Thursday, September 21, 2017

ശ്രീ മുത്തപ്പൻ ദൈവം


ഒരു പേരില്‍ രണ്ടുമൂര്‍ത്തികള്‍. അതാണ് മുത്തപ്പന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സ്യാവതാര രൂപമണിഞ്ഞ വൈഷ്ണവാംശമൂര്‍ത്തിയായ തിരുവപ്പനെന്ന മുത്തപ്പനും ശിരസ്സില്‍ ചന്ദ്രക്കലചൂടിയ ശ്രീ മഹാദേവന്‍ വെള്ളാട്ടമുത്തപ്പനെന്ന മുത്തപ്പനും. രണ്ടു മൂര്‍ത്തികളെയും ഒരുമിച്ചു പറയുന്ന പേരാണ് മുത്തപ്പന്‍.
മക്കളില്ലാതിരുന്ന ഏരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്തെ വാഴുന്നോര്‍ക്കും പാടികുറ്റി അമ്മയ്ക്കും പ്രാര്‍ത്ഥനയുടെ ഫലമായി, ശിവപ്രസാദമായി, കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ വച്ച് ദിവ്യത്വം തുളുമ്പുന്ന മുഖമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നു. അവന്‍ അയ്യങ്കര ഇല്ലത്ത് വളര്‍ന്നു. ചെറുപ്പത്തിലെ തന്നെ കുട്ടി കാട്ടില്‍ പോയി വേട്ടയാടുകയും ഇറച്ചി ഭക്ഷിക്കുകയും കാട്ടുനിവാസികളായ ജനങ്ങളുമായി കൂട്ടുകൂടി നടക്കുകയും ചെയ്തു. ഇതറിഞ്ഞ വാഴുന്നോര്‍ പുത്രനെ ശാസിച്ചുവെങ്കിലും ഫലമുണ്ടായില്ല. സ്വന്തമിഷ്ടപ്രകാരം വീടുവിട്ടിറങ്ങാന്‍ തുനിഞ്ഞ പുത്രനെ വാഴുന്നോരും പാടിക്കുറ്റിയമ്മയും തടഞ്ഞു. അച്ഛനുമമ്മയ്ക്കും മത്സ്യാവതാരരൂപമുള്ള തന്റെ വിശ്വരൂപം കാണിച്ചു കൊടുത്തു അവന്‍. മകന്റെ കണ്ണുകളിലെ അഗ്നി കണ്ട പാടികുറ്റിയമ്മ അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും അതിനാല്‍ പൊയ്ക്കണ്ണ്‍ ധരിക്കണമെന്നും പറഞ്ഞു. അമ്മയുടെ ആജ്ഞ ശിരസ്സാവഹിച്ച ഭഗവാന്‍ അവതാരോദ്ദേശ്യം വ്യക്തമാക്കിയ ശേഷം അവിടെ നിന്നും പുറപ്പെട്ടു.
കുന്നത്തൂര്‍ മലയില്‍ എത്തിയ ദേവനെ അവിടെമാകെ അലയടിച്ചെത്തിയ പനംകള്ളിന്റെ ഗന്ധം വല്ലാതെ ആകര്‍ഷിച്ചു. ദേവന്‍ സ്വയം പനയിലേക്ക് കയറി വേണ്ടുവോളം പനംകള്ള് കുടിച്ചു. കള്ളിന്റെ രുചിയില്‍ ആകൃഷ്ടനായി അതൊരു ശീലവുമാക്കി. കള്ളെടുക്കാന്‍ വരുന്ന ചന്തന്‍ എന്ന തീയ്യ യുവാവ് തന്റെ പനയില്‍ നിന്നും സ്ഥിരമായി കള്ള് മോഷണം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി. അയാള്‍ കള്ള് മോഷ്ടിക്കുന്ന ആളെ പിടിക്കാന്‍ തന്റെ ആയുധമായ അമ്പും വില്ലും കൊണ്ട് അടുത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നു. പനയുടെ മുകളില്‍ കയറി കള്ളെടുത്തു കുടിക്കുന്ന രൂപത്തെകണ്ട് ആദ്യമൊന്നു ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച് അയാള്‍ ആ രൂപത്തെ ലക്ഷ്യമാക്കി അമ്പെയ്തു. ലക്ഷ്യം തെറ്റിയത് പനയില്‍ തറച്ചു. തന്റെ നേരെ അമ്പെയ്ത ചന്തനെക്കണ്ട് കോപിഷ്ഠനായ ദേവന്‍ ചന്തനെ ശപിച്ചു കല്ലാക്കി മാറ്റി. നേരം ഇരുട്ടിയിട്ടും ഭര്‍ത്താവിനെ കാണാതെ വിഷമിച്ച് വന്ന ചന്തന്റെ ഭാര്യ പനംചുവട്ടില്‍ കല്ലായി മാറിയ തന്റെ ഭര്‍ത്താവിനെ കണ്ടു നിലവിളിച്ചു കരഞ്ഞു. പനയുടെ മുകളില്‍ ഒരു ദിവ്യരൂപം കള്ള് കുടിക്കുന്നത് കണ്ട ചന്തന്റെ സഹധര്‍മ്മിണി “എന്റെ മുത്തപ്പായെന്നു” (ബഹുമാനത്തോടു കൂടി വിളിക്കുന്ന വാക്ക്, ചന്തന്റെ ഭാര്യയാണ് മുത്തപ്പനെ ആദ്യമായി അങ്ങനെ വിളിച്ചത് എന്ന് പറയപ്പെടുന്നു.) വിളിച്ചു കരഞ്ഞു. ഭഗവാനെ പ്രീതിപ്പെടുത്താന്‍ അവരുടെ കയ്യില്‍ ആകെ ഉണ്ടായിരുന്ന കടലയും പയറും വേവിച്ചു മത്സ്യവും ചുട്ട് ഒരു കുടം കള്ളും വച്ചുകൊടുത്തു. അതാണത്രേ ആദ്യ പൈങ്കുറ്റി (മുത്തപ്പന്റെ പ്രധാന നൈവേദ്യത്തിനു പറയുന്ന പേരാണ് ഇത് ). സംപ്രീതനായ മുത്തപ്പന്‍ ചന്തനെ പഴയരൂപത്തിലാക്കി.
അവിടെ നിന്നും യാത്ര തിരിച്ച ദേവന്‍ പുരളിമലയിലും കുന്നത്തൂര്‍ മലയിലുമായി വേട്ടയാടി നടന്നു.
പുരളി മലയില്‍ വച്ചു ശൈവാംശ മുത്തപ്പനെ കണ്ടു മുട്ടി. കാലങ്ങളോളം അവര്‍ യുദ്ധം ചെയ്തു. ജയവും തോല്‍വിയും ആര്‍ക്കെന്ന് നിര്‍ണ്ണയിക്കാന്‍ പറ്റാതെയായി. രണ്ടുപേരും ഒന്നാവേണ്ടവര്‍ ആണെന്ന തിരിച്ചറിവില്‍ ഒന്ന് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനമായി. അതിന്‍ പ്രകാരം തങ്ങള്‍ക്ക് യോഗ്യമായ ഇരിപ്പിടം വേണമെന്ന തോന്നലില്‍ കുന്നത്തൂര്‍ മലയില്‍ നിന്നും ലക്ഷ്യമില്ലാതെ ഒരു അമ്പ് അയയ്ക്കുകയും ആ അമ്പ് മത്സ്യ സമ്പത്ത് ഏറെയുള്ള വളപട്ടണം പുഴയ്ക്കരികില്‍ പറചീനി കാടുകള്‍ നിറഞ്ഞു നിന്ന സ്ഥലത്തുള്ള മരത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തു. അവിടെയാണ് ഇന്ന് കാണുന്ന പറശ്ശിനി മടപ്പുര പണിഞ്ഞിട്ടുള്ളത്. പറചീനി എന്ന പേര് ലോപിച്ചാണ് പറശ്ശിനി ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് അവിടെ ചെന്നു തറയ്ക്കപെട്ടു എന്ന് പറയപ്പെടുന്ന അമ്പ് ഇന്നും ശ്രീകോവിലിനുള്ളില്‍ കാണാം.
ഒരു കണ്ണൂരുകാരനും തന്റെ നാടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറശ്ശിനിക്കടവിനെ ഉള്‍പെടുത്താതെ സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം മുത്തപ്പന്‍ അവരെ,അവരുടെ ജീവിതത്തെ അത്രെയേറെ സ്വാധീനിക്കുന്നുണ്ട്. ജാതി മത വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന പറശ്ശിനി മടപ്പുര അതിന്റെ ആഥിത്യമര്യാദയിലും മറ്റേതു ആരാധനാലയങ്ങളെക്കാള്‍ ഒരുപടി മുന്നിലാണെന്നു പറയാതെ വയ്യ. രാവിലെയും വൈകുന്നേരവും ചായയും പയര്‍ പുഴുങ്ങിയതും (ഇത് മുഴുവന്‍ നേരവും കിട്ടും ) ഉച്ചയ്ക്കും രാത്രിയിലും ചോറും അടങ്ങുന്ന പ്രസാദം അത് പറശ്ശിനിയുടെയും മുത്തപ്പന്റെയും മാത്രം പ്രത്യേകതയാണ്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates