Thursday, February 16, 2017

വെള്ളായണി ദേവീ ക്ഷേത്രം

*


🌹തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ പഞ്ചായത്തിലാണ് നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള വെള്ളായണി ദേവീക്ഷേത്രം. കേരളത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ക്ഷേത്രത്തില്‍ നിന്നും കുറച്ച് അകലെ വെള്ളായണിക്കായല്‍. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില്‍  കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് തോന്നി.

കള്ളനെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അതുപോലൊരു തവളയെ മുന്‍പൊരിക്കലും അയാള്‍ കണ്ടിരുന്നില്ല. വിചിത്രമായ തവളയെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ കൈയ്യിലിരുന്ന തേര്‍കൊണ്ടാരു ഏറുകൊടുത്തു.

കാലില്‍ ഏറുകൊണ്ട തവള കായലില്‍ ചാടി രക്ഷപ്പെട്ടു. തവളയില്‍ അസാധാരണശക്തി വൈഭവമാണ് അയാള്‍ ദര്‍ശിച്ചത്. ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.  വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിക്കുകയുണ്ടായി.

പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി. വടക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്ക്ക് ദീപാരാധന നടക്കും. എന്നാല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടതുറന്ന് ഒന്നരയ്ക്ക് മധു പൂജയുണ്ട്. ഇവിടുത്തെ ഭഗവതിയുടെ പ്രസാദത്തിന് ചാര്‍ത്തുപൊടി എന്നാണ് പറയുക. മാടനാണ് ഉപദേവന്‍.

വെള്ളായണിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് പ്രസിദ്ധം. കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. മേടം ഒന്നാം തീയതിക്കാണ് നിറപറ. ദാരികനെ അനേ്വഷിച്ചുള്ള യാത്രയെ ഇത് സൂചിപ്പിക്കുന്നു. നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്തു ദേവി വിശ്രമിക്കും. ദാരികനെ കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക. ഒരുവെളിപാട് പോലെ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്ക് ഇരുന്ന് അനേ്വഷിക്കാമെന്ന് തീരുമാനിക്കുന്നു. അങ്ങനെയാണു പണറു കെട്ടുന്നത്. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണു കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും.

പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. ഒരു ചെറിയ പണറ് വേറെയും കെട്ടും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഭദ്രകാളിയും ദാരികനും മേടം പത്തിന് ഏറ്റുമുട്ടും. ദാരികന്റെ തലയറുത്തെടുത്തശേഷം ക്ഷേത്രപരിസരത്തുള്ള ചെമ്പരത്തിപ്ലാവിന്റെ ചുവട്ടില്‍ ദേവി വിശ്രമിക്കും.  പിന്നെ ആറാട്ടു നടക്കും.

ആറാട്ടിനോടനുബന്ധിച്ച് വെള്ളായണികായലില്‍ ഇറങ്ങി ആരും കുളിക്കാറില്ല. അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയായിരിക്കും അമ്മയ്ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates