Wednesday, September 27, 2017

എന്താണ് ഭഗവതിസേവ ?

                        എന്താണ് ഭഗവതിസേവ ?

സായം സന്ധ്യക്ക്  ശേഷം ഹിന്ദു ഭവനങ്ങളിലോ, ക്ഷേത്രങ്ങളിലോ, ഐശ്വര്യ ലബ്ധിക്കായിനടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ.

ഹിന്ദു ഭവനങ്ങളിൽ വിഘ്ന നിവാരണത്തിനായി രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവതിസേവയും നടത്തുന്നത് സർവ്വസാധാരണമാണ്.
പ്രത്യെകിച്ച് വീടിൻറെ  പാലുകാച്ചൽ ചടങ്ങിനോട് അനുബന്ധിച്ച് അന്നേ ദിവസം മിക്കവരും ഇത് നടത്തിവരുന്നു. വൈകിട്ട് നടത്തുന്ന ഭഗവതിസേവയിൽ ദുർഗ്ഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തശേഷം, ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തെ "പത്മം" എന്നുവിളിക്കുന്നു. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, വേദാന്തർഗതമായ ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ 11-ആം അദ്ധ്യായം എന്നിങ്ങനെയുള്ള  മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. ഒപ്പം പഞ്ചൊപചാരപൂജ ചെയ്ത് നിവേദ്യവും വയ്ക്കണം.

(ചന്ദനം, തീർത്ഥം, പുഷ്പ്പം, ഗന്ധം (ചന്ദനത്തിരി) ദീപം എന്നിവയുടെ കൃത്യമായ സമർപ്പണമാണ് പഞ്ചോപചാരപൂജ.)
ഇങ്ങനെ ഭഗവതിസേവ ലളിതമായും, വിപുലമായും നടത്താറുണ്ട്.
വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ (രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും)  എന്ന് പറയുന്നു.  ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്.

ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കുന്നു.

നിവേദ്യം ഈ മൂന്ന് നേരവും വ്യത്യസ്തമാണ്.

രാവിലെ മഞ്ഞപൊങ്കലും, ഉച്ചയ്ക്ക് പാൽപ്പായസവും, വൈകീട്ട് കടുംപായസവുമാണ് നിവേദ്യങ്ങൾ.

താമരപ്പൂവ് നിർബന്ധമാണ്. തെറ്റി (തെച്ചി ) മുതലായ ചുവന്ന പുഷ്പ്പങ്ങളാണ് മറ്റു പൂക്കളായി വേണ്ടത്. എത്രയും കൂടുതൽ പൂവ് ഉണ്ടോ അത്രയും നല്ലത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശാന്തിദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവും ഉണ്ട്.

മംഗല്യസിദ്ധിക്കായി സ്വയംവരമന്ത്രവും,
സർവ്വകാര്യവിജയത്തിനായി ജയദുർഗ്ഗാമന്ത്രവും, ഭയത്തിൽ നിന്നുള്ള മോചനത്തിനായി വനദുർഗ്ഗാമന്ത്രവും, വശ്യത്തിനായി ആശ്വാരൂഡമന്ത്രവും, ബാധാപ്രവേശ ശമനത്തിനായി ആഗ്നേയതൃഷ്ട്ടുപ്പും ഒക്കെ ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

സാധാരണയായി വൈകിട്ട് ഒരു നേരം മാത്രം കടുംപായസം നേദിച്ച് ലളിതമായ പൂജയാണ് നടത്താറുള്ളത്. ദോഷങ്ങളുടെ കാഠിന്യം അനുസരിച്ച് 3/7/12 തുടങ്ങിയ ദിവസങ്ങളിൽ  അടുപ്പിച്ചു നടത്തുന്നതും പതിവാണ്.
മാസംതോറും അവരവരുടെ ജന്മ നക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ നല്ലതാണെന്ന് കരുതപ്പെടുന്നു.

പൗർണമിദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവീ പ്രീതിക്ക് ഏറ്റവും ശ്രേഷ്ട്ടമാണ്. മന്ത്രസിദ്ധിയുള്ള ഒരു പുരോഹിതനെ കൊണ്ട് ഈ പൂജ ഗൃഹത്തിൽ ചെയ്യിക്കുന്നതാണ് ഏറെ പ്രധാനമായ സംഗതി.
ഇനിയിപ്പോ എല്ലാവർക്കും ഇതൊന്നും ചെയ്യാൻസാധിച്ചില്ലെങ്കിലും മനസ് വിഷമിപ്പിക്കേണ്ട കാര്യമില്ല. മുടങ്ങാതെ പതിവായി ലളിതാസഹസ്രനാമം ജപിച്ചാൽ മതി.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates