Thursday, February 16, 2017

വളരെ നല്ല ഒരു കഥ കേട്ടത് താഴെ കൊടുക്കുന്നു


ഭഗവാനും ഭക്തനും ഇടയിൽ കാല ദേശങ്ങൾക്ക് സ്ഥാനമില്ല എന്ന പരമാർത്ഥ സത്യം കാണിക്കുന്ന ഈ കഥ നാരായണീയ സപ്താഹത്തിൽ വച്ച് കേട്ടതാണ് . എല്ലാം മറന്ന് ആനന്ദത്തോടെ കഥകേൾക്കാൻ എല്ലാവരും തയ്യാറായോ? ഭക്തന്മാരുടെ കഥ കേൾക്കുന്ന നിമിഷം നമ്മൾ ആ ഭക്തനായി മാറണം. അതാണ് ഏറ്റവും ശ്രേഷ്ഠം. അപ്പോഴേ നമുക്കും കൃഷ്ണാനുഭവം ഉണ്ടാകുകയുള്ളൂ . അങ്ങിനെയുള്ള ധന്യ നിമിഷങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ കഥ പകർന്നു തരുന്നു.

കേവലം  നൂറ്റമ്പത്  വർഷങ്ങൾക്കു  മുൻപ് നടന്ന  ഒരു സംഭവമാണ്  ട്ടോ. ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു  വളരെ  ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ  കാണണം എന്ന അതിയായ  ആഗ്രഹം  ഉണ്ടായി . എന്നാൽ ജീവിത  പ്രാരാബ്ദങ്ങൾ  കൊണ്ട് അദ്ദേഹത്തിന്  പോകാൻ  കഴിഞ്ഞില്ല . ഓരോ ദിനം കഴിയും തോറും ആഗ്രഹം  കൂടിക്കൂടി  വന്നു. അദ്ദേഹം കണ്ണനോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും . 

നമ്മളും  അങ്ങിനെ വേണം . കണ്ണനോട് സംസാരിക്കണം . ആ സംസാരത്തിന്റെ  രസം  അറിഞ്ഞാൽ  മറ്റുള്ള  അനാവശ്യ  സംസാരങ്ങളിൽ  രസം  തോന്നില്യ . അതിന്റെ  നിസ്സാരത  ബോധ്യപ്പെടും . ഭഗവാനേ ഉള്ളൂ  നാം  അടക്കം  മറ്റൊന്നും  ഇല്ല എന്ന സത്യം നമുക്ക്  ബോധ്യപ്പെടും . 

കണ്ണനോട് ആ ഭക്തൻ പറയും 

 "കൃഷ്ണാ ! എത്ര കാലമായി  ഞാൻ കൊതിക്കുന്നു ബദരിയിൽ വന്ന് അവിടുത്തെ തിരുമുഖം കാണാൻ.  എന്നിട്ടും  എന്താണ്  നീ എന്നെ കൂട്ടിക്കൊണ്ടു  പോകാത്തത്? ഇനി ഈ ജന്മം അതിനുള്ള ഭാഗ്യം എനിക്കില്ല എന്നാണോ കൃഷ്ണാ ! " 

ബദരീ ദർശനത്തിനു പോയി വരുന്നവരുടെ അടുത്ത് പോയി അവിടുത്തെ വിശേഷങ്ങളെല്ലാം കൊതിയോടെ ആനന്ദക്കണ്ണുനീരോടെ കേൾക്കും. പിന്നീടു അതെല്ലാം കൃഷ്ണനോട് പറയും . എന്നീട്ടു ചോദിക്കും "നമ്മളെന്നാ കണ്ണാ പോകുന്നത്?"

ഇങ്ങിനെ  കാലം കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന്‌ ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര. 

അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത്‌ മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .
ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല . 

അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ്‌ സഹതാപത്തോടെ ആ പൂജാരി പോയി.

പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ്‌ തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .

എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ  കാൽ  തടവിക്കൊടുത്തുകൊണ്ട്   കാൽക്കൽ ഇരുന്ന്‌ വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ്‌ ആ ബാലൻ പറഞ്ഞു .

"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്‌. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക്‌ വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "

ഇത് കേട്ട ആ ഭക്തൻ  പറഞ്ഞു. 

"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.

ആ ബാലന്റെ കണ്ണുകൾ  വികസിച്ചു . 

"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"

"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച്‌  ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"

"സ്വാമി  ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ "

അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ്‌ അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ  അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു 

"അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."

പൂജാരി അത്ഭുതത്തോടെ ചോദിച്ചു 

"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"

"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"

വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും  ഭക്ഷണം തന്നു സൽക്കരിച്ചതും  പുലരും  വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന്  രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു. 

*സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?*

കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.  
ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിപ്പോൾ കേൾക്കാൻ ആളില്യാച്ചാലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും 

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates