Thursday, February 16, 2017

സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം

*

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്.
 അത്രി മഹര്‍ഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതില്‍ പ്രധാനം. ദേവന്‍മാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.

അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോല്‍പ്പത്തിയ്ക്ക് കാരണമായി പറയുന്നത്. 

ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല.

പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തില്‍ ഒറ്റയ്ക്കാണെന്ന ചിന്ത മഹര്‍ഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാല്‍ മഹര്‍ഷിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ദേവി ഭര്‍ത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തില്‍ പോകാന്‍ അപേക്ഷിച്ചു. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു.

ഭര്‍ത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാര്‍ഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹര്‍ഷി നാരദന്‍ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാര്‍വ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭര്‍ത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാര്‍ അവരെ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭര്‍ത്താക്കന്‍മാരെ അനസൂയയുടെ അടുത്തേക്ക് അയക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂര്‍ത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി.

സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോള്‍ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങള്‍ക്ക് ഭിക്ഷയും ആഹാരവും തരാന്‍. ഇതുകേട്ട അനസൂയ ഒരു നിമിഷം തന്റെ ഭര്‍ത്താവിന്റെ പാദ പൂജ ചെയ്ത ജലത്തില്‍ നോക്കി പ്രാര്‍ഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.

ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാര്‍ ഭര്‍ത്താക്കാന്മാരെ പഴയ രൂപത്തില്‍ തിരിച്ചു നല്‍കണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവര്‍ത്തിയില്‍ അവര്‍ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂര്‍ത്തികളെ പഴയ രൂപത്തില്‍ ദേവിമാര്‍ക്ക് തിരിച്ചു നല്‍കി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

ദേവേന്ദ്രന്‍ നിര്‍മ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹര്‍ഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തില്‍ ഇന്ദ്രന്‍ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹര്‍ഷിയുടെ പര്‍ണ്ണശാലയിലെത്തിയ ഇന്ദ്രന്‍ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണര്‍ന്ന ഗൗതമമഹര്‍ഷി നേരം പുലര്‍ന്നെന്നു കരുതി പൂജകള്‍ക്കായി തൊട്ടടുത്തുള്ള നദിക്കരയില്‍ പോയി. തുടര്‍ന്ന് ഗൗതമമഹര്‍ഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രന്‍ അഹല്യയെ സമീപിക്കുന്നു. സ്‌നാദിപൂജകള്‍ക്കായി പോയ ഗൗതമഹര്‍ഷി ഇരുട്ടു മാറിയില്ലെന്നു മനസിലാക്കി പര്‍ണ്ണശാലയില്‍ തിരികെയെത്തുന്നു.

അപ്പോള്‍ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹര്‍ഷി കാണുന്നത്. രോക്ഷാകുലനായ മഹര്‍ഷി ശിലയായി പോകട്ടെയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടെയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രന്‍ ത്രിമൂര്‍ത്തികളെ തപസു ചെയ്‌തെന്നും അവര്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നല്‍കിയെന്നുമാണ് വിശ്വാസം. തുടര്‍ന്ന് ഇന്ദ്രന്‍ ത്രിമൂര്‍ത്തികള്‍ക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ.

നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു.

ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്‍പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാര്‍കഴിയും ചിത്തിരയും. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ശൈവ, വൈഷ്ണവ ഭക്തരെ ആകര്‍ഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ മുപ്പതോളം ദേവിദേവന്‍മാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates