം

കറതീർന്ന ശൈവരാണിവർ ഇവരിൽ തന്നെ വിവിധസംഘങ്ങളുണ്ട്‌. വീട്‌,കുടുംബം,ധനം, സുഖസൗകര്യങ്ങൾ തുടങ്ങി ഭൗതികജീവിതത്തിൽ അനാസക്തിയുള്ളവരാണിവർ. - ഭോഗമില്ല. ദിഗംബരനാഗസന്യാസിമാരെന്നാണു പൊതുവേ ഇവർ അറിയപ്പെടുന്നത്‌. ശരീരബൊധമില്ലാതെ ദിക്‌ അംബരമായിക്കണ്ട്‌ പിറന്നപടി,പ്രകൃതിയുമായി അത്രക്കിണങ്ങി ജീവിക്കുന്നു.അടിമുടി ഭസ്മം പൂശിയും എണ്ണിയാലൊടുങ്ങാത്ത രുദ്രാക്ഷമണികളുടെ മാലയും നീണ്ട ജഡയും ഇവരുടെ പ്രത്യേകതകളാണു.

കണ്ണുകൾക്ക്‌ പ്രകൃത്യാലുള്ള 9 ഡൈമെൻഷനും ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതുകൊണ്ട്‌ ഇവരുടെ കണ്ണുകൾ എപ്പോഴും തീകുണ്ഡം മാതിരി ജ്വലിച്ചുനിൽക്കും. അതുകൊണ്ടുതന്നെ ഒറ്റനോട്ടം കൊണ്ട്‌ ഇവരെ തിരിച്ചറിയാൻ സാധിക്കും .പക്ഷേ,കാണുക എന്നതിനു ഭാഗ്യം ചെയ്യണം. സാധാരണ ജനങ്ങളുമായി ഇടപഴകുന്നതിൽ ഒട്ടും തൽപരലല്ലാത്തവർ കുംഭമേളകളിൽ മാത്രമേ പ്രത്യക്ഷപെടാറുള്ളൂ.

കുംഭമേള 4 ഇടങ്ങളിൽ എവിടെയാണെങ്കിലും സമയാസമയം നമ്മെ വിസ്മയിപ്പിച്ചുകൊണ്ട്‌ വന്നെത്തുന്നു. എവിടെനിന്നു വരുന്നെന്നോ എവിടെ അപ്രത്യക്ഷരാവുന്നുവെന്നോ ഒരു പിടിയും കിട്ടില്ല.കുംഭമേളയുടെ മഹനീയത ഇവർക്കറിയാം. രാശിചക്രങ്ങളുടെ അത്യപൂർവ്വ സൂര്യമുഹൂർത്തങ്ങളിൽ ഗംഗയിലുരുത്തിരിയുന്ന ശക്തിചൈതന്യം പകരാനും, തങ്ങളുടെ ആത്മീയശക്തിയെ പ്രൊജ്വലിപ്പിക്കുവാനുമാണു ഇവർ കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്‌.

മഹാരഹസ്യങ്ങളുടെ കലവറയാണിവർ. ഇവരുടെ അനുവാദമില്ലാതെ ഒരു ക്യാമറകണ്ണുകൾക്കും ഇവരുടെ ശരീരക്ഷേത്രം പകർത്താനാവില്ല.അതികഠിനമായ ധ്യാനയും യോഗയും ജീവിതപ്രസാദമായി കാണുന്ന ഇവർ കുംഭമേളയ്ക്കു വരുമ്പോൾതന്നെ പ്രത്യേക പരിഗണന നൽകി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒതുങ്ങി മാറും. തശക്തിയുടെ ചൂട്‌ ഏകദേശം രണ്ടുമീറ്റർ അടുത്തെത്തുമ്പോൾ തന്നെ മനസ്സിലാകും.

copied# Lineesh Ecഭക്തി ചിന്തകളും അറിവുകളും

Continue Reading…

അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?



അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ? ഹരിദ്വാര്‍, ഋഷികേശ്‌, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാവുന്ന ഒരു സന്യാസി സമൂഹമാണ്‌ അഘോരികള്‍. അഘോരി എന്ന സന്യാസി സമൂഹത്തെപറ്റി ഒട്ടനവധി തെറ്റിദ്ധാരണകള്‍ ഇന്ന്‌ സമൂഹത്തിലുണ്ട്‌. അഘോരി എന്ന സന്യാസി സമൂഹത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ്‌ ഈ പോസ്റ്റ്‌.
അഘോരി സന്യാസിമാരെ അവസരം കിട്ടുമ്പോഴൊക്കെ തെറിവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്‌ സമൂഹത്തില്‍. എന്നാല്‍ ഇതൊന്നും അവരെ ബാധിക്കാറില്ല എന്നത്‌ മറ്റൊരു സത്യം. അഘോരി സന്യാസ സമൂഹത്തെ കുറിച്ച്‌ പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ പലതുണ്ട്‌. ഗംഗയില്‍ ഒഴുകിനടക്കുന്ന ശവശരീരങ്ങള്‍ പിടിച്ചെടുത്ത്‌ ഭക്ഷിക്കുക, ഭംഗും, കഞ്ചാവും ഉപയോഗിക്കുക, ആര്‍ത്തവത്തിലുള്ള സ്തീയുമായി രതിയിലേര്‍പ്പെടുക, സാധാരണ ആള്‍ക്കാരെ തെറിപറഞ്ഞ്‌ ഓടിക്കുന്നവര്‍, എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ്‌ അഘോരികളെ കുറിച്ചുള്ളത്‌. കാശി, ഋഷികേശ്‌ തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ പലപ്പോഴും നമുക്ക്‌ അഘോരി സന്യാസി സമൂഹമായി അടുത്തിടപഴകാനും അവരെ കുറിച്ച്‌ പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌.
ശൈവ ചൈത്യന്യത്തെ അതിണ്റ്റെ അടിതട്ടുവരെ കണ്ട്‌ ഉപാസിക്കുന്നവരാണ്‌ അഘോരികള്‍. ചുടുകാടാണ്‌, ശൈവമൂര്‍ത്തിയുടെ ഇരിപ്പിടം എന്ന അടിസ്ഥാനത്തിനു പിന്നില്‍ മാനുഷിക അഹങ്കാരങ്ങളുടെ അവസാനം ആ ചുടലക്കാട്‌ തന്നെയാണെന്ന് തിരിച്ചറിയിപ്പിക്കുന്നതാണ്‌. മനുഷ്യശരീരം ചുട്ടുകരിച്ച ഭസ്മം അനേകം അരോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്ന് കരുതിപോരുന്നു. അത്മീയതയില്‍ ആ ചാരത്തിണ്റ്റെ തണുപ്പേയുള്ളൂ ഓരോ ശരീരങ്ങള്‍ക്കുമെന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌ അഘോരീ സന്യാസിമാര്‍ ശരീരമാകെ ഭസ്മാഭിഷേകം നടത്തുന്നു. രാത്രി പന്ത്രണ്ടുമണിക്ക്‌ ശേഷം തലകുത്തി നിന്ന് മണിക്കൂറുകളോളും നീണ്ടുനില്‍ക്കുന്ന ധ്യാനം. ഓരോന്നിനും ഓരൊ അര്‍ത്ഥങ്ങളാണ്‌. സാധാരണ മനസ്സുകള്‍ക്ക്‌ തിരിച്ചറിയപെടാനാകാത്ത നിഗൂഡമായ പ്രാപഞ്ചിക സത്യങ്ങള്‍.
അഘോരികള്‍ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നു എന്നത്‌ ശരിയാണ്‌. മൃതശരീരത്തോട്മാത്രമല്ല. സാധാരണ മനുഷ്യന്‌ അറപ്പും വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവാരണിവര്‍. എത്രമാത്രം വൈരാഗ്യത്തിലേക്ക്‌ ജീവിതത്തില്‍ പോകാമോ അതിലേക്കുള്ള യാത്രയാണ്‌ അഘോരി സന്യാസിമാരുടെ ജീവിതം. അതിനുള്ള വഴികളാണിതൊക്കയും. സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ ആവശ്യൊപ്പെടുന്നതൊന്നും ഈ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന അഘോരി എന്ന സന്യാസിമാര്‍ക്കില്ല. ഞാന്‍ എന്ന ബോധംപോലും ഉപേക്ഷിച്ച്‌ ഉള്ളിലെ ഈശ്വരനെ തിരിച്ചറിഞ്ഞ്‌ ജീവിക്കുന്ന ഇവരുടെ പ്രവര്‍ത്തികളെ സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല. അത്ര എളുപ്പമല്ല നശ്വരമായ മനുഷ്യശരീരത്തെ നിസ്സാരമായി പച്ചയോടെ ഭക്ഷിക്കുക എന്നത്‌. കെട്ടുകഥകളെക്കാള്‍ അത്ഭുതകരമാണ്‌ ചിലപ്പോള്‍ പല യാഥാര്‍ത്ഥ്യങ്ങളും. നമുക്ക്‌ അളക്കാനാവുന്നതിലും അപ്പുറത്താണ്‌ അഘോരികള്‍
ഭാവി പ്രവചിക്കുന്നവരാണ്‌, അനുഗ്രഹിക്കുന്നവരാണ്‌ അഘോരികള്‍ എന്നൊക്കെ നാം കേേട്ടിട്ടുണ്ട്‌. എന്നാല്‍ അഘോരികള്‍ ഭാവി പ്രവചിക്കാറുമില്ല ആരേയും അനുഗ്രഹിക്കാറുമില്ല. എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവ്‌ അമൂല്യമാണ്‌. പൊതുബന്ധത്തെ വിട്ടൊഴിഞ്ഞ്‌ ദിക്ക്‌ എന്ന വസ്ത്രത്തെ മാത്രമുടുത്ത്‌ സ്വയം ഈശ്വരനായി കഴിയുന്നവര്‍. അമൂല്യമായ ഔഷധക്കൂട്ടുികളുടേയും വിദ്യകളുടേയും മൂലസ്ഥാനമാണ്‌ ഇക്കൂട്ടര്‍. വസ്ത്രം എന്നത്‌ നാണം എന്ന മനുഷ്യ സഹജ വാസന ഉള്ളവര്‍ക്ക്‌ മാത്രം ഉള്ളതാണ്‌. എന്നാല്‍ തങ്ങളെ സ്വയം മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ എല്ലാ മനസ്സുകളും തങ്ങളുടേതുതന്നെ എന്ന് മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ വസ്ത്രം ആവശ്യമുള്ള ഒന്നല്ല. കടുത്ത വേനലിനേയും ഹിമാലയത്തിലെ പൂജ്യം ഡിഗ്രിക്കും താഴെയുള്ള കൊടുതണുപ്പിനെ വസ്ത്രരഹിതമായി ഇവര്‍ നേരിടുകളും ചെയ്യുന്നത്‌ സ്വയമാര്‍ജ്ജിച്ചിരിക്കുന്ന മാനസിക നിലകൊണ്ടാണ്‌. അഘോരികളെകുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നതല്ല. അന്വേഷിച്ചു പോയാലും പിടിതരാത്ത ചില പ്രഹേളികകളെ കാലം കാത്തുവെയ്ക്കും. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ. ഓം നമ:ശിവായ.

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates