Thursday, August 17, 2017

തീറ്റ പ്രിയനായ കൃഷ്ണൻ എവിടെയാണെന്നറിയുമോ ?

തീറ്റ പ്രിയനായ കൃഷ്ണൻ
എവിടെയാണെന്നറിയുമോ ?

തിരുവാർപ്പിൽ ഉഷ  എന്താണെന്നറിയുമോ?

ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ?

കോട്ടയം നഗരത്തിൽ  നിന്നും  8 - കിലോമീറ്റർ  അകലെ തിരുവാർപ്പിൽ  മീനച്ചിലാറിൻറെ  തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയിൽ  ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500 - വർഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ  വാണരുളുന്ന ചതുർഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയിൽ  (വാർപ്പിൽ ) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും, അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനും തിരുവാർപ്പ്  എന്ന പേര് വീണത്.

പാണ്ഡവർക്ക്  വനവാസകാലത്ത് ആരാധിക്കുന്നതിനായി ഭഗവാൻ  ശ്രീകൃഷ്ണൻ  തന്നെ സമ്മാനിച്ചതാണ് ഈ വിഗ്രഹം എന്നാണ് വിശ്വാസം. വനവാസത്തിനൊടുവിൽ  അജ്ഞാതവാസത്തിനായി തിരിക്കുന്നതിനു മുമ്പ് ഇന്നത്തെ ചേർത്തല പ്രദേശത്ത് അധിവസിച്ചിരുന്ന ആളുകൾ  ഈ വിഗ്രഹം പാണ്ഡവരോട് ആവശ്യപ്പെടുകയും, വിഗ്രഹം ലഭിക്കുകയും ചെയ്തു. പക്ഷേ, കുറച്ചുകാലത്തിനു ശേഷം പട്ടിണിയും പരിവട്ടവും മൂലം വിഗ്രഹത്തെ യഥാവിധി ആരാധിക്കാൻ  സാധിക്കാതെ വന്ന ജനങ്ങൾ  അത് സമുദ്രത്തിൽ ഉപേക്ഷിച്ചു.

തുടർന്ന്  കാലങ്ങൾക്കു  ശേഷം ഒരു വള്ളത്തിൽ സമുദ്രയാത്ര ചെയ്യുകയായിരുന്ന വില്വമംഗലത്ത് സ്വാമിയാർക്ക്  (പദ്മപാദ ആചാര്യർ  ആണെന്നും പറയപ്പെടുന്നു) ഈ വിഗ്രഹം ലഭിക്കുകയും അദ്ദേഹം വിഗ്രഹവുമായി ഇന്നത്തെ തിരുവാർപ്പ്  പ്രദേശത്ത് എത്തുകയും ചെയ്തു. ഭയങ്കരമായ കാറ്റും കോളും കാരണം തൻറെ  തുടർന്നുള്ള   യാത്ര സാധിക്കാതെ വന്ന സ്വാമിയാർ  വിഗ്രഹം അവിടെക്കണ്ട ഒരു ഉരുളിക്കുള്ളിൽ സൂക്ഷിക്കുകയും ഒരുവിധത്തിൽ യാത്ര തുടരുകയും ചെയ്തു. പിന്നീട് തിരികെവന്ന് ഉരുളിയിൽ വച്ചിരുന്ന വിഗ്രഹം വീണ്ടെടുക്കാൻ  ശ്രമിച്ചപ്പോൾ  അത് ഉരുളിയിൽ ഉറച്ചുപോയതായാണ് സ്വാമിയാർ  കണ്ടത്. കുന്നൻ കാരി മേനോൻ  എന്നൊരാളുടെ ഭൂമിയും ഉരുളിയും ആയിരുന്നു അത്. വിവരമറിഞ്ഞ മേനോൻ  തൻറെ  സ്ഥലവും ഉരുളിയും അമ്പല നിർമ്മാണത്തിനായി വിട്ടുനൾകുകയും മടപ്പറമ്പ് സ്വാമിയാർ  എന്ന ഋഷിവര്യൻറെ  സഹായത്തോടെ അമ്പലം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.
എല്ലാ ദിവസവും രാവിലെ  2 - മണിക്ക് തിരുവാർപ്പിൽ  നടതുറക്കും. 3-മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിൻറെ  നിവേദ്യവും ഭഗവാന് സമർപ്പിക്കും. തിരുവാർപ്പിൽ  വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാൻ  കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തേ നട തുറക്കുന്നത്.

ഇത്രയേറെ കൃത്യനിഷ്ഠ  പുലർത്തേണ്ട ആചാരങ്ങളുള്ള മറ്റൊരു ക്ഷേത്രം ഉണ്ടോ എന്ന് സംശയിച്ചു പോകും ..!  ഒട്ടേറെ പ്രത്യേകതകൾ  ഇവിടുത്തെ ആചാര പദ്ധതികൾക്കുണ്ട് .!  വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം .!  പണ്ട് ഇവിടുത്തെ പൂജാരിയെ ,സ്ഥാനം ഏല്പ്പിക്കുമ്പോൾ  കയ്യിൽ  ശ്രീകോവിലിൻറെ  താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ ..! ഇനി അബദ്ധവശാൽ  താക്കോൽ  കൊണ്ട് നടതുറക്കാന് കഴിയാതെ വന്നാൽ  വാതിൽ  വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത് ..!!  അത്രയ്ക്കും സമയം കൃത്യമാകണം ..! നട തുറന്നാൽ  ആദ്യം അഭിഷേകം നടത്തി ഉടൻ  നിവേദ്യം നടത്തുകയും വേണം ..!

തിരുവാർപ്പിൽ ഉഷ

തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആദ്യം നടത്തുന്ന നിവേദ്യം അമ്പലപ്പുഴ പാല്പ്പായസം പോലെ പ്രസിദ്ധമാണ് ..! ഉഷപ്പായാസം എന്ന് പറയുമെങ്കിലും "തിരുവാർപ്പിൽ  ഉഷ " എന്ന അപര നാമമാണ് ഏറെ പ്രസിദ്ധം ..! അഞ്ചുനാഴിഅരി ,അമ്പതുപലം ശർക്കര ,അഞ്ചുതുടം നെയ്യ് ,അഞ്ചു കദളിപ്പഴം ,അഞ്ചു നാളികേരം ,എന്നിവ ചേർത്താണ് ഉഷപ്പായസം ഉണ്ടാക്കുന്നത് ..!! ഒരു മാസം വരെ ഈ പായസം കേടു കൂടാതെ ഇരിക്കുമത്രേ..!! അഭിഷേകം കഴിഞ്ഞാൽ  വിഗ്രഹത്തിൻറെ  മുടി മാത്രം തോർത്തിയാൽ  ഉടൻ  ഈ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ ..! അല്ലങ്കിൽ  വിശപ്പുമൂലം ഭഗവാൻറെ  കിങ്ങിണി ഊരിപ്പോകും എന്ന് കരുതുന്നു ..!! ഒരു ദിവസം ഏഴുനേരം നിവേദ്യം ഇവിടെയുണ്ട് ..!! കൂടാതെ ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രം തിരുവാർപ്പാണ്..! പിന്നെയുമുണ്ട് പറയാൻ  അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെ ..!! ഇവിടുത്തെ കൃഷ്ണന് രാവിലെ ഉഷപ്പായാസം കഴിച്ച ശേഷം ..അവിടെനിന്നും ഉച്ചക്ക്  മുങ്ങും ....അമ്പലപ്പുഴക്ക്  ....!! അവിടെ പാല്പ്പായസം വിളമ്പുന്ന സമയം അത് കഴിച്ചു മടങ്ങും ..!! വൈകിട്ട് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിൽ  പോയി അത്താഴവും കഴിക്കും ..!! കൂടാതെ അടയും , അവിൽ  നനച്ചതും , ഉണ്ണിയപ്പവും .. എന്ന് വേണ്ട  ...എൻറെ  ദൈവമേ ഇങ്ങനെ ഒരു തീറ്റപ്രിയൻ.

ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ...

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates