Wednesday, August 16, 2017

സന്ധ്യാ വന്ദനം

*സന്ധ്യാ വന്ദനം*

ദീപോജ്യോതി പരബ്രഹ്മ 
ദീപോ ജ്യോതി ജനാര്‍ദ്ദന 
ദീപോ ഹരതു മല്‍പ്പാപം 
സന്ധ്യാ ദീപം നമോസ്തുതേ 

*ശ്രീരാമ സന്ധ്യാനാമം*

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം

രാക്ഷസാന്തകാ മുകുന്ദ 
രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര 
ശുഭാവതാര പാഹിമാം (രാമ.....)

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു 
കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി 
കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)

രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ.....)

ശംഖചക്രമെന്നുതൊട്ട 
ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)

ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ.....)

ലക്ഷ്മിതന്‍റെയംശമായ 
സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ 
തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസന്മാരെ നിഗ്രഹിച്ചു, 
നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .

കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, 
ഭിക്ഷുവായ് വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)

കാന്തയെത്തിരഞ്ഞു 
സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെ
ത്തിരഞ്ഞ രാമ പാഹിമാം (രാമ......)

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, 
ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)

കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)

ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ.....)

തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)

ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)

ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണിയായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)

രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ.....)

പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)

ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)

ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ -
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)

ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)

രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ......)

രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)

സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)

പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)

രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......)

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates